Thursday, December 26, 2024
Homeസ്പെഷ്യൽഓർമ്മകളിൽ നിലീന എബ്രഹാം ✍ബെന്നി മഞ്ഞില കൊച്ചി

ഓർമ്മകളിൽ നിലീന എബ്രഹാം ✍ബെന്നി മഞ്ഞില കൊച്ചി

ഒരു ദിവസം ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നോട് ചോദിച്ചു, “നിലീന ഏബ്രഹാം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?”

എന്നേക്കാള്‍ ശക്തമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഓര്‍മ്മ. അതുകൊണ്ട്, അദ്ദേഹം എന്‍റെ ഓര്‍മ്മയുടെ നിലവാരം പരിശോധിക്കാനാണ് അങ്ങനെ ചോദിച്ചതെന്ന് എനിക്ക് തോന്നി. ഞാന്‍ പറഞ്ഞു, “അവര്‍ മരിച്ചുപോയി” പിന്നെ, അവരുടെ ജീവിതകഥ ഞാന്‍ ചുരുക്കിപ്പറഞ്ഞു.

‘മഹാരാജാസ് കോളേജില്‍ ബംഗാളി അദ്ധ്യാപിക. ലോകോത്തര നോവല്‍ എന്നു ഞാന്‍ വിശ്വസിക്കുന്ന ആരോഗ്യ നികേതനം എന്ന ബംഗാളി നോവലിന്‍റെ മലയാളം പരിഭാഷക. ഇന്നത്തെ ബംഗ്ലാദേശില്‍ ആയിരുന്നു അവരുടെ ജനനം. സ്വാതന്ത്ര്യ സമരം ഇരമ്പുന്ന കാലത്ത്, ഇന്ത്യ വിഭജിക്കും എന്ന്‍ ഉറപ്പായപ്പോള്‍, അവര്‍ കാമുകനായ ഏബ്രഹാമും ഒത്ത് ഇന്ത്യാക്കാരിയായി.

ആരേയും ബംഗാളി ഭാഷ പഠിപ്പിക്കുന്നത് തന്‍റെ കുലധര്‍മ്മമായി അവര്‍ കണക്കാക്കി. ബംഗാളി ഭാഷയോടുള്ള സ്നേഹം കൊണ്ട്, പ്രശസ്തരായ എഴുത്തുകാര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അവരെ മഹാരാജാസ് കോളേജില്‍ ബംഗാളി അദ്ധ്യാപികയായി നിയമിച്ചു.
അവര്‍ മരിച്ചപ്പോള്‍ ഞാന്‍ മലയാളം വാരികയില്‍ ഒരു അനുസ്മരണ ലേഖനം എഴുതിയിട്ടുണ്ട്.

അതിനും ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഞാന്‍ അവരെ അവസാനമായി കാണുന്നത്. അന്ന്‍ അവര്‍ കുറേനേരം ഞാനുമായി സംസാരിച്ചു. രബീന്ദ്ര സംഗീതം ആലപിച്ചു. ഹൃദ്യമായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ചയും.

ചുള്ളിക്കാടിനോട് ഞാന്‍ പറഞ്ഞു, ‘നമ്മള്‍ മഹാരാജാസില്‍ കയറും മുമ്പേ അവര്‍ അവിടെ നിന്നു വിരമിച്ചെങ്കിലും അവര്‍, നമ്മുടെയൊക്കെ ആത്മാവിന്‍റെ അയല്‍ക്കാരി ആയിരുന്നു’
പിന്നെ, മരണക്കിടക്കിയില്‍ കിടക്കുമ്പോള്‍ ആരോഗ്യ നികേതനത്തിലെന്നപോലെ ഞാനും മൃത്യുദേവതയെ കണ്ടു.

അപ്പോള്‍, മരിച്ചു പോയവരുടെ ശബ്ദങ്ങള്‍ വളരെ അടുത്തുകേള്‍ക്കാം. ആരൊക്കയോ അടുത്തുണ്ട്. അപ്പോള്‍ ഡോക്ടറും പരിവാരങ്ങളും മൃത്യുദേവതയോട് കെഞ്ചുന്നുണ്ട്, അമ്മേ സമയമായില്ലല്ലോ. സാവകാശം ആ കാലൊച്ചകള്‍ അകന്നുപോകുന്നു. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.
താരാശങ്കര്‍ ബാനര്‍ജിയേയും നിലീന ടീച്ചറേയും എങ്ങനെ മറക്കാന്‍.

നിലീന എബ്രഹാം

1925ൽ ജുലൈ 27ന് ഇപ്പോൾ ബംഗ്ലാദേശിലായ പബ്നയിൽ ജനിച്ചു. അവർ എഴുത്തുകാരിയും തർജ്ജമക്കാരിയുമാണ്. ബംഗാളിയിലും രാഷ്ട്രതന്ത്രത്തിലുംചരിത്രത്തിലും ബിരുദാനന്തര ബിരുദം ഉണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ ബംഗാളി പ്രൊഫസ്സറായിരുന്നു.

അവർ ബംഗാളിയിൽ നിന്ന് എട്ടു കൃതികൾ മലയാളത്തിലേക്കും പത്ത് മലയാളം കൃതികൾ ബംഗാളിയിലേക്കും തർജ്ജമ ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടും ബാല്യകാല സഖിയും ,വിവർത്തനം ചെയ്തതിന് 1989ൽ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടുകയുണ്ടായി

മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങൾ

ആരോഗ്യനിക്കേതൻ
ഏഴുവാട്
ഇരുമ്പഴിക്കൽ (2 ഭാഗങ്ങളായി)
മിഥുനലാഗ്നം
അവൻ വരുന്നു

ബെന്നി മഞ്ഞില
കൊച്ചി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments