പോർട്ട്ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനo ഈ വർഷത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക സമ്മേളനമായ ഫാമിലി കോൺഫറൻസിനായി ഒരുങ്ങുന്നു. മാത്യു ജോഷ്വാ (കോൺഫറൻസ് ട്രഷറർ), സജി എം. പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ്പ് തങ്കച്ചൻ, ഷിബു തരകൻ, ഷെറിൻ എബ്രഹാം (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഫാമിലി/യൂത്ത് കോൺഫറൻസ് ടീമിന് 2024 ഫെബ്രുവരി 25 ഞായറാഴ്ച സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക ഊഷ്മളമായ സ്വീകരണം നൽകി.
ഇടവക വികാരി ഫാ. ഡോ. ജോർജ് കോശിയുടെ സാന്നിധ്യത്തിൽ അസിസ്റ്റൻ്റ് വികാരി ഫാ. ഡോ. പോൾ ചെറിയാൻ വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി. ഫാമിലി കോൺഫറൻസ് സെക്രട്ടറി ആയും ഭദ്രാസന കൌൺസിൽ മെമ്പർ ആയും സഭാ മാനേജിങ് കമ്മിറ്റി മെമ്പർ ആയുമൊക്കെ സേവനം ചെയ്ത അന്തരിച്ച ഡോ. ഫിലിപ്പ് ജോർജിന്റെ സ്മരണകൾ നിറഞ്ഞു നിന്ന കിക്ക് ഓഫ് ചടങ്ങിൽ ഫാ. ഡോ. പോൾ ചെറിയാൻ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. മാത്യുകുട്ടി ജേക്കബ്, തോമസ് കോശി (ഭദ്രാസന അസംബ്ലി അംഗങ്ങൾ), ജോർജ്ജ് തങ്കച്ചൻ, ജോൺ ടി. ജേക്കബ് (മലങ്കര അസോസിയേഷൻ അംഗങ്ങൾ), ജിനീഷ എബ്രഹാം (ഇടവക സെക്രട്ടറി), ബിനു വർഗീസ് (ഇടവക ട്രസ്റ്റി)) എന്നിവരുൾപ്പെടെ ഇടവകയിലെ ഭാരവാഹികളെ സജി പോത്തൻ ആദ്യം വേദിയിലേക്കു ക്ഷണിച്ചു. മുൻവർഷങ്ങളിൽ കോൺഫറൻസിന് ഇടവക നൽകിയിട്ടുള്ള പിന്തുണയ്ക്ക് സജി നന്ദി അറിയിക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.
കോൺഫറൻസിന്റെ വേദി, തീം, സ്ഥലം, നേതാക്കൾ തുടങ്ങിയ പൊതുവിവരങ്ങൾ ഫിലിപ്പ് തങ്കച്ചൻ നൽകി. മാത്യു ജോഷ്വ രജിസ്ട്രേഷൻ്റെ വിശദാംശങ്ങൾ നൽകി. റാഫിളിലൂടെയും സുവനീറിലൂടെയും കോൺഫറൻസിനെ പിന്തുണയ്ക്കാനുള്ള അവസരങ്ങളെക്കുറിച്ച് ഷിബു തരകൻ സംസാരിച്ചു. ഷെറിൻ എബ്രഹാം വിവിധ സ്പോൺസർഷിപ്പ് അവസരങ്ങൾ വിശദീകരിച്ചു.
ഗോൾഡ് ലെവൽ സ്പോൺസർ ആയി തോമസ് കോശി പിന്തുണ അറിയിച്ചു. കൂടാതെ നിരവധി ഇടവകാംഗങ്ങൾ രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റുകൾ, സുവനീർ പരസ്യ സ്പോൺസർഷിപ്പുകൾ എന്നിവയിലൂടെ പിന്തുണച്ചു. സമ്മേളനത്തിന് ഉദാരമായ പിന്തുണ നൽകിയ വികാരിക്കും അസിസ്റ്റന്റ് വികാരിക്കും ഭാരവാഹികൾക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ഭാരവാഹികൾ നന്ദി പറഞ്ഞു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
-ഉമ്മൻ കാപ്പിൽ