” ആരോഗ്യമാണ് നാമേറ്റവും അനാരോഗ്യകരമായി കയ്യാളുന്ന വിഷയം “
വിൻസ്റ്റൺ ചർച്ചിൽ
ഒരു വ്യക്തിയുടെ ആരോഗ്യമാണ് അയാളുടെ സമ്പത്ത്. അഹങ്കരിച്ചു നടക്കുന്നയാളുകൾ ചില ഹോസ്പിറ്റൽ വാർഡുകളിൽ ചെല്ലണം കാരണമവിടെ ഓരോ മനുഷ്യരും അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടാൽ എല്ലാ അഹങ്കാര സ്വഭാവങ്ങളും മാറ്റി ദൈവമേയെന്ന് വിളിച്ചു പോകും. മനുഷ്യന്റെ ആരോഗ്യ കാര്യങ്ങളിലുള്ള സമീപനമാണ് ഇപ്പോളത്തെ അനാരോഗ്യത്തിന്റെ പ്രധാന പ്രശ്നം. ആളുകൾ കെമിക്കൽ ഫുഡ് വാങ്ങി കഴിച്ചിട്ട് സ്വയം രോഗങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.
ആധുനിക യുഗത്തിലേയ്ക്ക് കടന്നതോടെ പഴയ ഭക്ഷണ ശീലങ്ങളിൽ മാറ്റം വന്നു. നാടൻ രീതികൾ മറന്നു പുതിയ ആഹാരരീതികൾ വന്നതോടെ രോഗങ്ങളും കൂടി. ആളുകൾ പൊങ്ങച്ചത്തിന്റെയും, ആഡംബരത്തിന്റെയും പുറകേ പോയി നിത്യ രോഗികളായി മാറി.
സമൂഹ മാധ്യമങ്ങളിലൂടെ കാണുന്ന പരസ്യങ്ങളിലൂടെ മനസ്സിലേക്കും അതുവഴി തീൻമേശകളിലേയ്ക്കും ടിൻ ഭക്ഷണ സംസ്ക്കാരം വന്നു ചേർന്നു. വിവിധ രാജ്യങ്ങളിലിരുന്നു അവരുടെ സാമ്പത്തിക ഉന്നമനത്തിനു വേണ്ടി തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയറിയാൻ വാങ്ങുകയും, പിന്നീടതിന് കീഴ്പ്പെടുന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്.
നമ്മുടെ നാട്ടിലിപ്പോൾ കാണുന്ന നിത്യ സംഭവമാണ് സുലഭമായി ലഭിക്കുന്ന ചക്ക പത്തും ഇരുപതും രൂപയ്ക്ക് മറ്റ് സംസ്ഥാനക്കാർക്ക് വിറ്റിട്ട്, അവരത് കൊണ്ടുപോയി പഴകിയ എണ്ണയിലിട്ട് വറുത്തു കിലോയ്ക്ക് അഞ്ഞൂറു രൂപയ്ക്ക് തിരികെ നമ്മുടെ സംസ്ഥാനത്തു കൊണ്ടുവരുമ്പോളത് വാങ്ങി പൊങ്ങച്ചം പറഞ്ഞു രുചിയോടെ കഴിക്കുന്നത് കാണാം. ഏതിലും മാറ്റങ്ങൾ അനിവാര്യമാണ് എന്നാലെല്ലാം അതേപടി മറുവശങ്ങളൊന്നും നോക്കാതെ ഉപയോഗിക്കുന്ന കാഴ്ചപ്പാടുകൾ മാറണം.
എല്ലാ രംഗത്തുനിന്നുമതിലെ നല്ല വശങ്ങൾ സ്വീകരിക്കുകയും അല്ലാത്തവയെ തള്ളിക്കളയുകയും വേണം. അതാണ് വിവേകമുള്ളവർ ചെയ്യേണ്ടത്. നഷ്ടപ്പെട്ട നാടൻ രീതികളും,നന്മകളും വീണ്ടെടുക്കാം. ആരോഗ്യമുള്ള ജനതയും വിവേകപൂർണ്ണമായ തീരുമാനങ്ങളുമാകട്ടെ ഓരോ വ്യക്തികളുടെയും ലക്ഷ്യം.
ചിലയുറച്ച തീരുമാനങ്ങളോടെ പുതിയ പുലരിയെ വരവേൽക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ ശുഭദിനം.