ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മെയ് 7ന് ഇന്ത്യൻ സായുധ സേന ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സൈനിക തലവന്മാര്‍ സംയുക്ത വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.
ഇന്ത്യയുടെ പോരാട്ടം തീവ്രവാദികൾക്കും അവരുടെ പിന്തുണയുള്ള ശൃംഖലകൾക്കുമെതിരെ മാത്രമാണെന്നും പാകിസ്ഥാൻ സൈന്യത്തിനെതിരെയല്ലെന്നും എയർമാർഷൽ എ കെ ഭാരതി പറഞ്ഞു
മെയ് 10 ന് അയൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ ‘ഉഭയകക്ഷി ധാരണ’ ചർച്ച ചെയ്യുന്നതിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാർ ഇന്ന് വൈകുന്നേരം 5 മണിക്ക് ചർച്ച നടത്തും.
പഹൽഗാം ഭീകരാക്രമണ സമയത്ത് സൗദിയിലായിരുന്ന പ്രധാനമന്ത്രി സന്ദർശനം പാതിയിൽ നിർത്തി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പല പൊതുപരിപാടികളിലും പങ്കെടുത്തു. അതിനിടെ പാകിസ്ഥാനെതിരായ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നിർണായക യോഗം നടത്തുകയും പ്രതിരോധ സേനകൾക്ക് മുന്നോട്ട് പോകാൻ പൂർണ അനുമതി നൽകുകയും ചെയ്തിരുന്നു
ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്ത ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് കടന്നപ്പോൾ ഡൽഹിയിലെ വസതിയിൽ നിരന്തരം കൂടിയാലോചനകൾ നടത്തുകയായിരുന്നു അദ്ദേഹം. രണ്ട് തവണ സർവകക്ഷി യോഗം ചേർന്നപ്പോഴും അദ്ദേഹം പങ്കെടുക്കുകയോ വാർത്താക്കുറിപ്പ് ഇറക്കുകയോ ചെയ്തിരുന്നില്ല. വെടിനിർത്തലിന് ശേഷം പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചത്. രാത്രി എട്ട് മണിക്ക് നടക്കുന്ന അഭിസംബോധനയിൽ പാകിസ്ഥാനെതിരായ സൈനിക നടപടികളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.