തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരായ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണവും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. കേസെടുക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെതിരെയാണ് യദു കോടതിയെ സമീപിച്ചത്.
ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ ആരോപണങ്ങളാണ് യദുവിന്‍റെ പരാതിയിലുണ്ടായിരുന്നത്. യദുവിന്‍റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലുമുള്ളത്.
മേയറുമായി തർക്കമുണ്ടായതിന്റെ തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്‌റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു