Sunday, November 24, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 10, 2024 ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 10, 2024 ഞായർ

കപിൽ ശങ്കർ

🔹ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. അടുത്ത ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. അപ്രതീക്ഷിത രാജി ആശങ്കാജനകമെന്ന് പ്രതിപക്ഷ കക്ഷികള്‍.

🔹കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി തീവണ്ടി തടയും. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ നാലു മണിക്കൂര്‍ റെയില്‍പ്പാതകള്‍ ഉപരോധിക്കാനാണ് ആഹ്വാനം. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ കേന്ദ്രത്തെ കര്‍ഷകരുടെ ശക്തിയറിയിക്കാനാണ് തീവണ്ടി തടഞ്ഞുള്ള പ്രതിഷേധമെന്ന് കര്‍ഷകനേതാവ് സര്‍വന്‍ സിങ് പന്ദേര്‍ വ്യക്തമാക്കി.

🔹വര്‍ക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി ശക്തമായ തിരയില്‍ തകര്‍ന്ന് 15 പേര്‍ക്ക് കടലില്‍ വീണ് പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഹൈദരാബാദ് സ്വദേശിനിയായ 26കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പാലത്തിന്റെ കൈവരി തകര്‍ന്നാണ് ആളുകള്‍ കടലില്‍ വീണത്.

🔹സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 9% വര്‍ദ്ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 4% വര്‍ധിപ്പിച്ചിരുന്നു. ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചത്.

🔹പത്മജയെ ബിജെപിയില്‍ എത്തിച്ചത് മോദി-പിണറായി ബന്ധത്തിലെ ഇടനിലക്കാരനെന്ന് ആവര്‍ത്തിച്ച് കെ. മുരളീധരന്‍. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്നത് ലോക്നാഥ് ബെഹ്റയാണ് എന്ന് കെ മുരളീധരന്‍ ആരോപിച്ചു. ബെഹ്റയുടെ മെട്രോ എംഡിയെന്ന സ്ഥാനം ആലങ്കാരികം ആണെന്ന് മുരളീധരന്‍ പറഞ്ഞു. മുരളീധരനെതിരായുള്ള പത്മജയുടെ ആരോപണങ്ങളെ ക്കുറിച്ച് ചോദിച്ചപ്പോള്‍ ബി ജെ പി ക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയാന്‍ മനസില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു.

🔹കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് ഷമാ മുഹമ്മദ്. സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒട്ടുംതന്നെ പ്രാധാന്യം നല്‍കിയില്ല. രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീ പ്രാതിനിധ്യത്തെകുറിച്ചാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. സംവരണ സീറ്റ് ആയതുകൊണ്ട് മാത്രമാണ് രമ്യ ഹരിദാസിന് സീറ്റ് ലഭിച്ചത് എന്നും ഷമ മുഹമ്മദ് പറഞ്ഞു.

🔹ഇരുചക്രവാഹനങ്ങളില്‍ ഇനി മുതല്‍ രണ്ടില്‍ കൂടുതല്‍ പേരെ കയറ്റിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

🔹തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് .രണ്ടു മൃതദേഹങ്ങളുടെയും കാലപ്പഴക്കത്തില്‍ വലിയ വ്യത്യാസമുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

🔹കട്ടപ്പന ഇരട്ട കൊലപാതകത്തില്‍ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു. സുഹൃത്തായ വിഷ്ണുവിന്റെ പിതാവ് വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതകമാണോ ഇതെന്ന് പോലിസ് സംശയിക്കുന്നു.

🔹ഡല്‍ഹിയിലെ റോഡരികില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടത്തിയ വിശ്വാസികള്‍ക്കു നേരെ അക്രമം നടത്തിയ പൊലീസുകാരനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശിച്ചു. നമസ്‌കരിച്ചവരെ ചവിട്ടുകയും അടിയ്ക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.

🔹മഹാശിവരാത്രി റാലിക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന റാലിയ്ക്കിടെയാണ് സംഭവം. റാലിക്കിടെ കുട്ടികളില്‍ ഒരാളുടെ കൈയിലിരുന്ന 20 അടി നീളം വരുന്ന പൈപ്പ് വൈദ്യൂതി ലൈനില്‍ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്

🔹കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം. ഹാസന്‍ ജില്ലയിലെ വിദ്യാ സൗധ കോളേജിലെ ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥിനി എത്തിയതിന് പിന്നാലെ, ചില വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചു.

🔹പശ്ചിമ ബംഗാളില്‍ ഈ വര്‍ഷത്തെ രാമ നവമിക്ക് പൊതു അവധി. ഇത് ആദ്യമായാണ് രാമ നവമിക്ക് ബംഗാള്‍ സര്‍ക്കാര്‍ ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ 17നാണ് രാമ നവമി. ഇന്നലെ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് മുന്നോടിയായാണ് മമത സര്‍ക്കാരിന്റെ പ്രഖ്യാപനം.

🔹ബിഇഎംഎല്‍ നിര്‍മ്മിക്കുന്ന വയര്‍ലെസ് നിയന്ത്രണ സംവിധാനമടക്കമുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ എത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

🔹വനിതാ ഐപിഎല്ലില്‍ ഗുജറാത്ത് ജെയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ പുറത്താവാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേടിയ 95 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനെ ജയത്തിലേക്ക് നയിച്ചത്.

🔹മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്നും തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും തമിഴില്‍ എഴുതിയ ബ്ലോഗിലൂടെ ജയമോഹന്‍ വിമര്‍ശിച്ചു.

🔹ഈ വേനല്‍ കാലത്ത് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്റെ ‘കോപ്പ് അങ്കിള്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ധ്യാന്‍ ശ്രീനിവാസനും വസിഷ്ഠും (മിന്നല്‍ മുരളി ഫെയിം) ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടിമുടി ഒരു ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്നര്‍ ആണെന്നാണ് പോസ്റ്റര്‍ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. ‘കോപ് അങ്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ വൈറലാണ്. സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വര്‍ഗ്ഗീസ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ദേവിക എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോര്‍പറേഷനും നെക്സ്റ്റല്‍ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രം ഒരുക്കുന്നത്. സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിര്‍മ്മാണം. പയസ് തോമസ്, നിതിന്‍ കുമാര്‍ എന്നിവരാണ് കോപ്രൊഡ്യൂസര്‍മാര്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments