Tuesday, October 22, 2024
Homeപുസ്തകങ്ങൾവൻമതിലിന്‍റെ നാട്ടിലൂടെ - ഒരു ചിത്രകാരൻറെ യാത്രാകുറിപ്പുകൾ (പുസ്തകാസ്വാദനം): ✍മേരി ജോസി മലയിൽ 

വൻമതിലിന്‍റെ നാട്ടിലൂടെ – ഒരു ചിത്രകാരൻറെ യാത്രാകുറിപ്പുകൾ (പുസ്തകാസ്വാദനം): ✍മേരി ജോസി മലയിൽ 

മേരി ജോസി മലയിൽ, തിരുവനന്തപുരം.

എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആവശ്യത്തിലേറെ എന്നെ പുകഴ്ത്തി പറഞ്ഞത് കൊണ്ടാകാം സുജയുടെ ബന്ധുവായ ശ്രീ ഷിജോ ജേക്കബ് എനിക്ക് ഈ പുസ്തകം അയച്ചു തന്നത് എന്ന് തോന്നുന്നു.

ഇരുപത്തിയൊന്നാം വയസ്സിൽ ചിത്രകലയുമായി ഒന്നും യാതൊരു ബന്ധവുമില്ലാത്ത കെ.എസ്.ഇ.ബി.യിലെ എൻജിനീയറുടെ മകളായ ഞാൻ എത്തിപ്പെട്ടത് വർണ്ണങ്ങൾ ക്യാൻവാസിൽ വാരിവിതറി നൂറോളം ഓയിൽ പെയിൻറിംഗുകൾ  വരച്ചു കൂട്ടിയ ഒരു കൂട്ടം ചിത്രകാരന്മാരുടെ കുടുംബത്തിലേക്ക് ആയിരുന്നു. എൻറെ ഭർത്താവ് ജോസി തോമസ്, സഹോദരി ടെസ്സി ഇടിക്കുള,ഫാദർഇൻ ലോ തോമസ് മലയിൽ…… ഒരാൾപോലും ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം.തിരുവനന്തപുരം പാളയത്തെ ഫൈൻ ആർട്സ് കോളേജിൽ പഠിക്കാൻ ഏറെ മോഹിച്ചിരുന്ന ജോസിയോട് അച്ഛൻ ഡിഗ്രി കഴിഞ്ഞപ്പോൾ പറഞ്ഞത് ബിരുദാനന്തര ബിരുദത്തിന് ചേർന്നു പഠിക്കാനാണ്. നിരാഹാരം കിടന്നിട്ടു പോലും രക്ഷയില്ലാതെ പഠനവും വിവാഹവും കഴിഞ്ഞു ഗൾഫ് പണം കയ്യിൽ എത്തിയപ്പോഴാണ് ജോസി  തൻറെ ആഗ്രഹം പൂർത്തീകരിച്ചത്. ചിത്രകലയിൽ പ്രൊഫസറായ ശ്രീ ഷിജോ ജേക്കബിന്റെ  പുസ്തകം വായിക്കാൻ എനിക്കീ  ഒറ്റക്കാരണം കൊണ്ട് തന്നെ വലിയ താല്പര്യം തോന്നി.

അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ കത്തിനെക്കുറിച്ച് ആണ് കഥാകൃത്ത് ആദ്യം തന്നെ ഇവിടെ വിവരിക്കുന്നത്.പക്ഷേ ഇൻലാക്സ് സ്കോളർഷിപ്പ് കിട്ടി ലണ്ടനിൽ പോയി പഠിക്കാനുള്ള അവസരം ഇൻറർവ്യൂവിൽ തട്ടി നഷ്ടപ്പെട്ടതോർത്ത് ഒന്നിനെക്കുറിച്ചും അമിത പ്രതീക്ഷ വേണ്ട എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് യുവജനക്ഷേമ കായിക മന്ത്രാലയത്തിൽ നിന്നും ഉള്ള കത്ത് കയ്യിൽ കിട്ടുന്നത്. ഇന്ത്യയിലെയും ചൈനയിലെയും യുവജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ആശയവിനിമയത്തിന്റെ  ഭാഗമായി ഇരുരാജ്യങ്ങളും 100 യുവാക്കളെ വീതം പരസ്പരം സന്ദർശനത്തിനായി അയക്കുന്നു.അതിനുള്ള ക്ഷണക്കത്ത് ആയിരുന്നു അത്. സർക്കാർ കടമ്പ അതെന്നും ഇന്നും നാളെയും ഒരുപോലെ തന്നെ തുടരും എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ‘സർക്കാർ കാര്യം മുറപോലെ’ എന്ന് പറയുന്നത്.  ഏതായാലും വിജയകരമായി ലേഖകൻ അതും മറികടക്കാൻ വീണ്ടും ഡൽഹിയിലേക്ക് പോയി.ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന രാജ്യത്തെ കുറിച്ച് ഗൂഗിളിൽ പരതി കാലാവസ്ഥയും ചരിത്രവുമൊക്കെ നന്നായി ഗൃഹസ്ഥമാക്കി.

അവിടുത്തെ തത്വജ്ഞാനികളെ കുറിച്ചും പണ്ഡിതരെ കുറിച്ചും ഒക്കെ നന്നായി വായിച്ച് മനസ്സിലാക്കി. നെൽകൃഷിയും പേപ്പർ നിർമ്മാണവും ലോകത്ത് ആദ്യമായി ചെയ്തു തുടങ്ങിയത് ചൈനക്കാരാണത്രേ ! കോമ്പസ്സ്,വെടിമരുന്ന് ഇതും അവരുടെ കണ്ടുപിടിത്തങ്ങൾ തന്നെ.

 ചിലപ്പോൾ ഒരു നോട്ടം, ഒരു പുഞ്ചിരി, ഒരു തലോടൽ,ഒരു ആശ്വാസവാക്ക് ഇത്രയും ഒരു മനുഷ്യനെ എത്ര മാറ്റിമറിക്കാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് ശ്രീ മുകുന്ദൻ ചാറ്റർജിയുടെത് എന്ന് ലേഖകൻ പറയുമ്പോൾ നമ്മുടെ ഹൃദയവും ഒന്ന് തുള്ളിച്ചാടുന്നു.

അപ്രതീക്ഷിതമായി ഷിബു എന്ന ഒരു മലയാളി ചെറുപ്പക്കാരൻ ദൈവം പറഞ്ഞു വിട്ടത് പോലെ ഡൽഹിയിൽ ലേഖകന്റെ സഹായത്തിനെത്തി. അതുപോലെയാണ് ലക്ഷദ്വീപിൽ നിന്നെത്തിയ മുത്തുബീയ്ക്ക് ഷിജോ മലയാളം തർജ്ജമ ചെയ്ത് സഹായകനാകുന്നത്.

 യാത്രയ്ക്ക് മുന്നോടിയായി എല്ലാവർക്കും ചൈനയെ കുറിച്ച് ആഴത്തിലുള്ള ക്ലാസുകൾ ആയിരുന്നു പിന്നീട് നടന്നത്. ചെറിയൊരു യാത്രയ്‌ക്ക്‌ ഉപകരിക്കുന്ന കുറച്ച് ചൈനീസ് വാക്കുകളും വാക്യങ്ങളും ശൈലികളും കുട്ടികളെ പഠിപ്പിച്ചെടുത്തു. വാഷ് റൂം എവിടെയാണ് എന്നതിൻറെ ചൈനീസ് ഭാഷ “ശിഷ്യോച്യാൻ  സൈനാർ “ആണ് കാര്യമായി  എല്ലാവരെയും നിർബന്ധമായി പഠിപ്പിച്ച ഒരു ചൈനീസ് പദം. കാരണം ഇന്ത്യയിലെ വേഷംകെട്ടലുകൾ ചൈനയിൽ ചെന്ന് അവതരിപ്പിച്ചാൽ എന്താണ് ഉണ്ടാകുക എന്ന് കൃത്യമായി അറിയാവുന്നതുകൊണ്ടാവും ആ ചൈനീസ് ഭാഷ എല്ലാവരും ‘ടപ്പ്’ എന്ന് പഠിച്ചെടുത്തു. 😜 അടുത്ത ദിവസവും ചൈനയിലെ രാഷ്ട്രീയ സംവിധാനത്തെ കുറിച്ചും അവിടുത്തെ സാമ്പത്തിക മുന്നേറ്റത്തെ കുറിച്ചും ഒക്കെ പാനൽ ചർച്ചയും ഉണ്ടായിരുന്നു. പോളണ്ടിനെ കുറിച്ച് നീ ഒരൊറ്റ അക്ഷരം മിണ്ടി പോകരുത് എന്ന് ശ്രീനിവാസൻ ‘സന്ദേശം’ സിനിമയിൽ പറയുന്നതുപോലെ ചൈനക്കാരുടെ അടുത്ത് വായടച്ച് പിടിക്കേണ്ട ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തി. അതിൽ പ്രധാനം 1962ലെ ഇന്ത്യ-ചൈന യുദ്ധം , അരുണാചൽപ്രദേശ ത്തെക്കുറിച്ച്,ടിബറ്റിനെക്കുറിച്ച്…..ഒന്നും മിണ്ടി പോകരുതെന്ന കർശന നിർദേശവും ഉണ്ടായിരുന്നു.

 യാത്രയ്ക്കുള്ള ദിവസങ്ങൾ എത്തി. ശങ്കർ,അരുൺ,ജിനു, മുത്തുബി, ഷിബു, ലേഖകൻ അങ്ങനെ ആറു മലയാളികളടക്കം 100 പേർ ചൈനയിലേക്ക് യാത്ര പുറപ്പെട്ടു.നമ്മളും കഥാകൃത്തിനോടൊപ്പം ചൈനയിലേക്ക്…….

‘ആപ്  ച്ചോടിയേനാ’ ബാഗിൽ പിടിച്ചു വലിച്ചു കൊണ്ട് ഇതാ മറ്റൊരു ദൈവദൂത പ്രിയേഷ ജെയിൻ..പക്ഷേ മറ്റു പലയിടത്തും ഭിന്നശേഷിക്കാരനായ ലേഖകന്റെ സ്വകാര്യത പോലും ഹനിക്കപ്പെടുന്ന രംഗങ്ങളും ഉണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ഒപ്പം എന്നും നമ്മുടെ സർക്കാർ കൂടെയുണ്ട് എന്ന് പറയുന്നതൊക്കെ ഒരു ‘തള്ള്’ മാത്രമായി അവശേഷിക്കുന്ന അവസരങ്ങളും നേരിടേണ്ടിവന്ന സാഹചര്യവും ലേഖകൻ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. നക്ഷത്രങ്ങളെ സാക്ഷിയാക്കി ആകാശത്തിന്റെ അനന്തതയിലേക്ക് എയർചൈന പറന്നു തുടങ്ങിയപ്പോൾ യാത്രക്കാരൊക്കെ പാട്ടും ഡാൻസും തുടങ്ങി കഴിഞ്ഞപ്പോഴും അന്തർമുഖനായ ലേഖകൻ  ചൈനയിൽ സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ചും തൻറെ ഇഷ്ട കലാകാരന്മാരുടെ കലാസൃഷ്ടികൾ കാണാനുള്ള അവസരം ഉണ്ടാകുമോ എന്നൊക്കെ ചിന്തിച്ചു മെല്ലെ മെല്ലെ നിദ്ര യിലേക്ക് വഴുതി വീണു.ഇന്ത്യ ചൈനയേക്കാളും മൂന്നുമണിക്കൂർ പിന്നിലാണ്. അതുകൊണ്ടുതന്നെ യാത്ര തുടങ്ങിയിട്ട് അഞ്ചു മണിക്കൂറായെങ്കിലും  ചൈനയിൽ എത്തിയപ്പോൾ വാച്ചിന്റെ സൂചികൾ മൂന്നു മണിക്കൂർ പുറകോട്ട് തിരിച്ചു വെച്ചു.

ബീജിങ് എയർപോർട്ടിൽ എത്തിയപ്പോഴതാ അടുത്ത പാര. എസ്കലേറ്റർ മാത്രമേ ഉള്ളൂ എല്ലായിടവും. പക്ഷേ അവിടെയും പ്രിയേഷ സഹായത്തിനെത്തി ലിഫ്റ്റ് കണ്ടുപിടിച്ചു തന്നു.വലിയൊരു സാംസ്കാരിക പൈതൃകം ഉള്ള ഒരു രാജ്യത്തിൻറെ നഗര വീഥികളിലൂടെ ബസ് ഓടിക്കൊണ്ടേയിരുന്നു. അവിടുത്തെ അത്ഭുതക്കാഴ്ചകൾ ലേഖകൻ ഒന്നൊന്നായി നമുക്ക് വിവരിച്ചു തരുന്നു.ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടുതലുള്ള സ്ഥലം ആയിട്ട് പോലും യാതൊരു മത്സര ഓട്ടവും ഇല്ലാതെ വാഹനങ്ങൾ വളരെ ശാന്തമായി നീങ്ങിക്കൊണ്ടിരിക്കുന്നു. മിക്കവാറും ബസും ടാക്സിയും ഓടിക്കുന്നത് സ്ത്രീകളാണ്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ കൊക്കക്കോളയുടെയും മക്ഡോണൽസിന്റയും കൂറ്റൻ ഹോർഡിങ്ങുകൾ.കമ്യൂണിസ്റ്റ് രാജ്യത്തെ കുത്തക മുതലാളിമാരുടെ സ്ഥാപനങ്ങൾ  കഥാകൃത്ത് കണ്ട് അന്തംവിട്ട് ‘അറബികഥ’യിലെ ശ്രീനിവാസൻ വാഷ്റൂമിൽ ചെന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച് ആരും കാണുന്നില്ലെന്നു ഉറപ്പ് വരുത്തിയതിനു ശേഷം കണ്ണാടിയിൽ നോക്കി “ഇങ്കുലാബ് സിന്ദാബാദ്” എന്ന് പറയുന്ന അവസ്ഥയായി കാണും.മുതലാളിത്തത്തിന്‍റെ എല്ലാ ഗുണഫലങ്ങളും അതിവേഗം കൈപ്പിടിയിൽ ആക്കി കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന എന്ന് കഥാകൃത്തിന് മനസ്സിലായത് അപ്പോഴാണ്.

താമസം പഞ്ചനക്ഷത്രഹോട്ടലിൽ.പിന്നെ വിദേശകാര്യമന്ത്രി, യുവജന ക്ഷേമ മന്ത്രി, ഇന്ത്യൻ അംബാസിഡർ ഒക്കെ ആയിട്ടുള്ള ഔപചാരിക കൂടിക്കാഴ്ചകളിലേക്ക്…….പിന്നെ സുഖനിദ്ര.

രാവിലെ സഹമുറിയൻ അരസികനായ ഇസ്ത്താക്ക് ആരിഫ്ഖനോടൊപ്പം താമസം. ആദ്യയാത്ര ബീജിങ്ങിലെ പ്രശസ്തമായ റ്റ്സിംഗ്ഹ്വ  യൂണിവേഴ്സിറ്റിയിലേക്ക്. ലൗവേഴ്സ് കോർണർ കണ്ടപ്പോൾ ഇന്ത്യ എന്ന് ഇങ്ങനെയൊക്കെ ആകുമെന്ന് ലേഖകന് വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ ഒരു മോഹം ഉണർന്നോ എന്നൊരു സംശയം. 😜 ഉച്ചഭക്ഷണത്തിനായി കയറിയ റസ്റ്റോറന്റിൽ  അതിലും നല്ലൊരു കൗതുകക്കാഴ്ച ഉണ്ടായിരുന്നു. അക്വേറിയത്തിലേക്ക്  ആണോ നമ്മൾ പ്രവേശിച്ചത് എന്ന് തോന്നുമത്രേ. തുള്ളിക്കളിക്കുന്ന മീനിനെ ചൂണ്ടിക്കാണിച്ച് എനിക്ക് അതിനെ കറി വെച്ച് തരാൻ ആവശ്യപ്പെടാം. അവർ അതിനെ പിടിച്ചു കൊന്നു പുഴുങ്ങി നമ്മുടെ പ്ലേറ്റിൽ വച്ചുതരും. മൺചട്ടിയിൽ മുളകരച്ച് കുടംപുളിയിട്ട് വറ്റിച്ച മീൻ കറി തിന്നു പരിചയിച്ച പു. ക. കു.(പുരാതന കത്തോലിക്ക കുടുംബാംഗം) ആയ ലേഖകന്‍റെ  മുമ്പിലേക്ക് ആണ് ഈ പുഴുങ്ങിയ  മീൻ കറി. 🥰

അടുത്ത യാത്രകൾ ഒളിമ്പിക്സ് സ്റ്റേഡിയം ആയ ബേർഡ്സ് നെസ്റ്റ്, ഗ്രേറ്റ് ഹോൾ ഓഫ് ദ പീപ്പിൾ  സന്ദർശനം. ഭരണസിരാകേന്ദ്രങ്ങളുടെ ഇടനാഴികൾ പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ കൊണ്ട് അലങ്കരിച്ചു വച്ചിരിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പഴകി പൊടി പുരണ്ട ഫയലുകൾ കുമിഞ്ഞുകൂടി കിടക്കുന്ന കാര്യം ലേഖകൻ ഓർത്താൽ അതിനെ കുറ്റം പറയാനാകില്ല. പിന്നെ നീങ്ങിയത് ലോകത്തിലെതന്നെ ഏറ്റവും വലിയ പത്തു ചത്വരങ്ങളിൽ ഒന്നായ ടിയാൻമെൻ സ്ക്വയർലേക്ക്.ചൈനയുടെ ഗൈഡുമാർക്ക് ചരിത്രത്തെക്കാളും അവരുടെ വികസന പ്രക്രിയകൾ നമ്മളെ കാണിക്കാനാണ് കൂടുതൽ താല്പര്യമത്രേ!  ഇന്ത്യക്കാർ പുതിയ ചൈന എന്താണെന്ന് കണ്ട് ഒന്ന് ഞെട്ടട്ടെ എന്നാവും മനസ്സിലിരിപ്പ്.

 പിന്നെ ലേഖകൻ എഴുതുന്നത് വ്യത്യസ്തരായ ചില സ്ത്രീകളെക്കുറിച്ചാണ്. ഇന്ത്യയിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ  ലീല സാംസണിന്റെ ശിഷ്യ ആയ ചിങ്ചോങ് അവതരിപ്പിച്ച ഭരതനാട്യം കണ്ടപ്പോൾ ഒരു ചൈനക്കാരിക്ക് ഇത്ര മനോഹരമായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തം അവതരിപ്പിക്കാൻ സാധിക്കുമോ എന്ന് അത്ഭുതം കൂറി. അംബാസിഡർ ശ്രീമതി നിരുപമ റാവുവിൻറെ ജാഡ ഇല്ലാത്ത പെരുമാറ്റവും ലേഖകനെ ഹഠാദാകർഷിച്ചു. പിന്നെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഒരു അനുഭവം ഉണ്ടായത് ഹോട്ടലിൽ തിരികെ എത്തിയപ്പോഴാണ്. സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോയും ഫോൺ നമ്പറും എഴുതിയ ഐഡി കാർഡുകൾ വാതിലിൽ തൂക്കിയിട്ടിരിക്കുന്നു. ഇവിടെ ഇതെല്ലാം നിയമപരമാണ്. ചൈനയിലെ പത്രങ്ങളിൽ പീഡന വാർത്ത നിറയാത്തതിന്റെ കാരണം മനസ്സിലായില്ലേ? സുഹൃത്തിനോടൊപ്പം ഉള്ള ബീജിങ്ങിലെ ഡാൻസ് ബാർ സന്ദർശനം വ്യത്യസ്തമായ ഒരു അനുഭവം കാഴ്ച വെച്ചതും ലേഖകൻ കപടസദാചാരത്തിന്റെ മൂടുപടം ഇല്ലാതെ എഴുതി കളഞ്ഞു.

