തിരുവനന്തപുരം: എകെജി സെന്റർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് കെ സുധാകരനും വി ഡി സതീശനും സമൻസ്. പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. സ്ഫോടന കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു വർഷം മുമ്പാണ് എ.കെ.ജി സെന്‍ററിനു നേരെ ആക്രമണം നടക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയ സംഭവമായിരുന്നു എകെജി സെന്റർ സ്ഫോടനം. രാത്രിയിൽ ഏകദേശം 11.25നാണ് എകെജി സെന്ററിന് നേരെ ആക്രമണം നടക്കുന്നത്. സെന്ററിന്റെ മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിയുകയായിരുന്നു. സിടിവി ദൃശ്യങ്ങളിൽനിന്നും കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് പിന്നീട് കണ്ടെത്തി. സ്ഫോടനത്തിന് പിന്നാലെ വലിയൊരു പ്രകമ്പനം ഉണ്ടായിയെന്നാണ് സമീപത്ത് ഉണ്ടായിരുന്ന ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നത്. മുഖ്യ കവാടത്തിന് മുന്നിലായി ബൈക്ക് നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്നു സ്ഫോടകവസ്തു എറിയുന്ന ദൃശ്യം സിസിടിവിയിൽ നിന്നും ലഭിച്ചു. സ്ഫോടകവസ്തു അകത്തേക്ക് എറിഞ്ഞതിന് ശേഷം വേഗത്തിൽ ബൈക്കുമായി പോവുകയും ചെയ്തു. എകെജി സെന്ററിന്റെ പ്രധാന ഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് കാവൽ ഉണ്ടായിരുന്നില്ല.