തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങുന്നതിനും,പോസ്റ്റ് ഇടുന്നതിനുംവിലക്കേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമാകാതെയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷകള്‍ വന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിയാല്‍ ചട്ടലംഘനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലെയുള്ള ഇടങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ പരസ്യവരുമാനം ഉള്‍പ്പെടെ സാമൂഹികനേട്ടങ്ങള്‍ ലഭിക്കും. ഇത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ 48-ാം വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കാരണത്താല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും ആരോഗ്യവകുപ്പ് ജീവനക്കാര്‍ നല്‍കുന്ന അപേക്ഷകള്‍ ജില്ലാ തലത്തിലോ സ്ഥാപനതലത്തിലോ നിരസിക്കുമെന്നും ഉദ്യോഗസ്ഥരെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.