 പിറ്റേ ദിവസം ഹോട്ടൽ മുറി ഒഴിഞ്ഞ് എല്ലാവരും കൂടി നേരെ പോയത് 180 ഏക്കറിലായി പരന്നുകിടക്കുന്ന തടിയിൽ നിർമ്മിച്ചിട്ടുള്ള ഫോർബിഡൻ സിറ്റിയിലേക്ക്. 1987 ൽ ഈ കൊട്ടാര സമുച്ചയം യുനെസ്കോ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 എക്സ്പ്രസ് ഹൈവേയിലൂടെ വിശാലവും മനോഹരവുമായ ബസ് പാഞ്ഞപ്പോൾ എക്സ്പ്രസ്സ് ഹൈവേക്കെതിരെ ആയി കേരളത്തിൽ നടന്നിട്ടുള്ള സമരങ്ങൾ ലേഖകന്റെ ഓർമ്മയിലെത്തി. ലോകത്തെമ്പാടും പ്ലാസ്റ്റിക് കയറ്റി അയക്കുന്ന രാജ്യത്ത് മഷിയിട്ടു നോക്കിയാൽ പോലും അലക്ഷ്യമായി ഒരു പ്ലാസ്റ്റിക് കൂട് കാണാൻ കഴിയില്ല എന്നതും ശ്രദ്ധേയമാണ്.

 ബീജിങ്ങിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള വൻ മതിലിനടുത്തേക്കാണ് അവരുടെ അടുത്ത യാത്ര. ചൈന കാണാൻ ചൈന വരെ പോകേണ്ടതില്ല എന്ന് തോന്നത്തക്ക വിധത്തിലുള്ള വിവരണങ്ങളാണ് പിന്നെ ലേഖകൻ നമുക്ക് സമ്മാനിക്കുന്നത്. മനുഷ്യനിർമ്മിതമായ ആ മഹാ അത്ഭുതത്തിന്‍റെ പ്രവേശനകവാടത്തിൽ എഴുതി വെച്ചിരുന്ന ചൈനീസ് പഴമൊഴി ഇങ്ങനെയായിരുന്നു.

“One Who fails to reach the Great Wall would not be regarded as a hero.”

അതെ നമ്മുടെ ലേഖകനും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും പുഷ്പംപോലെ മറികടന്ന് ഒരു ഹീറോ ആയി മാറിയിരിക്കുന്നു.

 അടുത്ത യാത്ര  കുണ് മിങ്ങിലേക്ക്.കേരളത്തിലെ ചീനവല, ചീനച്ചട്ടി, ചീനഭരണി ഇതൊക്കെ അവിടെയുള്ളവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അവിടുത്തെ ഹോർട്ടികോർപ്പ് ഗാർഡനെ കുറിച്ചുള്ള ലേഖന്റെ വിവരണം അതിഗംഭീരം.

 കലയും സാഹിത്യവുമൊക്കെ ദൈവിക സിദ്ധികളും അനുഗ്രഹങ്ങളും ആണ്. ഇവിടെ ഇവ രണ്ടും വേണ്ടുവോളം നമ്മുടെ ലേഖകനുണ്ട്  എന്നതിൻറെ തെളിവുകളാണ് എത്തനിക് വില്ലേജിലെ വിവരണങ്ങൾ.

