Monday, December 23, 2024
HomeUncategorizedവ്യാക്ഷേപകം ! (കവിത) ✍വിനോദ് രാജ് പനയ്ക്കോട്

വ്യാക്ഷേപകം ! (കവിത) ✍വിനോദ് രാജ് പനയ്ക്കോട്

വിനോദ് രാജ് പനയ്ക്കോട്✍

ചിലപ്പോൾ കവിത ജനിക്കാറുണ്ട്
വിരൾ തുമ്പിലിങ്ങനെ
മുടിയിഴകൾക്കുമേൽ
അതിഭാവുകത്വത്തോടെ
കനം വെച്ച മഴത്തുള്ളികളുടെ
ഈറനാൽ ശൈത്യം
ഉറക്കിളച്ച രാവുകളിൽ
നിനക്കായ് മാത്രം.

അപപോഷണം വന്ന
വരികളിൽ നിത്യവും
കൂട്ടിമുട്ടാൻ മടിച്ച്
കൃത്യമായ വ്യാകരണ
പിഴവുകളോടെ

ഇല പൊഴിച്ചേക്കാവുന്ന
പേമാരികൾക്കുനേരേ
തുറന്നിട്ട ജാലകങ്ങളിലെ
നനഞ്ഞൊട്ടിയ
സ്ഫടിക പാളികളിൽ
ആശ്ലേഷത്തിന്റെ
നിശ്വാസ വായുവാൽ
തീർത്ത വരികളാണ്
ചിലപ്പോൾ കവിതയാകുന്നത്

അച്ചടക്കമില്ലാതെ
അലഞ്ഞുതിരിഞ്ഞും
ചട്ടക്കൂടുകൾ പൊളിച്ചും
ചിലപ്പോളവ
മഹാകാവ്യങ്ങളുമാകാറുണ്ട്

അനുനിമിഷവും
മാറിയേക്കാവുന്ന
അർത്ഥ തലങ്ങളിലൂടെ
കാമ്പുള്ളവയെന്നും
അല്ലെന്നും ആസ്വാദനപൂർവ്വം

ഒട്ടുമിക്ക കവിതകളും
ഉറുമ്പുകൾ പോലെ
ചിറകുമുളയ്ക്കാൻ കാത്ത
വാത്മീകത്തിലെ
തപോവനങ്ങളിലല്ല

ചിതറിവീണ ചിന്തകളിലാണ്
ആഴ്ന്നുപോയ മുറിവുകളിലും.

ചിലത് ശ്വാസംമുട്ടി മരിച്ച
വരികൾക്കിടയിലെ
അർദ്ധവിരാമങ്ങൾ പോലെയും
മറ്റുചിലത് വ്യാക്ഷേപകം
പോലെയുമാണ്

ഒരു മാറ്റവുമില്ലാത്ത
രാപ്പകലുകളാൽ
അനുഗ്രഹീതമായ പ്രണയങ്ങളും
കവിതകളാകാറുണ്ട്
അവ മഴതോർന്ന്
മരംപെയ്ത ശേഷവും
വെറുതെ കുലുക്കിയിട്ട
ഇലപ്പുറത്തെ തണുപ്പുപോലെ
താഴേക്ക് പതിക്കാറേയില്ല.

നിർത്തിയിട്ട ശേഷവും
വലിച്ചുകൊണ്ടു പോകുന്ന
തീവണ്ടി പോലെ
മനസ്സുടക്കി പുറകേ
പായുന്നവയും കവിതകളാണ്
വെറും കവിതകൾ

വിനോദ് രാജ് പനയ്ക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments