പ്രിയ മായേച്ചി
ഞാനീ കമലവിലാസ് കണ്മഷി എന്നോ വായിച്ച് തീർത്തിരുന്നു.
അന്ന് മുതൽ ഈ കണ്മഷി എൻ്റെ വിരൽത്തുമ്പിലുണ്ട്. എഴുതി തീർക്കാൻ കഴിയാത്ത വണ്ണം..
ജീവിതത്തെ വ്യാഖ്യാനിയ്ക്കുക എന്നത് അത്ര എളുപ്പമല്ല. അത് എവിടേയ്ക്ക് എങ്ങനെ ഒഴുകും എന്നോ എവിടെ ചെന്നെത്തുമെന്നോ അറിയില്ല.
ശരീരത്തിനകത്തൊരു മനസ്സുണ്ടെന്നാണല്ലോ. മനസ്സിനെ ചേർത്തു കെട്ടാം തുന്നിയെടുത്ത് വീണ്ടും വീണ്ടും പാകമാക്കാം. ചിലപ്പോഴത് പിഞ്ഞിക്കീറി ഇഴചേർക്കാനാവാത്ത വിധം തുന്നൽ വിട്ടേക്കാം.
എന്നാൽ ആ ഇഴയകലം കാര്യമാക്കാതെ ജീവിതത്തെ തുന്നിയെടുക്കുന്ന മന:ക്കരുത്താണ് ഒരു കണ്മഷി കൂടിലെ എഴുത്ത് നമ്മോട് പറയുന്നത്.
കമലവിലാസ് കണ്മഷി പെൺ ജീവിതത്തിൻ്റെ ഋതു ഭേദങ്ങളിലെ കറുപ്പായും വെളിച്ചമായും കൺതടങ്ങളിൽ നിറയുന്നത് നമ്മളറിയുന്നു വായന നീങ്ങുമ്പോൾ ‘
ഏതെങ്കിലും അവാർഡിനോ കയ്യടിയ്ക്കോ ഉള്ള മാധ്യമമാക്കിയതല്ല അനുഭവങ്ങളെ
അത് ഉൾവേവുകളുടെ പൊള്ളലുകളെ തണുപ്പിച്ച അക്ഷര തണുപ്പാണെന്ന് കാണുന്നിടത്ത് ഇത് ഏറ്റവും പ്രിയപ്പെട്ടവയിലേയ്ക്ക് ചേർത്തു വെയ്ക്കാവുന്നതും ആകുന്നു.
അലങ്കാരങ്ങളോ ഭാവനയോ അല്ല അനുഭവിച്ച സത്യങ്ങൾ’
വയലാറിൻ്റെ ആത്മാവിൽ ഒരു ചിത വായിച്ച പ്രതീതി ജനിപ്പിച്ചു കൊണ്ടാണ് വായന തുടങ്ങിയത്. കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസ്സുകാരിയെ ആരോ കൈ പിടിച്ച് നിശ്ചലമായി കിടക്കുന്ന അമ്മയുടെ പായക്കരികിൽ ഇരുത്തുന്നു. അവൾ കാണുന്നത് അമ്മയുടെ പായക്കരികിലെ കണ്മഷിക്കൂട് മാത്രമാണ്. ആ കൂട് സ്വന്തമാക്കി മുറ്റത്തേക്കിറങ്ങി പോവുന്ന ചിത്രം കണ്ണിലൊരു നീറ്റലാവുന്നു.
മായാ നടേശൻ എന്ന എഴുത്ത്കാരി നമ്മുടെ വായനയിലേയ്ക്ക് എത്തിപ്പെട്ടതിന് പിന്നിൽ താൻ തുഴഞ്ഞ് തീരം തേടിയ ജീവിതത്തിൻ്റെ കാണാക്കയങ്ങൾ ഉണ്ടായിരുന്നു. ഓർമ്മകളും വർത്തമാനവും ഭാവിയും ഭൂതവും കൂടി കുഴഞ്ഞ് ഒരു ഫിക്ഷൻ’-
തൻ്റെ ജീവിതത്തിലെ ആരോടും അവർക്ക് അസ്വസ്ഥതയുടെ മനോഭാവം ഇല്ല തൻ്റെ മനസ്സിന് നിറം കൊടുത്തു കൊണ്ട് തിരസ്കാരങ്ങളെ സ്വീകരിച്ചു. ആകെ തകർന്നു പോയേക്കാവുന്ന അതി ദൈന്യമായ രോഗത്തിൻ്റെ പിടിയിലകപ്പെട്ടിട്ടും പ്രത്യാശയോടെ തന്നെ തന്നെ പുതുക്കി പണിതു കൊണ്ടിരുന്നു.