 മനോഹരമായ യൂനാനി യൂണിവേഴ്സിറ്റിയെ നമ്മുടെ ക്യാമ്പസും ആയി ഒന്ന് താരതമ്യപ്പെടുത്തി നോക്കാൻ ലേഖകൻ ശ്രമിക്കുന്നുണ്ട്. സാംസ്കാരിക ബോധം തീരെ ഇല്ലാത്ത കേരള സമൂഹത്തെകുറിച്ച് ഓർത്ത് പരിതപിക്കുകയേ നിർവാഹമുള്ളു . 😀

 അടുത്തദിവസം സന്ദർശനം നടത്തിയത് നാൻജിംഗിൽ ഒരു വാഹന നിർമ്മാണ ഫാക്ടറി സന്ദർശിച്ചപ്പോൾ നിങ്ങളുടെ ടാറ്റയുടെ മുമ്പിൽ ഇതൊന്നുമല്ല എന്ന് പറഞ്ഞ ആ രംഗം വീണ്ടും വീണ്ടും ഓർത്തെടുത്തു കോൾമയിർ കൊള്ളാൻ അവസാനം നമ്മുടെ കഥാകൃത്തിനും ഒരിക്കൽ എങ്കിലും  ഒരു അവസരം ലഭിച്ചു. അത് വായിച്ച നമുക്കും. 🙏

ആ ക്യാമ്പസിൽ ലേഖകന് ഒപ്പം നടക്കാൻ, ചേർത്തുപിടിച്ചു നടത്താൻ ഒരു ചൈനീസ് സുന്ദരി കൂട്ടുണ്ടായി. ചില സൗഹൃദങ്ങൾ ദൈവത്തിൻറെ അദൃശ്യകരങ്ങൾ പോലെയാണ്. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു.അവർ പ്രണയിനികളെ പോലെ നടന്നു എന്ന് വായിച്ചപ്പോൾ ഞാൻ പെട്ടെന്ന് നമ്മുടെ ‘അറബിക്കഥ’ യിലെ ശ്രീനിവാസനെയും ആ ചൈനക്കാരിയെയും ഓർത്തു. ഒരു മാസത്തെ യാത്രാവിവരണക്കുറിപ്പ് അങ്ങനെ അതിൻറെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുന്നു. ഹോക്സി വില്ലേജിലേക്കുള്ള യാത്ര,അവിടെ നിന്ന് ഷാങ്ഹായിലേക്ക്, പിന്നെ അവിടെനിന്ന് ഓറിയൻറൽ പേൾ ടവർ……….അവസാനം ചൈനീസ് വിമാനത്തിൽ ഡൽഹി ലക്ഷ്യമാക്കിയുള്ള മടക്കയാത്ര.

 ഇദ്ദേഹത്തിൻറെ ജീവിതകഥ സുജയിൽ നിന്ന് കുറച്ചൊക്കെ അറിഞ്ഞപ്പോൾ എനിക്ക് തോന്നിയത് പിടിച്ചു കയറാൻ ഉള്ള മനസ്സും മനക്കട്ടിയും  ഉണ്ടെങ്കിൽ നഷ്ടങ്ങളെ നമുക്ക് നേട്ടങ്ങളാക്കി  മാറ്റാൻ സാധിക്കും. പകരം വയ്ക്കാനാവാത്ത വിജയങ്ങൾ നേടിയവരെല്ലാം വൈപരീത്യങ്ങളെ അതിജീവിച്ചിട്ടുള്ളവരത്രേ!

 ഈ അനുഗ്രഹീത തൂലികയിൽ നിന്നും ഇനിയും ഒരുപാട് നല്ല കൃതികൾ കഥാകൃത്ത് നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്. നന്ദി 🙏 നമസ്കാരം 🙏

സ്നേഹാദരമോടെ 

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments