തിരുവനന്തപുരം —തിരുവനന്തപുരത്തെ 10 സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. COP26ലെ ഇന്ത്യന്‍ പ്രമേയമായ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കര നിംസ് മെഡി സിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ചടങ്ങില്‍ അവതരിപ്പിച്ച മന്ത്രി, വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി തലസ്ഥാനത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്. ഡിജിറ്റല്‍ അടിസ്ഥാന വികസന മേഖലയില്‍ ഇന്ത്യ നിര്‍മ്മിച്ച പൊതു സംവിധാനങ്ങള്‍ ഇന്ന് 32 വിദേശ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 2014 മുതലുള്ള ആദ്യ അഞ്ചു വര്‍ഷം ഇന്ത്യയെ പുനര്‍ നിര്‍മ്മിക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവണ്‍മെന്റ് നടത്തിയത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടര്‍ന്നുള്ള അഞ്ചു വര്‍ഷം കേന്ദ്രം പ്രവര്‍ത്തിച്ചത്.
ഇന്നത്തെ യുവതലമുറയ്ക്ക് ലഭിക്കുന്ന പുതിയ ഇന്ത്യ പൂര്‍ണ ശേഷിയുള്ള ഇന്ത്യയാണ്. പുതിയ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച കണക്കിലെടുത്താല്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭാഗ്യമുള്ള തലമുറയാണ് ഇന്നത്തെ വിദ്യാര്‍ഥി സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മിത ബുദ്ധി തൊഴില്‍ നഷ്ടമുണ്ടാക്കില്ലെന്നും തൊഴില്‍ ശൈലിയും തൊഴില്‍ സംസ്‌കാരവും മാറുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി വിക്ഷേപിച്ച ആദ്യ സാറ്റലൈറ്റായ എന്‍ ഐ യു സാറ്റിന്റെ മാതൃക അനാശ്ചാദനം ചെയ്ത മന്ത്രി യൂണിവേഴ്‌സിറ്റി അടുത്തതായി വിക്ഷേപിക്കുന്ന സാറ്റലൈറ്റായ നാനാജി സാറ്റിന്റെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. ചടങ്ങില്‍ നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസല്‍ഖാന്‍ സംസാരിച്ചു.