കൊടുവള്ളി: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ തട്ടിക്കാണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതിയെ താമരശ്ശേരി കോടതി റിമാന്റ് ചെയ്തു. കിഴക്കോത്ത് ആവിലോറ പാറക്കല്‍ മുഹമ്മദ് എന്ന ആപ്പുവിനെയാണ് ബംഗളൂരുവില്‍ നിന്ന് പോലിസ് പിടികൂടിയത്.
ബെംഗളൂരു കെങ്കേരിയില്‍ ഒരു ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലിസ് സംഘം പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദുര്‍റസാഖ്(51), സക്കരിയ(36), റിയാസ്(29), മതുകൂട്ടികയില്‍ നാസി എന്ന അബ്ദുന്നാസിര്‍(48)എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്. തട്ടിക്കൊണ്ടു പോവാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.