Saturday, November 23, 2024
HomeUS Newsഎളിമയുടെ പര്യായമായ മാർത്തോമാ സഭയിലെ 3 എപ്പിസ്കോപ്പാമാർ

എളിമയുടെ പര്യായമായ മാർത്തോമാ സഭയിലെ 3 എപ്പിസ്കോപ്പാമാർ

പി.റ്റി. തോമസ്

മാർത്തോമാ സഭയിൽ 2023 ഡിസംബർ 2 -ആം തീയതി 3 പുതിയ എപ്പിസ്കോപ്പാമാരുടെ സ്ഥാനാഭിഷേകം നടന്നിരുന്നല്ലോ. ആ സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങളാലും സാധിച്ചില്ല. എന്നാൽ പരേതയായ എൻറെ ഭാര്യ മേരിക്കുട്ടി തോമസിൻറെ മാതാവിന്റെ മരണത്തോടനുബന്ധിച്ചു ഡിസംബർ 27നു ഞാൻ കേരളത്തിലേക്ക് പോയി. നവാഭിഷിക്തരായ മൂന്നു തിരുമേനിമാരെയും കാണണം എന്നു ആഗ്രഹിച്ചിരുന്നു. അതിൽ രണ്ടു തിരുമേനിമാരെ എനിക്കു നല്ല പരിചയം ഉണ്ട്. നവഭിഷിക്തനായ സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ ന്യൂയോർക് സൈന്റ്റ് തോമസ് മാർത്തോമാ ഇടവകയുടെ വികാരിയായി സേവനം അനുഷ്ടിച്ച റവ സജു സി.പാപ്പച്ചൻ അച്ചൻ ആയിരുന്നു. ന്യൂയോർക് സൈന്റ്റ് തോമസ് മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ അച്ചനെ ഇടവകയിലേക്കു സ്വാഗതം ചെയ്തത് ഞാൻ ആയിരുന്നു.പിന്നീട് ഇടവകയുടെ സെക്രട്ടറി എന്ന നിലയിൽ 3 വർഷം അച്ഛനോടൊപ്പം സേവനം അനുഷ്ടിച്ചു. എൻറെ ഭാര്യ മേരിക്കുട്ടി തോമസിന്റെ സംസ്കാര ശുശ്രൂഷ, എന്റെ അനുജൻ പി.റ്റി. മാത്യുവിന്റെ സംസ്കാര ശുശ്രൂഷ, എൻറെ മകൻ ലിറ്റൻ തോമസിന്റെ മക്കൾ ജെറമിയ, നാറ്റ്ലീ, എന്റെ മകൻ ലവൻ തോമസിന്റെ മക്കൾ ഇവാൻജെലിന്, എസക്കിയേൽ എന്നിവരുടെ മാമോദിസ, ലവന്റെ ഭാവനപ്രതിഷ്ട, എന്റെ മകൾ ഡോക്ടർ ലിസ്റ്റി തോമസിൻറെ മക്കൾ ലുക്ക്, തോമസ് എന്നിവരുടെ എന്നിവരുടെ ആദ്യ കുർബാന എന്നീ ശുസ്രൂഷകളിൽ അച്ചൻ നേതൃത്വം നൽകുകയോ, ഭാഗഭാക്കാകുകയോ ചെയ്തിട്ടുണ്ട്‌.

ഞാൻ കേരളത്തിൽ ചെന്ന ഉടനേ മാർ അപ്രേം തിരുമേനിയെ വിളിച്ചു അമ്മയുടെ മരണ വിവരം അറിയിച്ചു . ഡിസംബർ 30 നു നടക്കുന്ന ശുശ്രൂഷയിൽ ഭവനത്തിൽ വന്നു സംബന്ധിക്കാം എന്ന് പറഞ്ഞു. അതനുസരിച്ചു തക്ക സമയത്തു തിരുമേനി വന്നു ചേരുകയും ശുശ്രൂഷയിൽ നേതൃത്വം നൽകുകയും ചെയ്‌തു. പിന്നീട് ഞാൻ വീട്ടിലേക്കു ക്ഷണിച്ചതനുസരിച്ചു എന്റെ സഹോദരൻ റവ പി.റ്റി. കോശിയുടെ ഭവനത്തിൽ വരുകയും സന്തോഷം പങ്കിടുകയും ചെയ്‌തു.

ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ കുടുംബം എന്റെ നാടായ കീക്കൊഴൂർ തന്നെ. തിരുമേനിയുടെ പിതാവ് കീക്കൊഴൂർ നിന്ന് കൊച്ചുകോയിക്കലേക്കു താമസം മാറ്റി. അതിനു മുമ്പ് അദ്ദേഹം എന്നെ സൺഡേ സ്കൂളിൽ പഠിപ്പിച്ചിരുന്നു. ഞങ്ങൾ പഠിച്ചിരുന്ന കീക്കൊഴൂർ ശാരോൻ സൺഡേ സ്കൂളിന്റെ ഹെഡ് മാസ്റ്റർ തിരുമേനിയുടെ വല്യ അപ്പച്ചൻ ശ്രി കാരംവേലിമണ്ണിൽ ദാനിച്ചൻ. എൻറെ പിതാവ് ശ്രി എ കെ തോമസ് ആ സൺഡേ സ്കൂളിന്റെ സെക്രെട്ടറിയും. എന്റെ വല്യ അപ്പച്ചനും ശ്രി കാരംവേലിമണ്ണിൽ ദാനിച്ചനും കൂടി ആരംഭിച്ച സുവിശേഷ വേല അത്രേ പിന്നീട് മാർത്തോമാ സഭയുടെ മാലയാലപ്പുഴ മിഷ്യൻ ആയി പരിണമിച്ചത്. എന്റെ പിതാവും തിരുമേനിയുടെ പിതാവിന്റെ സഹോദരൻ ശ്രി എബ്രഹാം കെ.ഡാനിയേലും വളരെ സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾക്ക് കോളേജിൽ ഫീസ് കൊടുക്കുവാൻ പലപ്പോഴും ശ്രി എബ്രഹാം കെ.ഡാനിയേലിൽ നിന്നും വായ്പ വാങ്ങിയിരുന്നു. ഞാൻ 1999 മുതൽ 2001 വരെ മാത്തോമാ സഭാ മണ്‌ഡല അംഗം ആയിരുന്ന കാലത്തു ജോസഫ് ഡാനിയേൽ അച്ഛനെ കാണുന്നതിനും പരിചയപ്പെടുന്നതിനും സാധിച്ചിരുന്നു.

ഇവാനിയോസ് തിരുമേനിയും ആയി ഒരു കൂടിക്കാഴ്ചക്ക് വിളിച്ചപ്പോൾ വളരെ സന്തോഷത്തോടു കൂടി സമയം തന്നു. സംഭാഷണ മദ്ധ്യേ ഞങ്ങൾ രണ്ടു പേരുടെയും വല്യപ്പച്ചൻ മാരുടെ സൗഹൃദ്യത്തെ കുറിച്ച് തിരുമേനി ഓർമ്മിപ്പിച്ചു. ഞങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ ആഗ്രഹിക്കുന്നു എന്ന തിരുമേനിയുടെ വാക്ക് വളരെ ആശ്വാസം പകർന്നു. എന്റെ കൊച്ചുമകൾ സെല സൈമൺ എഴുതിയ JUBODY എന്ന പുസ്തകത്തെ കുറിച്ച് തിരുമേനി ആരായുകയും അതു വായിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു.

എനിക്ക് യാതൊരു വിധമായ പരിചയവും ഇല്ലാഞ്ഞ ഒരച്ചൻ ആയിരുന്നു റവ മാത്യു കെ ചാണ്ടി (ഇന്നത്തെ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ). ഡിസംബർ 31 _ആം തീയതി ഞായറാഴ്ച തിരുമേനി എന്റെ ജേഷ്ഠ സഹോദരൻ റവ പി റ്റി കോശി കൂടി നടക്കുന്ന കിഴക്കൻ മുത്തൂർ മാർത്തോമാ പള്ളിയിൽ ആണെന്നറിഞ്ഞു. അന്നു രാവിലെ ഞങ്ങൾ എന്റെ ഇളയ സഹോദരൻ ശ്രി പി റ്റി വര്ഗീസ് കൂടി നടക്കുന്ന പുല്ലാട് ആനമല മാർത്തോമാ ഇടവകയിലെ ആരാധനക്കു ശേക്ഷം ഞങ്ങൾ കിഴക്കൻ മുത്തൂരിലേക്കു യാത്രയായി. അവിടെ ചെന്നപ്പോൾ അവിടുത്തെ ആരാധന കഴിഞ്ഞു തിരുമേനി ഒരു വീട്ടിൽ ഊണ് കഴിക്കാൻ പോകാൻ കാറിൽ കയറിയിരുന്നു. ഞങ്ങൾ ചെല്ലുന്നതു കണ്ട വികാരി അച്ചൻ റവ രഞ്ജി വര്ഗീസ് പറഞ്ഞു, “തിരുമേനിയെ കാണാൻ ആണെങ്കിൽ വേഗം ചെല്ല്, തിരുമേനി കാറിൽ കയറി. ഞങ്ങൾ ഞങ്ങളുടെ കാറിൽ നിന്ന് ഇറങ്ങിയ ഉടനെ തിരുമേനിയുടെ കാർ കണ്ടു. എൻ്റെ അനുജൻ കൈ കാണിച്ചപ്പോൾ കാർ നിർത്തി. അതിശയം എന്നു പറയെട്ടെ തിരുമേനി

കാറിൽ നിന്ന് ഇറങ്ങി ഞങ്ങളുമായി സംസാരിച്ചു. തിരുമേനി തന്നെ പറഞ്ഞതനുസരിച്ചു ഒന്നിച്ചുള്ള ഫോട്ടോയും എടുത്തു. പിന്നീടാണ് മനസ്സിലായത് തിരുമേനി ആഹാരം കഴിക്കാൻ പോകുന്നത് എന്റെ സഹോദരൻ പി റ്റി കോശി അച്ചന്റെ അടുത്ത വീട്ടിൽ ആണെന്ന്. ആ വീട്ടിൽ പോകുന്നതിനു മുമ്പ് തിരുമേനി അച്ഛന്റെ വീട്ടിൽ കയറുകയും സ്നേഹം പങ്കിടുകയും ചെയ്‌തു. എൻറെ സഹോദരിയുടെ ഭർത്താവ് റവ റ്റി സി ചെറിയാൻ മല്ലപ്പള്ളിയിൽ ഇരിക്കുന്ന സമയത്താണ് തിരുമേനി അച്ചൻ ആയതെന്ന വസ്‌തുതയും മനസ്സിലാക്കി. മാത്രമല്ല, ഞാൻ ബോംബെ ഡൽഹി ഡിയോസിസിന്റെ നോർത്തേൺ സോൺ ആദ്യത്തെ ട്രെഷറർ ആയി തിരങ്ങെടുക്കപെട്ടതു തിരുമേനി സേവനം ചെയ്‌ത സീഹോറ ആശ്രമത്തിൽ വച്ചായിരുന്നു എന്ന വസ്തുതയും ഓർത്തുപോയി

ഈ മൂന്ന് എപ്പിസ്കോപ്പമാരോടെ ഇടപെട്ടപ്പോൾ മനസ്സിന് അകെ ഒരു സന്തോഷം തോന്നി. മൂന്ന് പേരും ഒരുപോലെ എളിമയോടെ, താഴ്‌മയോടെ, സ്നേഹത്തോടെ, ഇടപെടുന്നു. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ആഗ്രഹിക്കുന്ന തിരുമേനിമാർ. ഈ മൂന്നു തിരുമേനിമാർക്കും എല്ലാവിധമായ ഭാവുകാശംസകളും നേരുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

പി.റ്റി. തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments