മൂന്നാർ: ഇരവികുളം ദേശീയോദ്യാനത്തിൽ പുതിയതായി 144 കുഞ്ഞുങ്ങൾ ജനിച്ചു. ഇത്തവണത്തെ കണക്കെടുപ്പിൽ ആകെ 827 വരയാടുകളെയാണ് കണ്ടെത്തിയത്. മൂന്നാർ വന്യജീവി ഡിവിഷന്‍റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന കണക്കെടുപ്പിന്‍റെ ഭാഗമായി ഏപ്രിൽ 29 മുതൽ മെയ് രണ്ടുവരെയാണ് കണക്കെടുപ്പ് നടത്തിയത്.
മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്തവണത്തെ കണക്കെടുപ്പ്. 144 കുഞ്ഞുങ്ങളടക്കം ആകെ 827 വരയാടുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.ഇരവികുളം ദേശീയോദ്യാനം, പാമ്പാടുംചോല, തമിഴ്നാട് അതിർത്തി പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്.
തമിഴ്നാട് വനംവകുപ്പുമായി സഹകരിച്ചായിരുന്നു വരയാടുകളുടെ കണക്കെടുപ്പ്. അതേസമയം ചിന്നാർ മേഖലയിൽ പുതിയതായി ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല.
കഴിഞ്ഞവർഷം 128 കുഞ്ഞുങ്ങൾ ഉൾപ്പെടെ 803 വരയാടുകളാണ് രാജമലയിൽ ഉണ്ടായിരുന്നത്. 33 ബ്ലോക്കുകളായി തിരിഞ്ഞ് 99 ഉദ്യോഗസ്ഥരാണ് കണക്കെടുപ്പ് നടത്തിയത്. മുൻവർഷങ്ങളിലെ കണക്കുകൾപ്രകാരം ഇരവികുളത്ത് വരയാടുകളുടെ എണ്ണം കൂടിവരികയാണ്.
കേരള വനംവകുപ്പും, തമിഴ്നാട് വനംവകുപ്പും യോജിച്ച് ഏകീകൃത രീതിയിലായിരുന്നു കണക്കെടുപ്പ്.ഇരുസംസ്ഥാനങ്ങളിലുമായിക്കിടക്കുന്ന പശ്ചിമഘട്ട വനമേഖലയിലാണ് വരയാടുകൾ കൂടുതലായി കാണപ്പെടുന്നത്. ഇവയെ സംരക്ഷിക്കാനുള്ള പദ്ധതി ഇത്തവണ ബജറ്റിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തനവും തുടങ്ങിയിരുന്നു. അതേസമയം തമിഴ്നാട് ഭാഗത്തുനിന്നുള്ള കണക്കെടുപ്പിന്‍റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.