ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ബഹിരാകാശവാഹനം (Space Craft )നിർമ്മിച്ചുവെന്ന് വിദഗ്ധർ അവകാശപ്പെട്ടാലും ഓരോനിമിഷവും മരണത്തെ മുന്നിൽക്കണ്ടുകൊണ്ടാണ് ബഹിരാകാശയാത്രികർ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ഒരു ചെറിയ അപാകതപോലും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും ജീവൻ നഷ്ടപ്പെടുമെന്നും
അറിയാമായിരുന്നിട്ടും ഭയവുമില്ലാതെ, ഉറ്റവരേയും ഉടയവരേയും പിരിഞ്ഞ് ലോകത്തിനായി പുഞ്ചിരി പരത്തിക്കൊണ്ടാണ് അവർ യാത്ര ആരംഭിക്കുന്നത്.
ശാസ്ത്രനേട്ടങ്ങളെക്കുറിച്ച് നാം വാതോരാതെ സംസാരിക്കുമ്പോൾ, സോഷ്യൽ മീഡിയകളിൽ റീൽസ് അവതരിപ്പിച്ച് പണം സമ്പാദിച്ചു കൂട്ടുമ്പോഴും നാം അറിയാറുണ്ടോ അവരുടെ മനസ്സിനെ? പുഞ്ചിരിയുടെയും പ്രസരിപ്പോടെയുമല്ലാതെ ബഹിരാകാശയാത്രികരെ കാണാൻ സാധിക്കില്ല.അവരുടെ ത്യാഗവും സമർപ്പണവുമാണ് യഥാർത്ഥത്തിൽ നാം ആഘോഷിക്കുന്നത്.
നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ മേധാവികൾക്ക് സ്റ്റാർ ലൈനറിന്റെ തകരാറുകൾ അറിയാമായിരുന്നുവോ?
“സ്റ്റാർലൈനർ വളരെ കഴിവുള്ള ഒരു ബഹിരാകാശ പേടകമാണ്, ആത്യന്തികമായി, ക്രൂവിനൊപ്പം ഒരു തിരിച്ചുവരവ് നടത്താൻ ഉയർന്ന തലത്തിലുള്ള ഉറപ്പ് ആവശ്യമാണ്,”
നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ മാനേജർ സ്റ്റീവ് സ്റ്റിച്ച് മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്.
ബഹിരാകാശവാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ആരാണ് യഥാർത്ഥത്തിൽ ഉറപ്പ് നൽകേണ്ടത്? ഒരു വലിയ ദൗത്യത്തിന്റെ മേധാവി ഇപ്രകാരമൊരു പ്രസ്താവന യിറക്കുമ്പോൾ പൊതുജനങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്. വൻദുരന്തങ്ങൾ സമ്മാനിച്ച ബഹിരകാശയാത്രകൾ നമ്മുടെ ഓർമ്മളിൽ മായാതെ കിടപ്പുണ്ട്. അങ്ങനെയുള്ളപ്പോൾ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും സൂക്ഷ്മത ഉറപ്പ് വരുത്തേണ്ടതല്ലേ?
നമുക്ക് ബോയിങ് സ്റ്റാർ ലൈനറിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കാം.
2014-ലാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിനോട് കിടപിടിക്കാൻ സ്റ്റാർ ലൈനെർ എന്ന ബഹിരാകാശപേടകം ബോയിങ് എന്ന വൻകിടകമ്പനി ഏറ്റെടുക്കുന്നത്. അഞ്ചുവർഷങ്ങൾ നീണ്ടുനിന്ന നിർമ്മാണപരിശോധന പ്രക്രിയകൾക്ക് ശേഷം 2019-ലാണ് ആദ്യത്തെ ഓർബിറ്റൽ ഫ്ലൈറ്റ് ടെസ്റ്റ് നടത്തുന്നത്.ഇത്തരം പരിശോധനകളും
പരീക്ഷണപ്പറക്കലും OFT എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഓർബിറ്റൽ ഫ്ലൈറ്റ് ടെസ്റ്റ് എന്നാണ് OFTയുടെപൂർണ്ണനാമം.ഈഘട്ടത്തിലാണ് രൂപകല്പനകൾ സംബന്ധിച്ച പ്രശ്നങ്ങൾ കണ്ടുപിടിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത്.
2019 ഡിസംബർ 20 നാണ് യാത്രക്കാരില്ലാതെ ആദ്യപരീക്ഷണപ്പറക്കൽനടത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ അടുപ്പിക്കുവാനും എട്ടു ദിവസങ്ങൾക്കുശേഷം അമേരിക്കയിൽ സുരക്ഷിതമായ് ഇറക്കുവാനുമാണ് ദൗത്യം ലക്ഷ്യം വെച്ചത്.പക്ഷെ പറന്നുയർന്ന് മുപ്പത്തിയൊന്ന്മിനിറ്റ് കഴിഞ്ഞപ്പോൾ അതിന്റെ മിഷൻഎലാപ്സ്ഡ് ടൈമിൽ വന്ന അപാകതകൾ കാരണം പേടകം ലക്ഷ്യം തെറ്റി സഞ്ചരിക്കുകയും ISS-ൽ എത്താൻ കഴിയാതെ തെറ്റായ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ദൗത്യസമയം പൂജ്യത്തിൽ ക്രമീകരിച്ച് ദൗത്യം അവസാനിക്കുന്നത് വരെയുള്ള ദൈർഘ്യം കണക്കുകൂട്ടുന്നതിനെയാണ് MET (Mission Elapsed Time) എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരു ദൗത്യത്തിന്റെ സമയം 4/07:10:47 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിനർത്ഥം വിക്ഷേപിച്ചതിന് ശേഷം 4 ദിവസം, 7മണിക്കൂർ, 10 മിനിറ്റ്, 47 സെക്കൻഡ് കഴിഞ്ഞുവെന്നാണ്.
