“ നന്ദൻ പുതിയ ക്വോട്ടേഷൻ ഒന്നും എടുക്കുന്നില്ല”. മുത്തുവിന്റെ കൂട്ടുകാരൻ പറഞ്ഞു.
“കാരണം ?”
“അറിയില്ല. അവൻ എവിടെയാണെന്നും അറിയില്ല.”
മുത്തു തന്റെ രഹസ്യ കേന്ദ്രത്തിൽ ഇരുന്ന് തൻ്റെ ഇൻഫോർമർമാരെ ഓരോരുത്തരെയായി വിളിച്ചു സംസാരിക്കുകയായിരുന്നു. തലേദിവസം മുത്തു നന്ദകിഷോറിനെയും ഹോട്ടലിൽ കണ്ട മറ്റ് അഞ്ചുപേരെ പറ്റിയും അന്വേഷിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. അവരിൽ ഓരോരുത്തരെ വിളിച്ച് മുത്തു കാര്യങ്ങൾ തിരക്കി കൊണ്ടിരുന്നു.
വളരെ അസ്വസ്ഥനായ മനസ്സോടെയാണ് മുത്തു തിരികെ ഹോട്ടലിൽ എത്തിയത്. തൻ്റെ അന്വേഷണത്തിൽ നിന്ന് നന്ദകിഷോറും മറ്റ് അഞ്ചുപേരും ഏതോ ക്വോട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് എന്ന് മനസ്സിലായി. അവർ അഞ്ചുപേരും ഒന്നിച്ചാണോ അതോ പല പല ക്വോട്ടേഷനാണോ എന്നൊന്നും അറിയില്ല. അവർ തന്നെ തന്നെയാണ് ടാർഗറ്റ് ചെയ്തിരിക്കുന്നത് എന്നൊരു ചിന്ത മുത്തുവിൽ രൂഢമൂലമായി.
പക്ഷേ ! ഇത്രയും മുൻകരുതലുകൾ എടുത്തിട്ടും അവർ എങ്ങനെ തന്നെ കണ്ടുപിടിച്ചു. അതോ ഇതെല്ലാം തന്റെ തോന്നലുകൾ ആണോ?
ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ മുത്തു സിസിടിവി ദൃശ്യങ്ങൾ അരിച്ചു പെറുക്കുവാൻ തുടങ്ങി. നന്ദകിഷോറൊഴിച്ച് മറ്റു നാല് പേരും പല സമയങ്ങളിലായി പലവഴിക്കായി ഹോട്ടലിൽ നിന്ന് പുറത്തു പോയിരിക്കുന്നു എന്ന് മുത്തുവിന് മനസ്സിലായി. നന്ദകിഷോറിനെയാവട്ടെ എങ്ങും കാണാനുമില്ല. അവർ തന്നെ പിന്തുടർന്നിരിക്കുമോ?
മുത്തു റിസപ്ഷനിൽ വിളിച്ച് അവർ നാല് പേരും ചെക്ക് ഔട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് അവർ അവിടെ റൂം എടുത്തിരിക്കുന്നത്. അത് ഇവരുടെ പ്രൊഫഷണലിൽ സ്വാഭാവികം ആയതുകൊണ്ട് മുത്തുവിന് അതിശയം ഒന്നും തോന്നിയിരുന്നില്ല. പക്ഷേ, ഇപ്പോൾ അവർ എവിടെപ്പോയി? അവർ ചെക്ക് ഔട്ട് ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയ മുത്തു അവർ വരുന്നതും കാത്ത് സിസിടിവി മോണിറ്ററിൽ ജാഗ്രതയോടെ നോക്കിക്കൊണ്ടിരുന്നു.
***
“സേലത്തുള്ള ഒരു രണ്ടുനില വീട്ടിലായിരുന്നു അവൻ ഇന്നലെ.” ഷാർപ്പ് ഷ്യൂട്ടർ പറഞ്ഞു. “ആ നാട്ടുകാർക്കാർക്കും അവനെ അറിയത്തില്ല. ആ വീടിൻെറ മുകളിലത്തെ നില അവൻ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. എന്തിന്റെയോ റെപ്രസെന്ററ്റീവ് ആണെന്നും ഒരുപാട് യാത്ര ചെയ്യേണ്ട ജോലിയാണന്നുമൊക്കെയാണ് ആ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മുത്തു അവിടെ വന്നു താമസിക്കും. ആ വീട്ടുകാർക്ക് മറ്റൊരു ഡീറ്റെയിൽസ്സും അറിയില്ല.”
“ അവൻ എന്തിനാണ് ഇടയ്ക്കിടയ്ക്ക് അവിടെ പോയി താമസിക്കുന്നത്?” എൻകൗണ്ടർ സ്പെഷലിസ്റ്റ് ആണ് ചോദിച്ചത്.
“അറിയില്ല. അവനെ കാണാൻ അവിടെ ആരും ചെല്ലാറില്ല. വന്ന് ഒന്നോ രണ്ടോ ദിവസം അവിടെ താമസിക്കും പിന്നെ തിരിച്ചു പോകും.”
“താഴെ താമസിക്കുന്ന വീട്ടുകാർ അയാളോട് സംസാരിക്കാറില്ലേ?”
“ വാടക കൃത്യമായി കിട്ടുന്നുള്ളതുകൊണ്ട് അവർ അതിനെപ്പറ്റി ഒന്നും കൺസേൺഡ് അല്ല.”
“എന്നാലും ആ വീട്ടുകാർക്ക് എന്തെങ്കിലും വിവരം ഉണ്ടായിരിക്കുകയില്ലേ?”
“ വളരെ റിസേർവ്ഡ് ആയ ആൾക്കാരാണ്. കുറച്ചു പ്രസ് ചെയ്തപ്പോഴേക്ക് ഹോസ്റ്റൈലായി.”
“അതിനർത്ഥം അവർക്ക് എന്തോ അറിയാം എന്നല്ലേ?”
“ആവാം, ….അല്ലായിരിക്കാം”
“അവൻ എപ്പോഴൊക്കെയാണ് അവിടെ ചെല്ലുന്നത് ? എത്ര ദിവസം താമസിക്കും?”
“ഒരു പാറ്റേൺ ഇല്ല.”
“ഷിറ്റ്”
“കഴിഞ്ഞദിവസം അവൻ കുമളിക്കാണ് പോയത്. പക്ഷേ ചെക്ക് പോസ്റ്റിൽ വച്ച് അവൻ മിസ്സ് ആയി.” മാർഷൽ ആർട്സ് വിദഗ്ധൻ പറഞ്ഞു.
“ഇനിയും അവൻ പുറത്തിറങ്ങുമ്പോൾ അപ്പോഴേ തീർത്താലോ?” നന്ദൻ ചോദിച്ചു.
“അവൻ ആൾക്കൂട്ടത്തിനിടയിലൂടെയാണ് പോകുന്നത്. പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റമാണ് അവൻ എപ്പോഴും ഉപയോഗിക്കുന്നത്. ഹിസ് മൂവ്മെന്റ്സ് ആർ ഹൈലി കാൽക്കുലേറ്റഡ്. ഒരു പഴുതും തരാതെയാണ് അവൻ നീങ്ങുന്നത്.”
അവർ അഞ്ചുപേരും ചിന്താക്ത്മരായി ഇരുന്നു.
(തുടരും)