കൃപയും ശക്തിയും നിറഞ്ഞ ശുശ്രൂഷ
(അ.പ്ര. 6:8-15)
” അനന്തരം സ്തേഫാനോസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ
വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു”(വാ.8)
മേശമേൽ ശുശ്രൂഷിക്കുവാനായിതെരഞ്ഞെടുക്കപ്പെട്ട എഴുവരിൽ ഒരുവനായിരുന്നു സ്തേഫാനോസ്. അദ്ദേഹത്തിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള ഒരു രേഖാ ചിത്രമാണു ധ്യാന ഭാഗം പ്രദാനം ചെയ്യുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ എഴുവർ പുതിയ നിയമ ചരിത്രത്തിൽ ശ്രദ്ധേയമായ നാഴികക്കല്ലുകൾ സ്ഥാപിച്ചു. സ്തേഫാനോസ് ക്രൈസ്തവ ചരിത്രത്തിലെ ആദ്യരക്തസാക്ഷിയായി സ്ഥിര പ്രതിഷ്ഠ നേടി. സഭ ചെറിയ ഒരു ശുശ്രൂഷയ്ക്കാണവരെ നിയോഗിച്ചത്. എന്നാൽ, അവരിൽ നിറഞ്ഞു നിന്ന ആത്മാഭിഷേകം, എല്ലാ സങ്കല്പങ്ങളെയും മാറ്റിമറിച്ചു കൊണ്ട്, സുവിശേഷത്തിന്റെ അണയാത്ത ജ്വാലകളായി രൂപാന്തരപ്പെടാൻ അവരെ സജ്ജരാക്കി! ആത്മാഭിഷേകം, ആരുമല്ലാത്തവരെ മഹത്വമണിയിക്കുന്നു. അവഗണിക്കപ്പെട്ട വരെ ശ്രേഷ്ഠ വ്യക്തിത്വങ്ങളാക്കുന്നു. മേശമേൽ ശുശ്രൂഷ ചെയ്യാനായിട്ടായിരുന്നു അവർ തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും, അവർ ശുശ്രൂഷയുടെ ബലിപീഠങ്ങളായി രൂപാന്തരപ്പെട്ടു.
ആദിമ സഭാ സമൂഹത്തിൽ ദൈവം നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്. യൂദയ്ക്കു പകരം അവർ മഥിയാസിനെ തെരഞ്ഞെടുത്തു. എന്നാൽ, ദൈവം പൗലൊസിനെ സുവിശേഷ സേനാനിയാക്കി വിളിച്ചാക്കി. തെരഞ്ഞെടുപ്പിന്റെ ചട്ടക്കൂട്ടിലൊതുങ്ങി മേശമേൽ മാത്രം ശുശ്രൂഷിക്കുന്നവരായി ഏഴുവർ മങ്ങിപ്പോകാതെ ദൈവം അവരെ സുവിശേഷത്തിന്റെ തീക്കലനുകളാക്കി രൂപാന്തരപ്പെടുത്തി. സ്തേഫാനോസ് ശുശ്രൂഷയിൽ മുന്നേറി. അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും
എതിർത്തു നില്പാൻ ആർക്കും കഴിയാതെവണ്ണം (വാ.10), പ്രസംഗകരുടെ പ്രഭുവായി അവൻ രൂപാന്തരപ്പെട്ടു.
ദൈവത്തിനു നമ്മേക്കുറിച്ച് ഒരു പദ്ധതിയുണ്ടെങ്കിൽ, അതു വിഘ്നപ്പെടുത്താൻ ആരു ശ്രമിച്ചാലും, ദൈവം അതിന് നുവദിക്കില്ല. തന്റെ ഉദ്ദശ്യങ്ങൾക്കനുസൃതമായി ദൈവം നമ്മെ ഉപയോഗിച്ചുകൊണ്ടിരിക്കും. ഏതു വിധ പ്രവർത്തന രംഗങ്ങളിലായാലും, ദൈവം നമ്മിൽ പകർന്നിരിക്കുന്ന അഭിഷേകം മറനീക്കി വെളിപ്പെടും. നാം ഏർപ്പെടുന്ന എല്ലാ പ്രവൃത്തികളിലും അതു വെളിപ്പെട്ടു വരും. പക്ഷെ, ദൈവത്തിനു നമ്മെക്കുറിച്ച് ശ്രേഷ്ഠമായ ഒരു ഉദ്ദേശ്യമുണ്ടെന്നു തിരിച്ചറിയുവാനും, അതിന്റെ നിവൃത്തിക്കു വേണ്ടി നമ്മെ സമ്പൂർണ്ണമായി അർപ്പിക്കാനും നമുക്കു കഴിയണം. ദൈവം അതിനു നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: ദൈവം വിളിച്ചവരേയും നിയോഗിച്ചവരേയും മനുഷ്യർക്കാർക്കും പരാജയപ്പെടുത്താനാകില്ല!