🔹ഫിലഡൽഫിയയിലെ ഹോംസ്ബർഗ് സെക്ഷനിലെ ഒരു വീട്ടിൽ മൂന്ന് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. സെൻ്റ് ആൽബർട്ട് ദി ഗ്രേറ്റ് കാത്തലിക് സ്കൂൾ സ്പാനിഷ് അധ്യാപിക മാരിസെൽ മാർട്ടിനെസ് (47), ഭർത്താവ് ജോർജ് കാർഡോണ (56), അവരുടെ 12 വയസ്സുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് വിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
🔹2 ബില്യൺ ഡോളർ ചെലവ് കുറയ്ക്കാൻ സ്‌പോർട്‌സ് വെയർ വിൽപ്പനക്കാരായ നൈക്കി ഏകദേശം 1,700 ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നു. ഹോക്ക, ഓൺ ക്ലൗഡ് തുടങ്ങിയ അപ്‌സ്റ്റാർട്ട് ബ്രാൻഡുകളിൽ നിന്നും നൈക്കി കടുത്ത മത്സരമാണ് നേരിടുന്നത്.
🔹പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2024 കമ്മിറ്റി നിലവിൽ വന്നു. അഷീദ് വാസുദേവൻ – പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ്, അരുൺ ഭാസ്കർ – സെക്രട്ടറി, ശ്രീജേഷ് രാജൻ – ജോയിന്റ് സെക്രട്ടറി , രാജി രവീന്ദ്രൻ – ട്രഷറർ, മീനു പദ്‌മകുമാർ – ജോയിന്റ് ട്രഷറർ എന്നിവരും മറ്റു ഭാരവാഹികളും ഉൾപ്പെടുന്നതാണ് 2024 ലെ ഭരണസമിതി.
🔹യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷനും ഏദെൻ ട്രസ്റ്റ് ഹോംസും ചേർന്ന് നേതൃസംഗമവും, കെസ്റ്റർ ന്യൂ യോർക്ക് 2023 ലൈവ് കൺസെർട് സ്നേഹസ്പർശ വിതരണവും കൊട്ടാരക്കരയിൽ ഏദൻ ട്രസ്റ്റ് ഹോംസിൽ വച്ച് നടത്തി. ഏദെൻ ട്രസ്റ്റ് ഹോംസ് പ്രസിഡന്റ് മത്തായി ഉണ്ണൂണ്ണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, മുഖ്യ അഥിതി പാർലമെന്റ് അംഗവും ഏദൻ ട്രസ്റ്റ് ഹോംസിൻറെ രക്ഷാധികാരിയുമായ കൊടികുന്നിൽ സുരേഷ് എം. പി ഉത്ഘാടനം ചെയ്തു.
🔹കേരള കോൺഗ്രസ് (എം) സംസ്ഥാന പ്രോഗ്രാം കോർഡിനേറ്ററായി അമേരിക്കൻ പ്രവാസിയും ഡാളസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാർട്ടി സംസ്‌ഥാന സ്റ്റിയറിങ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ മാത്യുസ് കെ ലൂക്കോസ് രാജ്യാന്തരപ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലീഡർഷിപ്പ് ട്രെയിനറുമാണ്.
🔹ലോക ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ ദിനങ്ങൾ നാം നമ്മോടു തന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടുന്ന അവസരമായി മാറ്റണമെന്ന് റവ ജോബി ജോൺ ഉദ്ബോധിപ്പിച്ചു. വലിയ നോമ്പാചരണത്തോടനുബന്ധിച്ചു ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ ഫെബ്രുവരി 16 ശനിയാഴ്ച നടന്ന പ്രത്യേക വിശുദ്ധകുർബാന ശുശ്രുഷ മദ്ധ്യേ ” ശുദ്ധീകരണത്തിലേക്കു നയിക്കുന്ന യേശുക്രിസ്തുവിന്റെ കരസ്പർശം” എന്ന വിഷയത്തെകുറിച്ചു ധ്യാന പ്രസംഗം നടത്തുകയായിരുന്നു സെഹിയോൻ മാർത്തോമാ ചർച്ച വികാരി ജോബി ജോൺ അച്ചൻ .
🔹സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
🔹ന്യൂ ഡൽഹി : ആമീർ ഖാൻ ചിത്രം ദംഗലിൽ ബാലതാരമായി അഭിനയിച്ച നടി സുഹാനി ഭട്നഗർ അന്തരിച്ചു. ഡൽഹി എൻസിആറിൽ ഫരീദബാദിൽ വെച്ചാണ് 19കാരിയായ സുഹാനി ഭട്നഗർ മരിച്ചത്. അതേമസമയം മരണകാരണം വ്യക്തമല്ലെയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദംഗലിൽ ഗുസ്തി താരം ബബിയ ഫോഗട്ടിന്റെ കുട്ടിക്കാലത്തെ കഥാപാത്രത്തെയാണ് സുഹാനി അവതരിപ്പിച്ചത്. അമീർ ഖാൻ മകളായിട്ടാണ് താരം ചിത്രത്തിൽ എത്തിയത്. മൃതദേഹം ഫരീദബാദ് സെക്ടർ 15ൽ സംസ്കരിക്കും.
🔹തൃശൂർ : പാഴ്സലായി വാങ്ങിയ ബീഫ് റോസ്റ്റിനുള്ളിൽ നിന്നും ചത്ത പഴുതാരയെ ലഭിച്ചതായി പരാതി. തൃശൂർ എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് കോർട്ടിൽ നിന്നും വാങ്ങിയ ബീഫ് റോസ്റ്റിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. എരുമപ്പെട്ടി സ്വദേശിനിയായ ഷെമീറ വാങ്ങിയ ബീഫ് റോസ്റ്റ് പാഴ്സലിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. ഷെമീറയുടെ പരാതിയിൽ ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരെത്തി കട പൂട്ടിച്ചു.
🔹കുർബാന തർക്കത്തെ ചൊല്ലി എറണാകുളം പറവൂർ കോട്ടക്കാവ് മാർ തോമാ സിറോ മലബാർ പള്ളിയിൽ സംഘർഷം. ജനാഭിമുഖ കുർബാന അർപ്പിക്കുന്ന വികാരി ജോസ് പുതിയേടത്തിനെതിരെയാണ് പ്രതിഷേധം. ഏകീകൃത കുർബാന മതിയെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ഫാ.ജോസ് പുതിയേടത്തിനെതിരെ വിശ്വാസികൾ പ്രതിഷേധം രേഖപ്പെടുത്തി.
മാർപാപ്പയെ അനുസരിച്ചില്ലെങ്കിൽ പുറത്തു പോകണം എന്നും സഭ അസാധുവാക്കിയ ജനാഭിമുഖ കുർബാന അനുവദിക്കില്ലെന്നും ഒരു കൂട്ടർ വാദിച്ചു. സംഘർഷത്തെ തുടർന്ന് കുർബാന റദ്ദാക്കി.
🔹പുൽപ്പള്ളി: കഴിഞ്ഞ ദിവസം പുൽപ്പള്ളിയിലെ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ് എടുത്തത്. ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പുൽപ്പള്ളി പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കുറ്റക്കാരെ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കാനാണ് പോലീസ് തീരുമാനം.
🔹തിരുവനന്തപുരം: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവല്ലം സ്വദേശി വിനീതിനെയാണ് നെയ്യാറ്റിന്‍കര പോക്സോ അതിവേഗ കോടതി ജഡ്ജി കെ.വിദ്യാധരന്‍ ശിക്ഷിച്ചത്.
സംഭവം 2017 ലാണ് നടന്നത്. തിരുവല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന ആര്‍.സുരേഷ്, ദിലീപ്കുമാര്‍ദാസ് എന്നിവരാണ് അന്വഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. സന്തോഷ്‌കുമാറാണ്. കേസിൽ പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
🔹 ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ
ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വര്‍ക്‌സ് ഉടമയായ പികെ സൂര്യപ്രകാശ്, ഭാര്യ കെ.ഗീത സൂര്യപ്രകാശിന്റെ അമ്മ കെ.ലീല എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.
🔹റിയാദ്: സ്ത്രീകള്‍ക്ക് മഹ്റം ഒപ്പമില്ലാതെ അതായത് ഉറ്റബന്ധുവായ പുരുഷൻ ഒപ്പമില്ലാതെ ഹജ്ജ് കര്‍മ്മം നിര്‍ഹവിക്കാമെന്ന് വ്യക്തമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം രംഗത്ത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏത് ആഭ്യന്തര സര്‍വീസ് കമ്പനിക്കും സ്ഥാപനത്തിനും കീഴിലാണെങ്കിലും ഹജ്ജ് നിര്‍വ്വഹിക്കുന്ന വനിതകള്‍ക്ക് മഹ്റം നിര്‍ബന്ധമല്ല.
15 വയസാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ള കുറഞ്ഞ പ്രായം. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല. സൗദി തിരിച്ചറിയല്‍ കാര്‍ഡും ഇഖാമയുമുള്ളവര്‍ക്ക് മാത്രമേ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനാകൂ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ശവ്വാൽ 15 മുതൽ ഹജ് പെർമിറ്റുകൾ ഇഷ്യു ചെയ്ത് തുടങ്ങും. തുടർന്ന് ദുൽഹജ് ഏഴിന് ഹജ് രജിസ്‌ട്രേഷൻ നിർത്തിവെക്കും.
🔹മെൽബൺ: ഒരു മലയാള സിനിമക്ക് കിട്ടാവുന്ന ഏറ്റവും വലിയ റിലീസോടെ ഓസ്‌ട്രേലിയയിൽ എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഓസ്‌ട്രേലിയൻ ബോക്സ് ഓഫീസിലും നിറഞ്ഞാടുന്നു. ഓസ്‌ട്രേലിയയിൽ വാരാന്ത്യ ഷോകൾ മിക്ക സ്ഥലങ്ങളിലും നേരത്തെ തന്നെ ഹൗസ്‌ഫുൾ ആകുന്ന കാഴ്ച്ചയാണ് കാണുന്നത്.
മലയാള സിനിമക്ക് അത്ര വലിയ സ്വീകാര്യത ലഭിക്കാത്ത സ്ഥലങ്ങൾ കൂടിയായ ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ഭ്രമയുഗത്തിനു ലഭിക്കുന്ന സ്വീകാര്യത കണ്ട് ഞെട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഓവർ സീസ് സിനിമ അനുബന്ധ മേഖലയിലുള്ളവർ. അമ്പതോളം തിയേറ്ററുകളിൽ ഓസ്‌ട്രേലിയയിലും പതിനേഴ് തിയേറ്ററുകളിൽ ന്യൂസിലൻഡിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.