പാരീസ് ഒളിമ്പിക്സിന് ഇനി 100 നാള്‍; ഉദ്ഘാടനം ജൂലായ് 26-ന്. 3 _5 വേദികള്‍ 32 കായിക ഇനങ്ങള്‍ 329 മത്സരങ്ങള്‍ 200-ലേറെ രാജ്യങ്ങള്‍ 10500 താരങ്ങൾ.
ഫ്രാൻസിന് ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പ്, കായികതാരങ്ങൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം, പാരീസിന് ഒരുക്കങ്ങളുടെ ഏഴുവർഷം. കാത്തിരിപ്പും പ്രതീക്ഷയും ഒരുക്കവും അവസാന ലാപ്പിലേക്ക് അടുക്കുന്നു. ഇനി കൃത്യം നൂറാംനാൾ പാരീസിന്റെ മണ്ണിൽ 33-ാം ഒളിമ്പിക്സിന് ദീപം തെളിയും. മത്സരവേദിയിൽ കൊളുത്താനുള്ള ദീപശിഖ ചൊവ്വാഴ്ച ഗ്രീസിലെ ഒളിമ്പിയയിൽനിന്ന് പ്രയാണം തുടങ്ങി. ജൂലായ് 26-നാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനം. തുടർന്ന് 16 നാൾ ദീപശിഖയിലെ വെളിച്ചം ലോകത്തെ പ്രകാശമാനമാക്കും. നാലുവർഷത്തിനുശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഓഗസ്റ്റ് 11-ന് പലവഴി പിരിയും.
പുതുമകളെയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച നാടാണ് പാരീസ്. ഒളിമ്പിക്സ് വേദിയിലും പുതുമ കൊണ്ടുവരാൻ അശ്രാന്തപരിശ്രമത്തിലാണവർ. യുദ്ധവും പലായനങ്ങളും വംശഹത്യകളും ഏകാധിപത്യവും കൂട്ടക്കൊലകളും അവസാനമില്ലാതെ തുടരുമ്പോൾ മനുഷ്യന്റെ ഇച്ഛാശക്തി മറ്റെല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുന്ന അപൂർവസന്തോഷത്തിന്റെ വേദിയാണ് ഒളിമ്പിക്സ്. ഇരുനൂറിലേറെ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 10500 കായികതാരങ്ങൾ ഇവിടെയുണ്ടാകും. ഇത്രയും ആളുകളെ, ഇത്രയേറെ നാടുകളെ, ഇത്രയും വിശാലമായ സ്വപ്നങ്ങളെ, ഇത്രയേറെ പ്രതീക്ഷകളെ ഒന്നിപ്പിക്കുന്ന മറ്റൊരു വേദിയില്ല. ഇവിടെ പരാജിതരില്ല… പങ്കെടുക്കുന്നവരും പങ്കിടുന്നവരും മാത്രം
ഉദ്ഘാടനം പൊതുവേദിയിൽ.
128 വർഷം നീണ്ട ആധുനിക ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി, ഉദ്ഘാടനച്ചടങ്ങുകൾ പൊതുവേദിയിൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന സീൻ നദിയിലൂടെ ബോട്ടിലായിരിക്കും താരങ്ങളുടെ മാർച്ച് പാസ്റ്റ്. ഇതുകഴിഞ്ഞ്, ചരിത്രപ്രസിദ്ധമായ ഈഫൽ ടവറിനുമുന്നിലെ ട്രൊക്കാഡെറോ ഉദ്യാനത്തിൽ മത്സരത്തിന്റെ മണിമുഴങ്ങും. പൊതുവേദിയിൽ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. സുരക്ഷാപ്രശ്നങ്ങളെത്തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചേക്കുമെന്നും വാർത്തയുണ്ട്. സുരക്ഷയുടെ കാര്യത്തിൽ സർക്കാരിന് കടുത്ത ആശങ്കയുണ്ട്. ഒളിമ്പിക്സ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈയിടെ പറഞ്ഞിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ ആറു ലക്ഷത്തോളംപേർ പങ്കെടുക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചെങ്കിലും അത് മൂന്നുലക്ഷമായി ചുരുക്കിയത് അതുകൊണ്ടാണ്. ഉദ്ഘാടനത്തിന് പ്ലാൻ ‘എ’ യും ‘ബി’യും ‘സി’യുമുണ്ടെന്നും കഴിഞ്ഞദിവസം മാക്രോൺ പറഞ്ഞു.
ഭാഗ്യചിഹ്നം.
ഫീജാണ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. ഫ്രഞ്ച് വിപ്ലവകാലത്ത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ധരിച്ചിരുന്ന ഫീജ് തൊപ്പിയിൽനിന്നാണ് ഭാഗ്യചിഹ്നം രൂപപ്പെടുത്തിയത്.
