തൃശൂർ : തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി ശശിധരൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. പൂരം നിർത്തിവെക്കേണ്ട സാഹചര്യമെന്തായിരുന്നു എന്നതാണ് ആദ്യഘട്ട ചോദ്യം ചെയ്യലിൽ ആരാഞ്ഞത്.
എഡിജിപി എം ആർ അജിത് കുമാർ പൂരം കലങ്ങിയതിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകളായിരുന്നു തിരുവമ്പാടി ദേവസ്വത്തിനെതിരെ ഉണ്ടായിരുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ത്രിതല അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തിരുവമ്പാടി ദേവസത്തിന്റെ ഭാരവാഹികളെ ചോദ്യം ചെയ്ത് വിശദമായ മൊഴി രേഖപ്പെടുത്താനുള്ള നീക്കം. എന്ത് കാരണത്താലാണ് പൂരം നിർത്തിവെച്ചതെന്ന ചോദ്യമാണ് ഇരുവരോടും അന്വേഷണ സംഘം ഉന്നയിച്ചത്.
അന്ന് എൻഡിഎയുടെ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലെത്തിയ സംഭവത്തിൽ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയും ദേവസ്വം ഭാരവാഹികൾ സുരേഷ് ഗോപിയെ ബന്ധപ്പെട്ടിരുന്നോയെന്ന കാര്യവും അന്വേഷണസംഘം പ്രാഥമികമായി ആരാഞ്ഞു.
കഴിഞ്ഞദിവസം പൂരം നടത്തിപ്പിൽ പങ്കാളികളായ സർക്കാർ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാർ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന അങ്കിത് അശോകന്റെ മോശം പെരുമാറ്റം സംബന്ധിച്ചും മൊഴി നൽകിയിട്ടുണ്ട്.