Friday, October 18, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 07 | ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 07 | ഞായർ

കപിൽ ശങ്കർ

🔹കോഴിക്കോട് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിങ് ഓഫീസര്‍ പിബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിഎംഇ ആണ് നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിയമന ഉത്തരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സമരം അവസാനിപ്പിക്കുമെന്നും പറഞ്ഞ അനിത സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമ നടപടി തുടരുമെന്നും തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കുമെന്നും പറഞ്ഞു.

🔹പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി. പ്രതിയുമായുള്ള തെളിവെടുപ്പിലാണ് സ്ഫോടനം നടന്ന വീടിനോട് ചേര്‍ന്ന പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് ബോംബുകള്‍ കണ്ടെത്തിയത്. പാനൂരില്‍ നിര്‍മിച്ചത് സ്റ്റീല്‍ ബോംബുകളാണെന്നും തെളിവെടുപ്പില്‍ വ്യക്തമായി.

🔹സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മഴ സാധ്യത.

🔹കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുറപ്പിച്ച് ഗതാഗതമന്ത്രി. പരിഷ്‌കാരങ്ങളടങ്ങിയ ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയാന്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ക്ക് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കും. ബസില്‍ സീറ്റുണ്ടെങ്കില്‍ യാത്രക്കാര്‍ കൈ കാണിച്ചാല്‍ നിര്‍ത്തണമെന്നും രാത്രിയാണെങ്കില്‍ 10 മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണമെന്നും നിര്‍ത്തുന്ന സ്ഥലം യാത്രക്കാര്‍ക്ക് കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

🔹മൂവാറ്റുപുഴയില്‍ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പ്രതികള്‍ക്കെതിരെ പരമാവധി തെളിവ് ശേഖരിക്കും. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന പറഞ്ഞു.

🔹കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും.കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാണ്.

🔹അയല്‍രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയില്‍ വന്ന് കുറ്റകൃത്യം ചെയ്ത് പാക്കിസ്ഥാനിലേക്ക് കടക്കുന്നവരെ അവിടെ ചെന്ന് വധിക്കാന്‍ ഇന്ത്യയ്ക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വെറുതെ വിടില്ല. അന്യ രാജ്യങ്ങളുടെ ഒരിഞ്ചു ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇങ്ങോട്ട് ഉപദ്രവിക്കാന്‍ വന്നാല്‍ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔹കോട്ടയം: നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.
ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക് പോയ ഭര്‍ത്താവ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
ഒരുമാസം മുന്‍പാണ്, ഓണ്‍ലൈന്‍ പഠനത്തിനായി യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

🔹പത്തനംതിട്ട: ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷിനെയാണ് റാന്നി പോലീസ് തിരുവനന്തപുരം പാലിയോടുനിന്ന് പിടികൂടിയത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവുമായുള്ള ഇന്‍സ്റ്റഗ്രാം സൗഹൃദവും പീഡനവും പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടി പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീടുവിട്ടിറങ്ങി. എറണാകുളത്തേക്ക് പോവുകയാണെന്നും അവിടെ ജോലിയില്‍ പ്രവേശിക്കുകയാണെന്നും കത്തെഴുതിവെച്ചിട്ടാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയും പെണ്‍കുട്ടിയും സൗഹൃദത്തിലാണെന്ന് കണ്ടെത്തി.
പിതാവിന്റെ മൊബൈല്‍ഫോണിലൂടെയാണ് 17-കാരി ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് ഈ ഫോണ്‍ പരിശോധിച്ചതോടെയാണ് അനീഷുമായുള്ള ബന്ധം കണ്ടെത്തിയത്. മൂന്നുവര്‍ഷമായി ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പഠനത്തിനായി വീട്ടില്‍നിന്ന് പത്തനംതിട്ടയിലെത്തിയ പെണ്‍കുട്ടിയെ നഗരത്തിലെ ഒരുലോഡ്ജില്‍വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും മൊഴിയുണ്ട്.

🔹ഐപിഎല്‍ 2024ലെ ‘റോയല്‍’ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 72 പന്തില്‍ 113 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 58 പന്തില്‍ 100 റണ്‍സെടുത്ത ജോസ് ബട്ലറുടേയും 42 പന്തില്‍ 69 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും കരുത്തില്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കളിച്ച നാല് കളികളിലും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

🔹ജയിലറിന്’ ശേഷം വിനായകന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും. അന്‍വര്‍ റഷീദിന്റെ ‘ബ്രിഡ്ജ്’ സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ആണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ഈ വര്‍ഷം ഓണം റിലീസായി സിനിമ തിയേറ്ററില്‍ എത്തിക്കും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments