നർമ്മരസപ്രധാനമായ ഓർമ്മക്കുറിപ്പുകളിലൂടെയും ലേഖനങ്ങളിലൂടെയും കഥകളിലൂടെയും നമ്മെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള അനുഗ്രഹീത എഴുത്തുകാരി സുജ പാറുകണ്ണിൽ ‘സ്വർണ്ണചാണകം’ എന്ന നർമ്മ കഥയുമായി ഇതാ വീണ്ടും എത്തുന്നു…
സുജ പാറുകണ്ണിൽ
സ്വർണചാണകം🐃
പശുവിനും ചാണകത്തിനും ഒക്കെ വളരെ ഡിമാൻഡ് ഉള്ള ഒരു കാലമാണല്ലോ ഇത്. ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്തുണ്ടായ ഒരു സംഭവമാണ്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള ഒരു വീട്. അവിടെ ഒരമ്മച്ചിയും മകനും മകന്റെ കുടുംബവും താമസിക്കുന്നു. അമ്മച്ചിയുടെ കഴുത്തിൽ ഒരു സ്വർണമാലയുണ്ട്. അമ്മച്ചിക്ക് വളരെ പ്രിയപ്പെട്ടതാണ് അത്. ഒരു ദിവസം അപ്രതീക്ഷിതമായി അമ്മച്ചിയുടെ മാല കാണാതായി. വീട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും മാല കാണുന്നില്ല. അമ്മച്ചിയുടെ വിധം മാറി. അമ്മച്ചി മകനെ സംശയിച്ചു. മരുമകളെ സംശയിച്ചു. കൊച്ചുമക്കളെ സംശയിച്ചു. എന്തിനു പറയുന്നു, അയൽക്കാരെ വരെ സംശയിച്ചു. സംശയം മാത്രമല്ല പ്രാക്കും , വഴക്കും, ശപിക്കലും എന്തിനേറെ പറയുന്നു. കുടുംബസമാധാനം കപ്പലുകയറി എന്ന് പറഞ്ഞാൽ മതിയല്ലോ. മകനും കുടുംബവും ആകെ വിഷമിച്ചു. മാലയൊട്ടു എടുത്തതുമില്ല, ചീത്ത കേൾക്കുന്നതിനു കുറവുമില്ല. എന്നാലും ഇതെവിടെ പോയി. ആർക്കും ഒരുപിടിയും കിട്ടിയുമില്ല.😳
അങ്ങനെ എല്ലാവരും ആകെ വിഷണ്ണരായി ഇരിക്കുമ്പോഴാണ് വീട്ടിലെ കുട്ടികൾ ആ കാഴ്ച്ച കണ്ടത്. മുറ്റത്തു കൂടി നടന്നു പോയ പശു ഇട്ട ചാണകത്തിൽ സ്വർണത്തരികളുടെ തിളക്കം.അവർ വിളിച്ചുകൂവി.ദേ ചാണകത്തിൽ സ്വർണം.🙆
സംഭവിച്ചതിതാണ്. പഴയ കാലത്തൊക്കെ വീടിനു പുറത്തു ഒരു കുളിമുറി ഉണ്ടാവും. മറപ്പുര എന്നാണ് അതിനു പറയുക. പറമ്പിലുള്ള പാഴ്മരങ്ങളുടെ കമ്പുകൾ വെട്ടിയിട്ട് അതിൽ ഓല മറച്ചുകെട്ടിയാണ് ഇതുണ്ടാക്കുക. അമ്മച്ചി മറപ്പുരയിൽ കുളിക്കാൻ കയറിയപ്പോൾ കിളിർത്തുനിന്ന മരക്കൊബിന്റെ ചില്ലയിൽ ഇലകൾക്കിടയിൽ മാല കോർത്തിട്ടു. കുളിച്ചിറങ്ങിയപ്പോൾ മാല എടുത്ത് കഴുത്തിൽ ഇടുന്ന കാര്യം കക്ഷി മറന്നു പോയി. അതിലെ വന്ന പശു നാക്കു നീട്ടി ഇലകൾ അകത്താകുന്ന കൂട്ടത്തിൽ മാലയും അകത്താക്കി.
പോത്തിന് എന്ത് ഏത്തവാഴ!
പശുവിനെന്തു സ്വർണമാല!
എന്ത് അലുക്കാജോയ്!😜
വല്ലതും തിന്നണം അത്ര തന്നെ.അമ്മച്ചീടെ പ്രാക്കും ശപിക്കലും😡 ഒക്കെ പശുവിനു ഫലിച്ചോ ആവോ. സ്വർണ്ണവില റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്തെങ്ങാനും ആയിരുന്നുവെങ്കിൽ അമ്മച്ചിക്ക് മാത്രമല്ല വീട്ടുകാർക്കും അറ്റാക്ക് വന്നേനെ. 🥰
അക്കാലത്തു എന്റെ വീട്ടിലും മോളി എന്ന് വിളിപ്പേരുള്ള ഒരു പശു🐄 ഉണ്ടായിരുന്നു. ഇന്നും ഞങ്ങളുടെ ഒക്കെ മനസ്സിൽ അവളുണ്ട്. അത്ര പാവമായിരുന്നു. സാധാരണ പശുക്കളെ പോലെ അല്ല. എപ്പോൾ കറക്കാൻ ചെന്നാലും പാല് റെഡി. ചെറിയ കുട്ടികൾക്ക് വേണമെങ്കിലും കറക്കാം. പറമ്പിൽ ഉണ്ടാകുന്ന ചക്ക മുഴുവൻ തിന്നിരുന്നത് അവളായിരുന്നു. പക്ഷെ ഇത്രയൊക്കെ നല്ലവളാണെങ്കിലും അവളൊരു അക്ഷര വിരോധി ആണെന്നുള്ള കാര്യം ഞാനറിഞ്ഞിരുന്നില്ല. നാട്ടിലെ ലൈബ്രറിയിൽനിന്നും എടുത്ത ഒരു പുസ്തകം വായിച്ചിട്ടു വീടിന്റെ പടിയിൽ വെച്ചിട്ട് ഞാൻ അകത്തോട്ടു ഒന്ന് കയറിയതായിരുന്നു. തിരികെ വന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.🙆 എന്റെ പുസ്തകം മോളിയുടെ വായിൽ. ചക്ക തിന്നും പോലെ അവളത് തിന്നാനുള്ള ശ്രമമാണ്. ഞാൻ ചാടിവീണു. പിടിവലിയായി. ഒരുവിധത്തിൽ ഞാനത് വലിച്ചെടുത്തു. അതിന്റെ അവസ്ഥ വളരെ ദയനീയം ആയിരുന്നു. ഞാനാകെ പേടിച്ചു. വിഷമിച്ചു. അതിന്റെ പൊതിച്ചിൽ ഒക്കെ മാറ്റി അകത്തെ പേജ് ഒക്കെ തൂത്തു നിവർത്തി ഒരു വിധം ഒപ്പിച്ചു തിരിച്ചു ഏല്പിച്ചു. ലൈബ്രറിയൻ അത് തുറന്നു നോക്കാതിരുന്നത് എന്റെ ഭാഗ്യം. അല്ലെങ്കിൽ ഞാൻ പെട്ടേനെ. ഇന്ന് ആ ലൈബ്രറിയിൽ എന്‍റെ പുസ്തകവും ഉണ്ട്. 🥰 ഞാൻ എഴുതിയ ചെറുകഥകളുടെ സമാഹാരം. ‘ഓലഞ്ഞാലി കിളി’ എന്ന പുസ്തകം.🥰
സുജ പാറുകണ്ണിൽ✍
***********************************************************
മേരി ജോസി മലയിൽ അവതരിപ്പിച്ച ചിരിക്കാം! ചിരിപ്പിക്കാം! എന്ന പംക്തി ഇവിടെ പൂർണ്ണമാവുന്നു. ഈ പംക്തി വളരെ ഭംഗിയായി അവതരിപ്പിച്ച മേരി ജോസിക്കും, ഈ ചിരിവേദിയിൽ നർമ്മം വിതറാൻ അണിനിരന്ന പ്രിയപ്പെട്ട എഴുത്തുകാർക്കും നന്ദി.