ഒരു ജനിതക വൈകല്യമാണ് ഡിപ്പിഗസ്. കൈകളോ, കാലുകളോ രണ്ടിൽ കൂടുതലും, ഒന്നിൽ കൂടുതൽ ജനനേന്ദ്രിയങ്ങളുമായി ജനിച്ചു വീഴുന്ന അവസ്ഥയാണ് ഡിപ്പിഗസ്. ഗർഭാവസ്ഥയിൽ ജീനുകളുടെ മാറ്റങ്ങളിൽ വരുന്ന ഏറ്റക്കുറച്ചിലുകളാൽ സംഭവിക്കുന്ന ഒരു അവസ്ഥാ വിശേഷമാണ് ഡിപ്പിഗസ്. വളരെ അപൂർവ്വമായ ഒരു രോഗാവസ്ഥയാണിത്.
1889 മെയ് പതിനെട്ടാം തീയതി ഇറ്റലിയിലെ റോസോലിനിയിൽ ഡിപിഗസ് എന്ന അവസ്ഥയുമായി ഫ്രാങ്ക് ലെന്റിനി ജനിച്ചു. ജനിച്ചപ്പോൾ ലെന്റിനിക്ക് മൂന്നു കാലുകളും, മൂന്നാമത്തെ കാലിന്റെ മുട്ടിൽ നിന്നും മറ്റൊരു കാല്പത്തിയും, രണ്ട് ജനനേന്ദ്രിയവും ഉണ്ടായിരുന്നു. വൈകല്യവുമായ് ജനിച്ച മകനെ അംഗീകരിക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. അങ്ങനെ ഒരകന്ന ബന്ധു ഫ്രാങ്കിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. അവരവനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. സർജറിയിലൂടെ മൂന്നാമത്തെ കാൽ മുറിച്ചു മാറ്റാമെന്ന് കരുതി. എന്നാൽ സർജറിക്ക് ശേഷം ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് വിഗദ്ധ ഡോക്ടർ മാർ അഭിപ്രായപെട്ടപ്പോൾ ബന്ധുക്കൾ പിന്മാറി. അവർ അവനെ സ്പെഷ്യൽ സ്കൂളിൽ ചേർത്തു. മിടുക്കനായ ഫ്രാങ്ക് എല്ലാത്തിനും മുൻപന്തിയിലായിരുന്നു. മൂന്നുകാലുകളുടേയും നീളം വ്യത്യസ്തമായിരുന്നു. അതുകൊണ്ട് തന്നെ നടക്കാൻ ഫ്രാങ്കിന് ബുദ്ധിമുട്ടും ആയിരുന്നു. എന്നിരുന്നാലും വൈകല്യങ്ങളെ മറികടന്ന് ഫ്രാങ്ക് മുന്നേറി. “മൂന്നുകാലുള്ള” അത്ഭുതമനുഷ്യൻ എന്ന് ഫ്രാങ്കിനെ വിശേഷിപ്പിച്ചു.
മൂന്നു കാലുകൾ ഉപയോഗിച്ച് അദ്ദേഹം ഫുട്ബോൾ വരെ കളിച്ചിരുന്നു. പന്ത് തട്ടി മാറ്റാൻ വിദദ്ധ രീതിയിൽ അദ്ദേഹം മൂന്നാമത്തെ കാൽ ഉപയോഗിച്ചിരുന്നുവത്രേ. അംഗവൈകല്യം ഉള്ള കുട്ടികളോടൊത്തുള്ള സഹവാസം തന്റെ ജീവിതത്തെ മാറ്റിമറിച്ചു. സ്കൂൾ പഠനം കഴിഞ്ഞ ശേഷം ഫ്രാങ്ക് ഒരു സർക്കസ് കമ്പനിയിൽ ചേർന്നു. അംഗവൈകല്യത്തെ മറികടന്ന് അദ്ദേഹം സർക്കസ് പ്രദർശന വേദിയിൽ മികവ് പുലർത്തി. ഹാസ്യപ്രകടനങ്ങൾ കൊണ്ട് കാണികളെ കയ്യിലെടുത്തു. പിന്നീടദ്ദേഹം തെരേസ മുറായ് എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അവർക്ക് നാലുകുട്ടികളും ജനിച്ചു. ജീവിത കഥ ഉൾപ്പെടെ അഞ്ചോളം പുസ്തകങ്ങൾ രചിച്ചു. വിവിധ വിഷയങ്ങളെ പറ്റി പൊതുവേദികളിൽ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ തന്റെ അനുഭവങ്ങൾ വിവരിച്ചു. അത് അനേകരിൽ പുതുജീവൻ നിറച്ചു.
ഡിപ്പിഗസ് എന്ന അവസ്ഥ ഭ്രൂണാവസ്ഥയിൽ സംഭവിക്കുന്ന ഒരു ജനിതക വൈകല്യമാണ്. വളരെ അപൂർവ്വമായ ഈ അവസ്ഥയുടെ യഥാർത്ഥ കാരണങ്ങൾ ശാസ്ത്രലോകത്തിനു തന്നെ അത്ഭുതമാണ്. ലോകത്തിൽ ഇന്നേവരെ പതിനാലു കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അപൂർവ്വമായ ഈ രോഗവുമായി ജനിച്ച ഫ്രാങ്ക് ജീവിതത്തെ തോൽപ്പിച്ചു. 1969 സെപ്റ്റംബർ 21-)0 തീയതി അമേരിക്കയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു.