കൊച്ചി: ദിവസങ്ങളായി മലയാള സിനിമ സംഘടനകൾക്കിടയിൽ തുടർന്നു പോന്നിരുന്ന തർക്കം അവസാനിക്കുന്നു. ഫിലിം ചേംബര്‍ പ്രസിഡന്റ് ബി ആര്‍ ജേക്കബ് നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചതിനുപിന്നാലെ ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു
സിനിമ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി തരണം ചെയ്യാൻ സമര മാര്‍ഗത്തിലേക്ക് പോകുകയാണെന്നറിയിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ ജി സുരേഷ്കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമർശിച്ചാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജി സുരേഷ് കുമാർ എമ്പുരാന്റെ ബജറ്റിനെക്കുറിച്ച് നടത്തിയ പരാമർശമാണ് തർക്കത്തിന് തുടക്കമിട്ടത്.
റിലീസായി നഷ്ടത്തിലായ സിനിമകളെക്കുറിച്ച് സംസാരിച്ചപ്പോൾ ഇനിയും റിലീസാകാത്ത എമ്പുരാനെക്കുറിച്ച് സംസാരിച്ചത് തന്നെ വേദനിപ്പിച്ചെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ബി ആര്‍ ജേക്കബിനോട് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തന്റെ പോസ്റ്റ് എന്നും ആന്‍റണിപെരുമ്പാവൂർ ജേക്കബിനോട് പറഞ്ഞിരുന്നു.
മാര്‍ച്ച്മാസത്തില്‍ സൂചന പണിമുടക്കുണ്ടാകില്ല. എമ്പുരാൻ സിനിമയോട് പ്രതികാര നടപടിക്ക് ഇല്ലെന്നും ചേംബര്‍ അറിയിച്ചിട്ടുണ്ട്. സിനിമ വ്യവസായം മുന്നോട്ടുപോകാനുളള സാഹചര്യം ഉണ്ടാകണം. അത്തരം കാര്യങ്ങൾ സർക്കാരിനോട് സംസാരിക്കും.
കോവിഡിനുശേഷം സിനിമ മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരാഴ്ചക്കകം തർക്കം പരിഹരിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്. ഇരട്ട നികുതി ചലച്ചിത്ര നിർമാതാക്കൾക്ക് മേൽ ചുമത്തുന്ന ഭാരം വളരെ കൂടുതലാണ്. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചക്ക് ശ്രമം നടത്തും. വിഷയം ചർച്ച ചെയ്യാന്‍ എല്ലാ സംഘടനകളും ഒരുമിച്ച് സർക്കാരിനെ സമീപിക്കുമെന്നും ഫിയോക്ക് അറിയിച്ചു.