ന്യൂഡൽഹി —-ഡൽഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ബന്ധിപ്പിക്കുന്ന ‘ദ്വാരക എക്സ്പ്രസ്‌വേ’ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഒന്നരപ്പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമിടുന്നത്. മാധ്യമങ്ങളെ ഉദ്ഘാടനവിവരം അറിയിച്ചത് കേന്ദ്രമന്ത്രി ഇന്ദ്രജിത് സിങ്ങാണ്. ഒരിക്കലും പണിതീരാത്ത പാതയെന്ന കുപ്രസിദ്ധി ദ്വാരക ഇക്കാലയളവിനിടയിൽ നേടിയിരുന്നു. പല തടസ്സങ്ങളെ മറികടന്നാണ് ഒടുവിൽ പാതയുടെ പണി പൂർത്തീകരിച്ചിരിക്കുന്നത്.
2023 ഡിസംബറോടെ ദ്വാരക എക്സ്പ്രസ്‌വേയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കഴിഞ്ഞവർഷം ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. ആ സമയം പാലിച്ച് പണി പൂർത്തീകരിച്ചെങ്കിലും ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാഓഡിറ്റിനായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സുരക്ഷാ ഓഡിറ്റ് പൂർത്തിയായി. രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എക്സ്പ്രസ്‌വേ. 10,000 കോടി രൂപമുതല്‍ മുടക്കിയാണ് ഡല്‍ഹിയെയും ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്ന ആ റോഡ് പണി തീർത്തിരിക്കുന്നത്.
നിയന്ത്രിത പ്രവേശനമുള്ള രാജ്യത്തെ ആദ്യ എട്ടുവരിപ്പാതയെന്ന വിശേഷണവും ഈ പാതയ്ക്കുണ്ട്.ഡൽഹിയിൽ നിന്ന് ദ്വാരക എക്സ്പ്രസ്‌വേയിലൂടെ ഒരു റോഡ് ഷോ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുകയാണ്. റാലിയിൽ 5000 പേർ പങ്കെടുക്കും. ഗുഡ്ഗാവ് ലോക്സഭാ മണ്ഡലത്തിലെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലിയായി ഇത് മാറും. റേവാരിയിൽ എഐഐഎംഎസിന് തറക്കല്ലിട്ട ശേഷം നടത്തിയ വമ്പൻ പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു.