മലേഷ്യയിലെ ക്വാലാലംപൂര്‍ സ്വദേശിയായ 67കാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. 2.2 മില്യണ്‍ റിങ്കിറ്റ് (4.4 കോടിരൂപ) ആണ് ഇക്കാലയളവില്‍ ഇവരില്‍ നിന്നും കാമുകന്‍ തട്ടിയെടുത്തത്. ബുകിറ്റ് അമന്‍ കൊമേഴ്‌സ്യല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കമ്മീഷണര്‍ ദാതുക് സെരി റാംലി മുഹമ്മദ് യുസുഫ് ആണ് തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.
2017ല്‍ ഫേസ്ബുക്ക് വഴിയാണ് 67കാരി തട്ടിപ്പുകാരനെ പരിചയപ്പെട്ടത്. താനൊരു അമേരിക്കന്‍ ബിസിനസുകാരനാണെന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞിരുന്നത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ ബിസിനസ് എന്നും ഇയാള്‍ സ്ത്രീയെ പറഞ്ഞുവിശ്വസിപ്പിച്ചു.
ഒരുമാസത്തോളം ഇവരുമായി ഇയാള്‍ സംസാരിച്ചു. പതിയെ സ്ത്രീയുടെ വിശ്വാസം നേടിയെടുത്ത ഇയാള്‍ ഇവരുമായി അടുപ്പത്തിലാകുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ തനിക്ക് മലേഷ്യയിലേക്ക് താമസം മാറാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അതിന് കഴിയുന്നില്ലെന്നും സ്ത്രീയോട് പറഞ്ഞു. ഇതുകേട്ട 67കാരി ഇയാള്‍ക്ക് 5000 റിങ്കറ്റ് അയച്ചുകൊടുത്തു.
പിന്നീടും പല പല സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഇയാള്‍ സ്ത്രീയില്‍ നിന്ന് പണം വാങ്ങിക്കൊണ്ടിരുന്നു. 50 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി 306 തവണയാണ് സ്ത്രീ ഇയാള്‍ക്ക് പണം അയച്ചുകൊടുത്തത്. ഏകദേശം 2.2 മില്യണ്‍ റിങ്കറ്റ് (4.4 കോടി രൂപ) ഇത്തരത്തില്‍ ഇയാള്‍ക്ക് അയച്ചുകൊടുത്തു. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയാണ് ഇവര്‍ ഇയാള്‍ക്ക് പണമെത്തിച്ചു കൊടുത്തിരുന്നത്.
ഏഴ് വര്‍ഷത്തെ പ്രണയത്തിനിടയില്‍ കാമുകനെ ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ 67കാരിയ്ക്ക് കഴിഞ്ഞിട്ടില്ല. വീഡിയോ കോളില്‍ പോലും ഇയാളെ കാണാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. വോയിസ് കോളുകള്‍ വഴിയാണ് ഇരുവരും സംസാരിച്ചിരുന്നത്. നേരിട്ടുകാണണമെന്ന് സ്ത്രീ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പല ഒഴികഴിവുകള്‍ പറഞ്ഞ് പിന്‍മാറി.
ഇക്കഴിഞ്ഞ നവംബറിലാണ് ഇയാള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് സ്ത്രീയ്ക്ക് മനസിലായത്. ഒരു സുഹൃത്തിനോട് സ്ത്രീ ഇക്കാര്യം പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഒരു തട്ടിപ്പിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നതെന്ന് സുഹൃത്ത് ഇവരെ ബോധ്യപ്പെടുത്തിയത്.
ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ ബന്ധം സ്ഥാപിക്കാനെത്തുന്നവരെ സൂക്ഷിക്കണമെന്ന് കമ്മീഷണര്‍ റാംലി പറഞ്ഞു. ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്നവരുമായി സാമ്പത്തിക ഇടപാട് നടത്തുമ്പോഴും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.