പത്തനംതിട്ട :- പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജീവപര്യന്തം തടവ്. ഇതിന് പുറമെ 1, 08000 രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. കായംകുളം സ്വദേശിയായ പ്രതിക്കെതിരെ ആറുവകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
2020 സെപ്തംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ പീഡിപ്പിച്ചത്. കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതിയെ നൗഫൽ പീഡിപ്പിച്ചത്.
രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടു പോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
പീഡിപ്പിച്ച ശേഷം പ്രതി നൗഫൽ ആംബുലൻസ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ യുവതി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് തെളിവ് പൊലീസിന് കൈമാറുകയും ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. പ്രതിയുടെ ക്ഷമാപണമാണ് കേസിൽ നിർണായക തെളിവായത്.