Logo Below Image
Monday, March 31, 2025
Logo Below Image
Homeനാട്ടുവാർത്തകോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു

കോന്നി ചിറ്റൂർക്കടവ്‌ പാലം നിർമ്മാണ പ്രവർത്തി ടെണ്ടർ ചെയ്തു

കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന്‌ 12 കോടി രൂപയുടെ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ചെയ്തതായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.ഫെബ്രുവരി 3 വരെയാണ് എ ക്ലാസ് കരാറുകാർക്ക് അപേക്ഷ നൽകാൻ കഴിയുന്ന അവസാന തീയതി. ഫെബ്രുവരി 5 നു ടെണ്ടർ ഓപ്പൺ ചെയ്യും.

നിലവിൽ പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുവാൻ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനായിട്ടുള്ള അതിർത്തി കല്ലുകൾ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

അച്ചൻകോവിൽ ആറിന്‌ കുറുകെയാണ്‌ പുതിയ പാലം നിർമ്മിക്കുന്നത്‌. ഇത്‌ കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, തണ്ണിത്തോട്‌, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും.

ചിറ്റൂർ മുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതോടെ വളരെ വർഷങ്ങളായുള്ള കോന്നിയുടെ സ്വപ്നം യാഥാർത്യമാവുകയാണ്. ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ,വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതിന് പാലം യാഥാർത്ഥ്യമാകുന്നതു വഴി സാധ്യമാകും.മൂവാറ്റുപുഴ -പുനലൂർ ദേശീയ പാതയെയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും ചിറ്റൂർകടവിലെ പുതിയ പാലം.

ചിറ്റൂർ ഹരിചന്ദ്രൻ നായർ (സി.കെ.ഹരിചന്ദ്രൻ നായർ) എംഎൽഎയായിരുന്നപ്പോൾ കോന്നി സഞ്ചയത്ത് കടവിൽ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനു 1962 ൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.തുടർന്ന് കോന്നി മണ്ഡലമായി മാറുകയും സഞ്ചായത്ത് കടവിൽ 1976 ൽ പുതിയ പാലം നിർമ്മിക്കുകയും ചെയ്തത്. വളരെക്കാലം മുന്നേ തന്നെ ചിറ്റൂർകടവിൽ പാലം നിർമ്മിക്കണമെന്നത് അന്നത്തെ കോന്നി ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലം എംഎൽഎ ചിറ്റൂർ ഹരി ചന്ദ്രൻ നായരുടെയും അട്ടച്ചാക്കലുൾപ്പെടെയുള്ള ഇരു കരകളിലയും ജനങ്ങളുടെ ആഗ്രഹമായിരുന്നു.

സമീപഭാവിയിൽ അച്ചൻകോവിലാറ്റിൽ രണ്ടു വലിയ പാലങ്ങൾ ഒരുമിച്ച് ഉയരുന്നത് കോന്നിയുടെ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ഐരവൺ- അരുവാപ്പുലം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ നിർമ്മാണം അതിവേഗത്തിൽ മുന്നോട്ടു പോവുകയാണ്. പാലത്തിന്റെ എല്ലാ തൂണുകളുടെയും നിർമ്മാണം പൂർത്തിയാവുകയും കരയിലെ സ്ലാബുകളുടെ വാർക്ക ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇരു പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കോന്നി നഗരത്തിന്റെ ഒരു ഭാഗം അട്ടചാക്കൽ-പയ്യനാമൺ- മെഡിക്കൽ കോളേജ്- അരുവാപ്പുലം – കുമ്മണ്ണൂർ- ഐരവൺ പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു വലിയ പട്ടണമായി വളരും.

റിവർ മാനേജ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് മുൻപ് ചെറിയ പാലം നിർമ്മാണം തുടങ്ങിയെങ്കിലും പാലം പണിയിൽ യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പ്രവർത്തി നൽകിയത്. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമ്മാണം കൈമാറാതെ ജില്ലാ നിർമ്മിതി കേന്ദ്രത്തിന് കരാർ നല്കിയതിന് കാരണം പണം ഇല്ലാതിരുന്നതാണ്.

