തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് ചതിയിൽ പെട്ട് റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിലെത്തി. സെക്യൂരിറ്റി ജോലിക്കായി 7 ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ ഏജന്റിന് കൈമാറിയതെന്ന് പ്രിൻസ് മാധ്യമങ്ങളോട് പറഞ്ഞു. 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു.
റഷ്യയിലെ യുദ്ധമുഖത്ത് 150ഓളം ഇന്ത്യക്കാരുണ്ടെന്നും പ്രിൻസ് പറഞ്ഞു. അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ് സെബാസ്റ്റ്യൻ റഷ്യയിൽ നിന്നും ദിവസങ്ങൾക്ക് മുൻപേ ദില്ലിയിലെത്തിയിരുന്നു. സി ബി ഐ സംഘത്തിന് വിവരങ്ങൾ കൈമാറിയ ശേഷം ദില്ലിയിൽ നിന്നും വിമാനമാർഗം ഇന്നലെ രാത്രി 12.45 ഓടെയാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്.
യുദ്ധമുഖത്തെ അനുഭവങ്ങൾ പ്രിൻസ് മാധ്യമങ്ങളോട് പങ്കുവെച്ചു. മകൻ തിരിച്ചെത്തിയതിൽ സന്തോഷമെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. പ്രിൻസ് ഉൾപ്പെടെ മൂന്നുപേരെയാണ് സെക്യൂരിറ്റി ജോലി എന്ന വ്യാജേന റഷ്യൻ കൂലിപട്ടാളത്തിലേക്ക് കൊണ്ടുപോയത്. സെക്യൂരിറ്റി ജോലിക്കായി ഏഴുലക്ഷം രൂപ തുമ്പ സ്വദേശി പ്രിയന് കൈമാറിയത്.
റഷ്യയിൽ സ്വീകരിക്കാനെത്തിയത് അലക്സ് എന്ന മലയാളിയായിരുന്നു. റഷ്യൻ ഭാഷയിലെ കരാറിൽ ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ക്യാംപിലേക്ക് കൊണ്ടുപോയത്. 23 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധത്തിനയച്ചു. ആദ്യദിനം തന്നെ വെടിയേറ്റ് കാലിനും മുഖത്തും പരിക്കേറ്റു.
ഭൂമിക്കടിയിലൂടെയുള്ള തുരങ്കം വഴിയാണ് രക്ഷപ്പെട്ടത്. പിന്നീട് സൈനിക ആശുപത്രിയിൽ ചികിത്സ നൽകി. അപകടം നടക്കുമ്പോൾ വിനീതും കൂടെയുണ്ടായിരുന്നു. ഇവിടെ യുദ്ധ മുഖത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം ഇന്ത്യാക്കാരുണ്ടെന്നും പറഞ്ഞു.