ന്യൂഡൽഹി –നീറ്റ് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ മറച്ച് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കുമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
പുനപരീഷാ ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം തുടരും. നീറ്റില്‍ പുനപരീക്ഷ വേണമെന്ന ഹര്‍ജികളിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിശദമായ വാദം കേട്ടത്. പരീക്ഷയുടെ ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവന്നാല്‍ മാത്രമേ ക്രമക്കേടിന്റെ വ്യാപ്തി അറിയാന്‍ കഴിയൂവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നഗരങ്ങളിലും സെന്ററുകളിലും നടന്ന പരീക്ഷകളുടെ മാര്‍ക്കുകളില്‍ വ്യക്തത വരണമെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ മറച്ച് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചു. കൗണ്‍സിലിംഗ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം വീണ്ടും കേള്‍ക്കും. പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും ടെലഗ്രാം വഴിയുളള ചോര്‍ച്ചകള്‍ വ്യാജമായി സൃഷ്ടിച്ചതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരും എന്‍ടിഎയും പ്രധാനമായും വാദിച്ചത്. പരീക്ഷാ ഫലങ്ങളില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കുന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം. എന്നാല്‍ മദ്രാസ് ഐഐടി, എന്‍ടിഎയുടെ മുന്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗമായിരുന്നുവെന്നും റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ഹര്‍ജിക്കാരും വാദിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമാണെന്നും ടെലഗ്രാം വഴിയുളള ചോര്‍ച്ചയിലൂടെ ഗുണഭോക്താക്കളെ വേര്‍തിരിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.ചോദ്യപേപ്പറിന്റെ അച്ചടി, വിതരണം, ഗതാഗതക്രമീകരണങ്ങള്‍, ചോര്‍ച്ച എന്നിവയില്‍ ഇരുഭാഗത്തില്‍ നിന്നും വിശദമായ വാദമാണ് കോടതി കേട്ടത്. ഹസാരി ബാഗിലും പട്നയിലും മാത്രമായി ഒതുങ്ങുന്നതാണ് ചോര്‍ച്ചയെങ്കില്‍ വീണ്ടും പരീക്ഷ നടത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച സംഘടിതമായി നടത്തിയോയെന്ന് ബോധ്യപ്പെടണം. എല്ലാ വിദ്യാര്‍ത്ഥികളെയും ബാധിച്ചെന്ന് വ്യക്തമായാല്‍ മാത്രമേ പുനപരീക്ഷ നടത്താനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കാണണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.