തിരുവനന്തപുരം: കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവർഷങ്ങളിലും തുടരും. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വർധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് 1950 മുതൽ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തിൽ 0.12 ഡിഗ്രി സെൽഷ്യസ് എന്ന തരത്തിൽ വർധിച്ചതായി പഠനം പറയുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിന് അരികിലെ പ്രദേശങ്ങളിൽ വലിയഭീഷണിയാണ് ഉണ്ടാക്കുന്നത്.2020 മുതൽ 2100 വരെയുള്ള ഓരോ പത്തുവർഷത്തിലും 0.17 മുതൽ 0.38 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപവർധനയുണ്ടാകും. ഇത് കടൽച്ചൂട് 28.5 ഡിഗ്രി സെൽഷ്യസ്‌മുതൽ 30.7 ഡിഗ്രി സെൽഷ്യസ്‌വരെ എന്ന തരത്തിലാക്കും. സമുദ്രതാപം 28 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
നിലവിൽ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസംമുതൽ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രോപരിതലത്തിലെ ചൂട് അമിതമായി വർധിക്കുന്നതോടെ ഓക്സിജൻ, കാർബൺ, പോഷകങ്ങൾ തുടങ്ങിയവയുടെ അടിത്തട്ടിലേക്കുള്ള കൈമാറ്റം തടയപ്പെടും.അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ വർധന സമുദ്രജലത്തെ അമ്ലവത്കരിക്കുന്നത് വേഗത്തലാക്കും. ഇത് പവിഴപ്പുറ്റ് ഉൾപ്പെടെയുള്ളവയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.