ലിംഗനീതിയുടെ മേള.
ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് മത്സരവേദിയിലെ സ്ത്രീ-പുരുഷ അനുപാതം പാരീസിൽ തുല്യമാകും. ഇവിടെ മത്സരിക്കുന്ന 10500 ആളുകളിൽ നേർപകുതി സ്ത്രീകളുണ്ടാകും. 1896-ലെ പ്രഥമ ഒളിമ്പിക്സിൽ സ്ത്രീകളെ മത്സരിപ്പിച്ചിരുന്നില്ല. 1900-ത്തിൽ പാരീസിലാണ് മത്സരരംഗത്തെത്തിയത്, അതും ചുരുക്കം ചിലയിനങ്ങളിൽ മാത്രം. 2020 ടോക്യോ ഒളിമ്പിക്സിലെത്തിയപ്പോൾ സ്ത്രീകൾ 47.8 ശതമാനമായി ഉയർന്നു. അതേ പാരീസിൽത്തന്നെയാണ് സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
നൂറ്റാണ്ടിന്റെ ആഘോഷം.
ആധുനിക ഒളിമ്പിക്സിന്റെ പിതാവായ പിയറി ഡി കുബെർട്ടിന്റെ നാട്ടിലേക്ക് മഹാ കായികമേള തിരിച്ചെത്തുന്നത് ഒരു നൂറ്റാണ്ടിനുശേഷം. 1896-ൽ, ഗ്രീസിലെ ഏഥൻസിലാണ് ആധുനിക ഒളിമ്പിക്സ് തുടങ്ങിയത്. 1900-ത്തിൽ രണ്ടാം എഡിഷൻ പാരീസിലായിരുന്നു. 1924-ലും ഈ നഗരം ആതിഥേയരായി. ഇതോടെ, മൂന്നുതവണ ഒളിമ്പിക്സിന് വേദിയായ രണ്ടാം നഗരമാകും പാരീസ്. ലണ്ടനിൽ 1908, 1948, 2012 വർഷങ്ങളിൽ മേള നടന്നിരുന്നു.
ബ്രേക്കിങ്.
ബ്രേക്ക് ഡാൻസ് ആദ്യമായി ഒളിമ്പിക്സ് മത്സരയിനമാകുന്നു. ആതിഥേയ രാജ്യത്തിന് തിരഞ്ഞെടുക്കാവുന്ന പ്രത്യേക കായികയിനങ്ങളിൽ ഒന്നായാണ് ബ്രേക്ക് ഡാൻസിനെ തിരഞ്ഞെടുത്തത്. 2020 ടോക്യോ ഒളിമ്പിക്സിലുണ്ടായിരുന്ന സ്കേറ്റ് ബോർഡിങ്, സ്പോർട് ക്ലൈംബിങ്, സർഫിങ് മത്സരങ്ങൾ തുടരും.
മെഡലിൽ ഈഫലും.
ഇക്കുറി മെഡൽജേതാക്കൾ ഈഫൽ ഗോപുരത്തിന്റെ ചരിത്രവും കൂടെക്കൊണ്ടുപോകും. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് നൽകുന്ന സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകളിൽ. ഫ്രാൻസിന്റെ അഭിമാനചിഹ്നമായ ഈഫൽ ഗോപുരത്തിലെ ഇരുമ്പുകമ്പിയുടെ ഒരു ചെറിയ അംശംകൂടി ഉൾപ്പെടുത്താൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
ഹരിതമേള.
ചരിത്രത്തിലെ ഏറ്റവും പ്രകൃതിസൗഹൃദ ഒളിമ്പിക്സാകും പാരീസിലേതെന്ന് സംഘാടകർ പറയുന്നു. മേളയുടെ ഭാഗമായ കാർബൺ ബഹിർഗമനം മുൻ മേളകളെ അപേക്ഷിച്ച് പകുതിയായി കുറയ്ക്കുമെന്ന് സംഘാടകർ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ടോക്യോ, റിയോ മേളകളിലെ കാർബൺ ബഹിർഗമനം 35 ലക്ഷം ടൺ ആയിരുന്നെങ്കിൽ ഇക്കുറി അത് 17.5 ലക്ഷമായി കുറയ്ക്കുമെന്നാണ് വാഗ്ദാനം. ഒളിമ്പിക്സിന്റെ വേദികളിലേറെയും മുമ്പ് ഉപയോഗിച്ചവയാണ്. ഒളിമ്പിക് വേദിയിൽ ജിയോതെർമൽ, സോളാർ വൈദ്യുതി ഉത്പാദിപ്പിക്കും. ഗെയിംസ് വില്ലേജും മറ്റുപകരണങ്ങളുമെല്ലാം പുനരുപയോഗിക്കാവുന്ന രീതിയിലാണ് നിർമിച്ചത്.