പ്രവർത്തി ഏറ്റെടുത്തു ചിറ്റൂർ കടവിൽ ചെറിയ പാലത്തിനായി തൂണുകൾ സ്ഥാപിച്ചെങ്കിലും, കരാറുകാരണ് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി.പിന്നീട് നിർമാണം നിലച്ചു പോവുകയും ചെയ്തു.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആയപ്പോൾ പാലം പണിയുന്നതിന് ഒരു കോടി രൂപ അനുവദിച്ചുവെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ല എന്ന് വിദഗ്ദ പഠനം നടത്തിയ തിരുവനന്തപുരം സഹകരണ എഞ്ചിനീയറിംഗ് കോളേജ് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.കഴിഞ്ഞ യുഡിഫ് സർക്കാർ കാലത്ത് റിവർ മാനേജ് മെന്റ് ഫണ്ട്‌ ഉപയോഗിച്ച് സംസ്ഥാനത് 9 പാലങ്ങൾ പണിയാൻ തീരുമാനം എടുത്തത് ആവശ്യത്തിന് തുക വകയിരുത്താതെയായിരുന്നു.

സാധാരണയായി പാലം പണികൾക്ക് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി നടപ്പിലാക്കുന്നത്.എന്നാൽ ഈ പദ്ധതിക്കായി തുക പോലും അനുവദിക്കാതെയാണ് പ്രവർത്തി ഏറ്റടുത്ത ‘സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി നിർമാണം ആരംഭിച്ചു പാതി വഴിയിൽ പണി അവസാനിപ്പിക്കുകയും തുക ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യമാണ് ഉണ്ടായത്. പ്രവർത്തിയുടെ നോഡൽ ഏജൻസി ആയ നിർമിതി കേന്ദ്രയ്ക്ക് പാലത്തിന്റെ ഡെക്ക് സ്ലാബ് ഡിസൈൻ പരിശോധിക്കുന്നതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്യമില്ല എന്ന് മന്ത്രിതല മീറ്റിംഗിൽ കണ്ടെത്തുകയും പൊതുമരാമത്ത് പാലം വിഭാഗത്തെ ചുമതലപ്പെടുത്തി പാലത്തിന്റെ നിർമാണ പ്രവൃത്തി പുന ആരംഭിക്കുന്നതിന് പരിശോധന നടത്താൻ ചുമതലപ്പെടുത്തിയെങ്കിലും ബലക്ഷയം ശ്രദ്ധയിൽ പെടുത്തി പൊതുമരാമത്ത് പാലം വിഭാഗം റിപ്പോർട്ട്‌ നൽകിയിരുന്നു.

കോന്നിയിലെ പൊതു സമൂഹത്തിന്റെ ദീർഘ നാളായുള്ള ആവശ്യമാണ് ബഡ്ജറ്റിലൂടെ യാഥാർത്ഥ്യമായത്.12 കോടി ചെലവഴിച്ചുള്ള വലിയ പാലമാണ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് പാലം വിഭാഗമാണ് നിർവഹണ ഏജൻസി. എല്ലാ വലിയ വാഹനങ്ങൾക്കും പാലത്തിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന നിലയിലാണ് നിർമ്മാണം നടത്തുന്നത്. നദിയിൽ 5സ്പാനും കരയിൽ 8സ്പാനും ഉൾപ്പെടെ പാലത്തിന് 232.15 മീറ്റർ നീളം ഉണ്ട്

ഇരുവശവും 1.5m നടപ്പാത ഉൾപ്പെടെ പാലത്തിന് മൊത്തം വീതി 11 മീറ്ററാണ്
അപ്രോച്ച് റോഡ് 240 മീറ്ററിലും നിർമ്മിക്കും.
Post tensioned
PSC I Girder integrated with sub structure തരത്തിലുള്ള പാലമാണ് നിർമ്മിക്കുന്നത്.
ടെണ്ടർ നടപടികൾ പൂർത്തിയാക്കി പാലത്തിന്റെ നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments