1960 ജനുവരി 22 ന് തൃശ്ശൂരിലെ കേച്ചേരിയിൽ തെക്കേവീട്ടിൽ എൻ. കെ. പണിക്കരുടെയും സുലോചനയുടെയും മകനായിട്ടായിരുന്നു ശങ്കർ ജനിച്ചത്. ഇന്ത്യൻ ഡ്രഗ്ഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിൽ സീനിയർ മാനേജർ ആയിരുന്നു അച്ഛൻ. ശങ്കറിന് നാല് വയസ്സുള്ളപ്പോൾ കുടുംബം ചെന്നൈയിലേക്ക് താമസം മാറ്റി.
ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ചെന്നൈയിലെ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ സ്കൂൾ ഓഫ് ആക്ടിങ്ങിൽ നിന്ന് അഭിനയവും പഠിച്ച ശങ്കറിന്റെ സഹപാഠിയായിരുന്നു ചിരഞ്ജീവി.
തമിഴിൽ ഒരു തലൈ രാഗം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശങ്കറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 365 ദിവസം തികച്ച ചിത്രം ശങ്കറിന് തമിഴിൽ ഏറെ പ്രശസ്തി നേടിക്കൊടുത്തു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആയിരുന്നു മലയാള ചലച്ചിത്രരംഗത്തേക്ക് ശങ്കർ കടന്നുവരുന്നത്. മോഹൻലാൽ, പൂർണിമ ജയറാം എന്നിവർക്കൊപ്പം തകർത്തഭിനയിച്ച ശങ്കർ 80 കളിലെ കൗമാരക്കാരുടെ മനസ്സിൽ കയറിപ്പറ്റാൻ അധികസമയം വേണ്ടിവന്നില്ല. ചിത്രം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ നൂറുമേനി കൊയ്തു.
പ്രേം നസീറിന് ശേഷം റൊമാന്റിക് ഹീറോ എന്ന് പ്രേക്ഷകർ വിധിയെഴുതിയത് ശങ്കറിനെ പറ്റിയായിരുന്നു. നിരവധി നിരവധി സൂപ്പർഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു ശങ്കർ. അക്കാലത്ത് ശങ്കർ -മേനക ജോഡി പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറി.
മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ വിജയവും കടന്ന് ഊതിക്കാച്ചിയ പൊന്ന്, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, അനുരാഗ കോടതി, പടയോട്ടം, വീണ്ടും ചലിക്കുന്ന ചക്രം, അർച്ചന ആരാധന തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ മലയാളക്കരയിലെ ഒന്നാംനിര നാടനാക്കി മാറ്റി.
പി ജി വിശ്വംഭരൻ, ജോഷി, ഐവി ശശി തുടങ്ങിയ പ്രഗൽഭരായ സംവിധായകന്മാരുടെ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചതോടെ ശങ്കറിന്റെ ശുക്രദശ തെളിഞ്ഞു. തുടർന്ന് ഹിറ്റ് ചിത്രങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു.
എങ്ങനെ നീ മറക്കും, അരം + അരം കിന്നരം, പൂച്ചക്കൊരു മൂക്കുത്തി, ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ, തുടങ്ങിയ സിനിമകളിൽ ശങ്കറും മോഹൻലാലും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു.
വീണ്ടും ചലിക്കുന്ന ചക്രം, സന്ധ്യക്ക് വിരിഞ്ഞ പൂവ്, എങ്ങനെ നീ മറക്കും, ഹലോ മദ്രാസ് ഗേൾ, ആരാന്റെ മുല്ല കൊച്ചുമുല്ല, വന്നു കണ്ടു കീഴടക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ വിജയക്കൊടി പാറിച്ച ശേഷം സിബി മലയിലിന്റെ ചേക്കേറാനൊരു ചില്ല എന്ന സിനിമയിലൂടെ ഒരു സംവിധായകന്റെ വേഷമണിഞ്ഞു അദ്ദേഹം.
80 കളുടെ അവസാനമായപ്പോഴേക്കും അഭിനയിച്ച ചിത്രങ്ങൾ പരാജയപ്പെടാൻ തുടങ്ങി. വൺമാൻ ഷോ സിനിമകൾ കുറഞ്ഞ് സൈഡ് റോളുകളിൽ ഒതുങ്ങേണ്ടിവന്നു. എന്നാൽ പ്രേക്ഷകർക്ക് ശങ്കറിനെ ഒരു സഹനടനായി സങ്കൽപ്പിക്കാനാവില്ലായിരുന്നു.
തുടർന്ന് ഒരിടവേള എടുത്ത ശങ്കർ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് ടെലിവിഷൻ സീരിയലുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്വരരാഗം, പരസ്പരം, തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകൾ ചെയ്തു. ചിത്രശലഭത്തിലെ അഭിനയത്തിന് 2006 ലെ ഫിലിം ക്രിട്ടിക്സ് മികച്ച നടനുള്ള ടിവി സീരിയൽ അവാർഡ് ലഭിച്ചു.
ലണ്ടൻ ഇൻഡിപെൻഡൻസ് ഫിലിം അവാർഡ്, സുന്ദർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ നാല് അവാർഡുകൾ നേടിയ എഴുത്തോല (2024) എന്ന ചിത്രം ശങ്കർ ആണ് നിർമ്മിച്ചത്.
1992 ൽ രാധികയുമായി വിവാഹം നടന്നെങ്കിലും അധികകാലം അത് നില നിന്നില്ല. തുടർന്ന് രൂപരേഖയെ വിവാഹം ചെയ്തു. അതിൽ ഗോകുൽ എന്ന ഒരു മകനുണ്ട്. എന്നാൽ ആ വിവാഹവും വിവാഹമോചനത്തിൽ കലാശിച്ചു. തുടർന്ന് നൃത്താധ്യാപികയായ ചിത്ര ലക്ഷ്മിയെ വിവാഹം ചെയ്ത് യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ശങ്കർ. ഒരു ഡാൻസ് അക്കാദമിയും നടത്തുന്നുണ്ട്.
ഗസ്റ്റ് റോളുകളിലും ചെറിയ വേഷങ്ങളിലും ഇപ്പോഴും മുഖം കാണിക്കുന്ന ശങ്കർ, പുതിയ തലമുറയുടെ കൂടെയും അഭിനയിക്കാൻ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്.
ഒരു സാമൂഹിക പ്രവർത്തകൻ കൂടിയായ അദ്ദേഹത്തിന് ഇനിയും നല്ല വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,