അങ്ങനെ MET ക്ലോക്കിനുണ്ടായ തകരാറുമൂലമാണ് ആ ദൗത്യം പരാജയപ്പെട്ടത്. എങ്കിലും രണ്ടുദിവസത്തിനുള്ളിൽ 2019 ഡിസംബർ 22 ന് ബഹിരാകാശ പേടകം വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ വിജയകരമായി തിരിച്ചിറക്കി.
2019 ഡിസംബർ 20, US എന്ന രാജ്യത്തിന് പ്രത്യേകിച്ച് ബോയിംഗ് കമ്പനിക്കും ഒരു നാഴികക്കല്ലാകേണ്ടതായിരുന്നു ഇത്.
അതിനുശേഷം 2022 ലാണ് യാത്രക്കാരില്ലാതെ ഒരിക്കൽകൂടി സ്റ്റാർ ലൈനർ വിജയകരമായി വിക്ഷേപിക്കുകയും ISS ൽ ഡോക്ക് ചെയ്തതിനുശേഷം തിരിച്ചിറക്കുകയും ചെയ്തത്.ഐ.എസ്.എസ് സ്ഥിരമായ ദൗത്യമായതിനാൽ ഏകോപിത സമയം (UTC/GMT) ഉപയോഗിക്കുന്നു. MET ക്ലോക്കിന്റെ ആവശ്യകതവരുന്നില്ല.
അങ്ങനെ വിജയകരമായി ഡോക്കിങ് പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം 2024 ലാണ് സ്റ്റാർ ലൈനർ യാത്രികരുമായ് ISS ലേയ്ക്ക് പോകുന്നതിനുള്ള പദ്ധതി
തയ്യാറാക്കിയത്. എന്നാൽ ഈദൗത്യത്തിനു മുമ്പ് തന്നെ പരീക്ഷണപ്പറക്കലുകളുടെ പഠനവേളയിൽ ബുച്ച് വിൽമോർ ത്രസ്റ്ററുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ആശങ്കൾ പങ്കുവെച്ചെങ്കിലും അത് ഗൗരവമായ് പരിഗണിക്കപ്പെട്ടില്ല. സ്റ്റാർ ലൈനർ ദൗത്യം ISS നെ സമീപിക്കുന്നതിനിടയിൽ ആദ്യത്തെ ത്രസ്റ്റർ(ദിശമാറ്റാൻ ഉപയോഗിക്കുന്നത്) പരാജയപ്പെട്ടു, എങ്കിലും നിയന്ത്രണത്തിന് കുഴപ്പമുണ്ടാ യിരുന്നില്ല.
രണ്ടാമത്തെ ത്രസ്റ്റർ പരാജയം സംഭവിച്ചത് സ്റ്റാർലൈനർ ISS-ൽ നിന്ന് ഏകദേശം 260 മീറ്റർ അകലെയെത്തുമ്പോഴാണ് ഇത് ബഹിരാകാശ പേടകത്തെ “സിംഗിൾ ഫോൾട്ട് ടോളറന്റ്” ആക്കി,(അതായത് ഒരു പരാജയം കൂടി സംഭവിച്ചാൽ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്) ഈ ഘട്ടത്തിൽ വിൽമോർ പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
പക്ഷെ തുടർന്ന് മൂന്നാമതും ഒരു ത്രസ്റ്റർ പരാജയപ്പെട്ടു.
എല്ലാം ഒരേ ദിശയിൽ (പിന്നിൽ, താഴെയുള്ള ത്രസ്റ്ററുകൾ). ഇത് സ്റ്റാർലൈനറിനെ “സീറോ ഫോൾട്ട് ടോളറൻസിലേക്ക്” കൊണ്ടുവന്നു, അതായത് പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. നിയന്ത്രണം മന്ദഗതിയിലായി. എന്നിരുന്നാലും വിൽമോർ തന്റെ സാമർഥ്യംകൊണ്ട് നിയന്ത്രണം നിലനിർത്തി.
അതിനിടയിൽ നാലാമത്തെ ത്രസ്റ്ററും പരാജയപ്പെട്ടു, അതിന്റെ ഫലമായി നിയന്ത്രണം വീണ്ടും നഷ്ടപ്പെട്ടു. ഭാഗിക നിയന്ത്രണം നിലനിർത്തിയെങ്കിലും വിൽമോറിന് മുന്നോട്ട് കുതിക്കാൻ കഴിഞ്ഞില്ല. ഡോക്ക് ചെയ്യാനും സുരക്ഷിതമായി ഭ്രമണപഥം മാറ്റാനുമുള്ള ബഹിരാകാശ പേടകത്തിന്റെ കഴിവ് അപകടത്തിലായതിനാൽ അതൊരു നിർണായക നിമിഷമായിരുന്നു.തുടർന്ന് അഞ്ചും ആറും ത്രസ്റ്ററുകൾ പരാജയപ്പെട്ടു.
മിഷൻ കൺട്രോൾ വിൽമോറിനോട് “എല്ലാശ്രമങ്ങളും ഉപേക്ഷിക്കാൻ” നിർദ്ദേശിച്ചു,
അപ്പോൾ അവർ മരണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പിലായിരുന്നു. സുനിതാ വില്യംസും വിൽമോറും മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷപെട്ടതെങ്ങനെ?
(തുടരും..)
വൈക്കം സുനീഷ് ആചാര്യ,
(സാഹിത്യകാരനും നാസയുടെ സിറ്റിസൺ സയൻസ് ഗവേഷകസംഘത്തിലംഗവുമാണ്).
നല്ല ലേഖനം
നല്ലറിവുകൾ
നല്ല അവതരണം