യാത്ര ചെയ്യുന്നു ഞാനിന്നു മോദം
എത്രയോ കാതങ്ങൾ താണ്ടി താണ്ടി?
ചിത്രം പോൽ മായുന്നു കാഴ്ചയെത്ര
എത്ര വിചിത്രമീ യാത്രയോർത്താൽ!
എത്ര കുതിച്ചാലുമെന്തു കാര്യം
യാത്രക്കുമില്ലേ പരിധിയേറെ?
എത്രയോ വട്ടം വിരാമങ്ങളും
അത്രയും കാലവിളം ബങ്ങളും!
യാത്ര സ്വയമെന്നു തോന്നും പക്ഷേ
എത്രയോ യാത്രക്കാർ കൂടെയുണ്ട്?
എത്ര സ്ഥലങ്ങളിൽ കൂടി വേണം
യാത്ര തൻ ലക്ഷ്യത്തിലെ ത്തീടുവാൻ !
തത്രപ്പെടുന്നു നാമെന്നും വൃഥാ
യാത്രയിൽ ശ്രദ്ധയും കൈ വെടിഞ്ഞ്
എത്രയോ ശ്രേഷ്ഠമീ ജന്മം തന്നെ
യാത്ര തുടരണം നിഷ്ഠയോടെ !
എത്രപേർ ആശ്വാസം കൊണ്ടിടുന്നു ?
ഇത്രയും കാതങ്ങൾ താണ്ടിയെന്നു?
എത്രയോ ബാക്കിയാണെന്ന ചിന്ത
യാത്രയേ മാറ്റി മറച്ചിടുന്നൂ!
എത്ര വിചിന്തമീ ജീവൻ യാത്രാ
എത്രയും വേഗമറിയൂ “സ്വയം”
പത്രം കണക്കെ നാം വീഴും താഴേ
അത്ര നിരർത്ഥമീ ജൈത്രയാത്ര !!
പേരാമംഗലം ഗോപി✍