ചെമന്ന മണ്ണുപാതകൾ കടന്നു വിദ്യ
ചൂടുവാൻ
കുതിച്ചുപാഞ്ഞ
കാലമിന്നുമോർമ്മയിൽ വരുന്നിതാ.
ചെമപ്പുമണ്ണു ചോപ്പു തേച്ച ,
കാലുമായിയന്നു നാം,
ഹൃദിക്കകത്തു വച്ചിരുന്ന നന്മയെത്ര
സുന്ദരം.
കൊതിച്ചിടുന്നൊരിന്നലേക്കൊരെത്തി
നോട്ടമെന്നപോൽ,
കുറിച്ചിടട്ടെ പോയബാല്യകാലമെന്റെ
കാവ്യമായ്.
പുറത്തുതള്ളി വന്നിടുന്ന വിത്തുകൾ
പെറുക്കി നാം,
പുകച്ചുചുട്ടുതിന്നുവാൻ കൊതിച്ച
കാലമോർമ്മയിൽ.
പറങ്കിമാങ്ങനീരിനാൽ കുറുക്കിയന്നു
തീർത്തൊരാ,
കടുപ്പമുള്ളൊരാ രസം രുചിച്ചിടാൻ
കൊതിച്ചുപോയ്.
അകത്തു നമ്മളന്നു ചേർത്തുവച്ചിരുന്ന
നന്മയും,
തിരിച്ചുനേടുവാൻ നിനച്ചിടുന്നു
നമ്മളിപ്പഴും.
ഒരുക്കിവച്ച തുട്ടുമായി
നാമിരുന്നുകണ്ടൊരാ
വെളുത്തിരുണ്ട ചിത്രവും തെളിഞ്ഞു
മുന്നിലിന്നിതാ.
തുറന്നുവച്ച ചോറ്റുപാത്രമൊക്കെയും
രുചിച്ചു നാം.
മുഴുത്ത നെല്ലികൾ കടിച്ചു നീർകുടിച്ച
മാധുരി.
പഠിച്ച ചില്ലകൾ
മുഴുത്തുപൂത്തുനിൽക്കുമെങ്കിലും,
പരസ്പരം രുചിച്ചിരുന്ന
നന്മയിന്നൊരന്യമായ്.
വെറുപ്പു
കുത്തിവച്ചിടാത്തൊരിഷ്ടമുള്ള
നാളിലായ്
വിശപ്പിലും നുകർന്നിടാൻ പഠിച്ചു
സ്നേഹവായ്പുകൾ.
പലർ വസിച്ചിടുന്ന ചിത്തഗോപുരം
തകർത്തിതാ
ഉയർത്തിടുന്നനേക
വിദ്യതൻപുരക്കടല്‍ ദ്രുതം.
പറിച്ചകറ്റിടുന്നിതാ മതം
കുരുന്നുമാനസം,
വിധിച്ചിടുന്നിതാ സമത്വചിന്തകൾ
കവർന്നു നാം.
വെറുത്തിടാൻ കുറിച്ചിടുന്ന ഭക്തരാലെ
നമ്മളും,
കൊലക്കളങ്ങളേറിടാൻ പകച്ചുരുള്‍
പുകച്ചിടും.
ഇരിക്കുമീ പഴക്കമൊന്നണഞ്ഞിടിൽ
പറഞ്ഞിടാം,
കറുത്ത ദൈവപുത്രനാൽ ഭരിക്കുമീ
ധരിത്രിയും.
തളർന്നിടുന്നിതാ വരുന്ന
കാലമോർത്തൊരെൻമനം,
മുറിഞ്ഞിടുന്നിതാ
ദിനങ്ങളാധികൂടിയെൻ രവം.
പിറന്നിടട്ടെ തോഴനേ! നിനക്കു
സോദരൻസമം,
മരിച്ചിടട്ടെ
നീയകന്നുപോയിടുന്നതിൻജവം.
മനസ്സിലന്നു ചേർത്തുവച്ചതൊക്കെയും
കുറിച്ചിടാൻ,
കൊതിച്ചുപോകുമാ ചെറുപ്പകാലമെത്ര
സുന്ദരം.
അടച്ചുവച്ചിടുന്ന
കുഞ്ഞുമാനസങ്ങളൊക്കെയും,
തുറന്നുവിട്ടു നമ്മളിന്നൊരാ
പഴക്കമേറിടാം.
(പഞ്ചചാമരം)