പ്രിയമുള്ളവരേ,
ഈ ഗാനം മറക്കുമോ എന്ന സംഗീതപാരമ്പരയിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
1970-ൽ നിർമ്മിച്ച ‘അമ്പലപ്രാവ്’ എന്ന പടത്തിലേ ‘താനേ തിരിഞ്ഞും മറിഞ്ഞും..’ എന്ന ഗാനമാണ്.. കേട്ടാൽ ആരും മോഹിച്ചുപോവുന്ന ഈ ഗാനത്തിന്റെ വരികൾ ഭാസ്കരൻമാഷിന്റേതാണ്. ബാബുരാജ് ഈണം കൊടുത്ത ഈ വരികൾ എസ് ജാനകിയുടെ അനുഗ്രഹീത സ്വരമാധുരിയിലൂടെ ജനഹൃദയങ്ങളിലേക്കെത്തി.
അതിമനോരമായ ഒരുമദാലസരാവിൻറെ നിറമുള്ള ആവിഷ്കാരമാണ് ഇവിടെ വരികളിലൂടെ വരച്ചിട്ടിരിക്കുന്നത്. ആകാശത്തിനെ താമരമെത്തയായാണ് വർണ്ണിച്ചിരിക്കുന്നത്. അതിൽ താനേ തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാതെ കിടന്നുരുളുന്നു മധുമാസസുന്ദരചന്ദ്രലേഖ!. നീലാകാശത്തിനെയും ചന്ദ്രലേഖയെയും ആവാഹിച്ച് തന്റെ മലർമെത്തയിലേക്കെത്തിച്ച വർണ്ണശബളമായ ഒരു ര്രാത്രിയുടെ പരമോന്നത പുളകങ്ങൾ വാരി വിതറുകയാണ് ഈ രാപ്പാട്ട്!.
ഇതിലെ വരികൾക്ക് വ്യാഖാനം എഴുതന്നത് മണ്ടത്തരമാണ്. കാരണം പാൽപ്പായസം പോലെ വലിച്ചുകുടിക്കാം ഇത്. എങ്കിലും ചന്ദനക്കട്ടിലും പാതിര വിരിച്ചുകൊടുത്ത ചെമ്പകവെൺ മലർതൂവിരിപ്പുമൊക്കെ ഒന്ന് പറയാതെ പോവുന്നതെങ്ങിന്യാ….. ?
നമുക്ക് ആ തേനൂറും വരികൾകൂടി ഒന്ന് വായിക്കാം
താനേ തിരിഞ്ഞും മറിഞ്ഞും
തൻതാമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസ സുന്ദരചന്ദ്രലേഖ (താനേ..)
ചന്ദനക്കട്ടിലിൽ പാതിരാ വിരിച്ചിട്ട
ചെമ്പക വെണ്‍മലർ തൂവിരിപ്പിൽ
മധുവിധുരാവിനായ് ചുണ്ടുകളിൽ പ്രേമ
മകരന്ദ മഞ്ജരിയേന്തി (താനേ..)
പ്രേമതപസ്വിനി പ്രേമതപസ്വിനി
കാമുക സംഗമവേളയിൽ
നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ
മാനത്തെ പൊന്‍മുകിലിന്നലെ (താനേ..)
വരികളിലെ മധുരം അതിമധുരം. പശ്ചാത്തല സംഗീതത്തിന് അതിനൂതന വിദ്യകളൊന്നുമില്ലാത്ത കാലമായിരുന്നെങ്കിൽപോലും ഇന്നത്തെ നൂതനവിദ്യകളെ തോൽപ്പിക്കുന്ന ഒരു പശ്ചാത്തലം. നമ്മൾ ഇഷ്ടപ്പെട്ടുപോവുന്ന ഈണത്തോടെ ഈ ഗാനം നമുക്ക് സമർപ്പിച്ചിരിക്കയാണ് ബാബുരാജ്.
നമുക്ക് ആ ഗാനം കൂടി ഒന്ന് കേൾക്കാം
പ്രിയപ്പെട്ടവരേ.. ഗാനം കേട്ടുവല്ലോ.. അമ്പത് കൊല്ലങ്ങൾക്കപ്പുറമുള്ള ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ ഹൃദയത്തിൽ സ്വർണ്ണത്തിന് സുഗന്ധം പോലെ ചിന്തേരിട്ട് ചന്തം ചാർത്തി നിൽക്കുന്നു.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും കാണാം.
സ്നേഹപൂർവ്വം,