ഉത്തർപ്രദേശ് —ആത്മർത്ഥതയുടെ പര്യായമായി ഒരു മനുഷ്യൻ. ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാനെന്ന ചൊല്ലിന് ഈ ഉത്തർ പ്രദേശുകാരൻ അപഖ്യാതിയാണ്. കാരണം കഴിഞ്ഞ 26 വർഷമായി ക്ലാർക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇതുവരെയെടുത്തത് ഒരേയൊരു ലീവാണ്. സംഭവം വിചിത്രമെന്നു തോന്നുമെങ്കിലും സത്യമാണ്. ഉത്തർപ്രദേശിലെ ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ക്ലർക്കായ തേജ്പാൽ സിംഗാണ് ജോലിയെ ലഹരിയാക്കിയ ഈ ഉദ്യോഗസ്ഥൻ.
ഞായറാഴ്ചകളിലും, ആഘോഷ ദിവസങ്ങളായ ഹോളി, ദീപാവലി എന്നീ ദിവസങ്ങളിൽപ്പോലും ജോലിക്കെത്തും. ഈ 26 വർഷത്തിൽ 2001ൽ സഹോദരന്റെ വിവാഹത്തിനായിരുന്നു ലീവ് ചോദിച്ചത്.ആത്മാർത്ഥതയുടെ പ്രതിരൂപമായ തേജ്പാൽ സിംഗ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും തന്റെ പേരെഴുതി ചേർത്തു.
ഭാര്യയ്‌ക്കും നാല് കുട്ടികൾക്കുമൊപ്പം ബിജ്നോറിലാണ് തേജ്പാലിന്റെ താമസം. ഒപ്പം അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാരുമുണ്ട് കമ്പനി വർഷത്തിൽ 45 ലീവുകൾ അനുവദിക്കുന്നുണ്ടെങ്കിലും ഇതൊന്നും തേജ്പാൽ സിംഗിന് വേണ്ട. കമ്പനി തന്നെ പലകുറി അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ലീവെടുക്കാറില്ല. എന്നാൽ ഇത്തരത്തിൽ അവധിയില്ലാതെ ജോലി ചെയ്യുന്നത് ഇദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചിലരിൽ സ്വകാര്യ ആവശ്യങ്ങൾപ്പോലും ജോലികൾക്കായി പതിവായി വേണ്ടെന്ന് വയ്‌ക്കുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുമെങ്കിലും തേജ് പാൽ സിംഗിന് ജോലിക്ക് ഹാജരായില്ലെങ്കിലാണ് സങ്കടം. വിദഗ്ദർ ഇദ്ദേഹം തുടർച്ചയായി ജോലി ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.