പ്രിയ സൗഹൃദങ്ങളേ,
1985- ൽ നിർമ്മിച്ച ‘ നിറക്കൂട്ട് ‘ എന്ന പടത്തിലെ ‘പൂമാനമേ ഒരു രാഗമേഘം താ..’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത്. പൂവച്ചൽഖാദറിന്റെ വരികൾക്ക് സംഗീതം കൊടുത്തത് ശ്യാം. ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയത് ചിത്ര.
ആകാശത്തിൽ അഴകായ് ഒഴുകുന്ന പൂമാനത്തിനോട് രാഗമേഘത്തിന്റെ ഒരു ചിന്ത് ഇങ്ങ് തരുമോ എന്ന് ആർദ്രമായി കവി ചോദിക്കുന്നു. എത്ര മനോഹരമായാണ് ആ വരികൾ ചേർത്ത് വെച്ചിരിക്കുന്നത്..!
കരളിലെഴും ഒരു മൗനം കസവണിയും ലയമാനം……ഹൊ!
പൂമാനത്തിനേക്കാൾ ചാരുതയേറിയ സാഹിത്യഭംഗിയുണ്ട് വരികൾക്ക്. ആഭേരി രാഗത്തിന്റെ ആർദ്രതയും ആവേശവും ഉൾക്കൊണ്ട് ചിത്ര പാടിയപ്പോൾ ഏറ്റുപാടിയത് ആയിരം പെൺ മനസ്സുകൾ..!
ആ പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലും ഒരു പൂമാനം വിരിയുകയായി.
പതുങ്ങി വരുന്ന മധുമാസം മണം ചൊരിഞ്ഞ് നിറങ്ങൾ പെയ്തിറങ്ങുന്ന വരികളുടെ ചന്തം നമുക്ക് വായിച്ചറിയാം.
പൂമാനമേ ഒരു രാഗമേഘം താ
കനവായ് കണമായ് ഉണരാൻ
ഒഴുകാനഴകിയലും പൂമാനമേ.
ഒരു രാഗമേഘം താ…
കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങൾ ചാർത്തുമ്പോൾ… ആ…
വീണയായ് മണി വീണയായ്
വീചിയായ് കുളിർവാഹിയായ്
മനമൊരു ശ്രുതിയിഴയായ്..
പൂമാനമേ..
പതുങ്ങിവരും മധുമാസം
മണമരുളും മലർമാസം
നിറങ്ങൾ പെയ്യുമ്പോൾ..
ലോലമായ് അതിലോലമായ്
ശാന്തമായ് സുഖസാന്ദ്രമായ്
അനുപദ മണിമയമായ്…
പൂമാനമേ..
മനോഹരമായ ഈ വരികളുടെ സംഗീതം കൂടി നമുക്ക് കേൾക്കണമല്ലോ.
പൂമാനം പോലെ ചേലുള്ള ഗാനം എത്ര കേട്ടാലും കൊതി തീരില്ല. നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
സ്നേഹപൂർവ്വം,