തടവുകൾക്കൊക്കെയുംപകരം വീട്ടുന്നുണ്ട് ഞാൻ എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്.
മുന്നൂറിലൊന്നല്ലേ മുവ്വായിരത്തിലൊന്നല്ലല്ലോ അത് മതിയായിരുന്നു മറ്റേത് മരുന്നിനേക്കാളും. ജീവിതം തനിയ്ക്ക് തന്നതിനൊക്കെ അതേ നാണയത്തിൽ തിരിച്ചു കൊടുത്തു കൊണ്ടിരുന്നു. ഇതൊരു തിരിച്ചറിവു കൂടിയാണ് വായനയിൽ നമ്മൾ കണ്ടെത്തുന്ന സ്ഥൈര്യവും
അമ്മയില്ലാത്ത കുറവുകൾ നെഞ്ചിലൊളിപ്പിച്ച ബാല്യം. അച്ഛൻ്റെ കല്യാണത്തിന് പോയ കുഞ്ഞു പാവാടക്കാരിയുടെ നൊമ്പരം മറ്റാരും കണ്ടിരുന്നില്ല. അച്ഛൻ്റെ സാന്നിധ്യത്തെ കൊതിച്ച മനസ്സ് അച്ഛനില്ലാതെ ഉറങ്ങുന്നതിൻ്റെ സങ്കടത്തിൽ ചുറ്റിത്തിരിഞ്ഞ് നടന്നത് സങ്കടത്തെ തന്നിലേയ്ക്ക് ചേർത്തു വെച്ചായിരുന്നു. പിന്നീട് സ്വയം വളരാനനുവദിച്ചത് അവൾ തന്നെ ആയിരുന്നു. ജോലി നേടി പുതിയ ജീവിതത്തിൻ്റെ പച്ചപ്പ് കാണുമ്പോഴും അതിജീവിച്ച പ്രശ്നങ്ങൾ ഏറെ ഉണ്ടായിരുന്നു. അത് വിളിച്ച് പറഞ്ഞ് നടക്കാനല്ല എങ്ങനെ അതിൽ നിന്ന് ഇറങ്ങി നടക്കണം എന്നാണ് ചിന്തിച്ചു കൊണ്ടിരുന്നത്.
ആഖ്യാനത്തിൻ്റെ അനായാസത ഇതിലെ മായമില്ലാത്ത എഴുത്തിനെ മികവുറ്റതാക്കുന്നു. തൻ്റെ നാടിൻ്റെ സവിശേഷമായ അനുഭവങ്ങൾ കൊടുക്കൽ വാങ്ങലുകൾ ചേർത്തു നിർത്തലുകൾ സമകാലത്തെയും സമൂഹ ജീവിതത്തേയും സങ്കീർണ്ണതകളില്ലാതെ ആസ്വദിക്കാനും പ്രാപ്തയാക്കി. സൗഹൃദങ്ങൾ ജോലി ഒക്കെ ഹൃദയ ബന്ധനങ്ങളാക്കി സൂക്ഷിച്ചു.
വ്യക്തിപരമായ അനുഭവങ്ങൾ എഴുത്തായി മാറുമ്പോഴുള്ള സംഘർഷങ്ങളൊന്നും ഈ പുസ്തകത്തിൽ കാണില്ല കാരണം ഒറ്റപ്പെടലും കൂട്ടും ശൂന്യതയും സങ്കടവും സന്തോഷവും ആർജ്ജവ ത്തോടെ സ്വീകരിച്ചതിൻ്റെ പ്രതിഫലനമായിരുന്നു അത്.
ഒറ്റവാക്യത്തിൽ പറയുമ്പോൾ, ജീവിത യാഥാർത്ഥ്യങ്ങൾ കരിങ്കൽ ഭിത്തികൾ പോലെ മുന്നിൽ ഉണ്ടായ പ്പോഴും അതിനെ മറികടന്ന ഒരു പെൺ മനസ്സിൻ്റെ പ്രതീക്ഷയുടെ കണ്ണെഴുത്താണി പുസ്തകം.
ഈ കണ്മഷി ഉൾക്കണ്ണിന് കാഴ്ചയുടെ ഭംഗിയേകട്ടെ ഇനിയും
കമലവിലാസ് കണ്മഷി എഴുത്തിൻ്റെ കാവ്യാക്ഷരങ്ങൾക്ക് മിഴിവേകാൻ ഉണ്ടായിരിയ്ക്കട്ടെ കയ്യിലെന്നും
നന്നായിട്ടുണ്ട്. ആശംസകൾ
ശക്തമായ ഭാഷയിലുള്ള അവലോകനം ഒത്തിരി ഇഷ്ടം..
പുസ്തകം വായിക്കുവാൻ തോന്നുന്നു
അഭിനന്ദനങ്ങൾ