ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങളായാണ് ഡയറ്റ് സോഡകള്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഡയറ്റ് സോഡകളുടെ അമിത ഉപയോഗം കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത്തരം ഉത്പന്നങ്ങളുടെ അമിത ഉപയോഗം ബോഡി മാസ് ഇന്‍ഡക്‌സ് വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എംഎഎസ്എല്‍ഡി) ഉണ്ടാകാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍.
ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. ഡയറ്റ് സോഡകള്‍ കുടിക്കുന്നത് ഉയര്‍ന്ന ബിഎംഐ, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഡയറ്റ് സോഡകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കരള്‍ രോഗത്തിനും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.
ഡയറ്റ് സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എംഎഎസ്എല്‍ഡി ഏറ്റവും സാധാരണമായ കരള്‍ രോഗങ്ങളില്‍ ഒന്നാണ്. ലോക ജനസംഖ്യയുടെ 46 ശതമാനത്തിലും രോഗം ബാധിക്കുന്നതായാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എംഎഎസ്എല്‍ഡിയെ നേരത്തെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി) എന്നാണ് വിളിച്ചിരുന്നത്. 2023 ജൂണിലാണ് രോഗത്തിന്റെ പേര് മാറ്റിയത്.