ഒരു തുള്ളി നീരിനായ് കേഴുന്ന വാനമേ
ദാഹാർത്തയായൊരു വേഴാമ്പൽ
ഞാൻ എൻ്റെ
തൊണ്ടയും വറ്റി വരണ്ടുപോയി
പാറിപ്പറക്കുവാനാവതില്ല.
ചന്ദനക്കാട്ടിലെ പൊത്തിനുള്ളിൽ
എൻ്റെ ഇണക്കിളി കൂട്ടിനുണ്ട്.
ചുട്ടു പൊള്ളുന്നൊരു ചൂടും
സഹിച്ചെൻറെ
കുട്ടികൾ കൂട്ടിൽ മയക്കമായി .
കാട്ടാറ് വറ്റി വരണ്ടുപോയി.
പൂമരം വാടിത്തളർന്നുപോയി.
അലയടിച്ചുയരുന്ന തേങ്ങൽ കേട്ട്
മഴമേഘം താനേ കനിഞ്ഞിറങ്ങി.
രാവേറെ ചെന്നപ്പോൾ
തുള്ളിക്കളിച്ചവൾ
രാത്രിമഴയായി പെയ്തിറങ്ങി.
കാട്ടിലെ പൂമരം പാട്ടുപാടി,
കാട്ടാറ് തുള്ളിക്കളിച്ചുപോയി
ആവോളം വെള്ളം കുടിച്ചവളും തൻ
മക്കൾക്ക് വെള്ളം പകുത്ത് നൽകി.
പുതുമഴ പെയ്തൊരു സന്തോഷത്തിൽ
പാറിപ്പറന്ന് തൻ കൂട് ചുറ്റി.