“ഇസലാ ഡി ലാസ് മുനെകസ്”
സമ്പന്ന രാഷ്ട്രമായ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള ഒരു രാജ്യമാണ് മെക്സിക്കോ. ഒരു വടക്കേ അമേരിക്കൻ രാജ്യമാണെങ്കിലും ഇവിടത്തെ ഔദ്യോഗിക ഭാഷ സ്പാനിഷാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്പാനിഷ് സംസാരിക്കുന്ന ജനങ്ങൾ ഉള്ള സ്ഥലവും മെക്സിക്കോ ആണ്. മെക്സിക്കോയിലെ ഒരു അത്ഭുതദ്വീപാണ് “ഇസലാ ഡി മുനെകസ്.” വിചിത്രമായ ഈ പേരിനുടമയായ ദ്വീപിനെ “പാവകളുടെ ദ്വീപ്” എന്ന് വിശേഷിപ്പിക്കുന്നു. മെക്സിക്കോ നഗരത്തിന്റെ തൊട്ട് തെക്കു ഭാഗത്തായി സോഷിമിക്കോ എന്ന കനാലിന് തൊട്ടാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഡോൺ ജൂലിയൻ സാന്റാന ബെറേറാ എന്ന കലാകാരനായിരുന്നു ഈ ദ്വീപിന്റെ സൂക്ഷിപ്പുകാരൻ. തന്റെ കാമുകിയുമായി തെറ്റിപ്പിരിഞ്ഞ ജൂലിയൻ ഏകാന്ത വാസത്തിനായി ഏകദേശം 1970 കളിൽ ഈ ദ്വീപിൽ എത്തിച്ചേർന്നു. അദ്ദേഹം ഈ ദ്വീപിൽ ഒറ്റയ്ക്ക് താമസിച്ച് അവിടെ കൃഷി ചെയ്ത് ജനവാസമുള്ള അയൽ ദ്വീപിൽ കൊണ്ടുപോയി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. ഇദ്ദേഹം ആരോടും വേണ്ടതിലധികം സംസാരിച്ചില്ല, ആരോടും അടുപ്പം പുലർത്തിയതുമില്ല.
ഇസലാ ഡി ലാസ മുനെകസ് എന്ന ദ്വീപിന്റെ അടുത്തായി ആയിരക്കണക്കിനാളുകൾ താമസിക്കുന്നുണ്ട് എങ്കിലും ഈ ദ്വീപിലെ ഇപ്പോൾ ജനവാസമുണ്ടോ എന്നത് അഞ്ജാതമാണ്. തീർത്തും ഭയപ്പെടുത്തുന്ന കാഴ്ചകളാണ് ഈ ദ്വീപിലുള്ളത്. ഈ ദ്വീപിന്റെ എവിടെ നോക്കിയാലും പേടിപ്പെടുത്തുന്ന രൂപത്തിലുള്ള പാവകളാണ്. അതും പേടിപ്പെടുത്തുന്ന പാവകൾ. രക്തമൊഴുകുന്ന രൂപത്തിലും, കയ്യോ, കാലോ നഷ്ട്ടപ്പെട്ട രൂപത്തിലും, കണ്ണുകൾ പുറത്തേക്കുന്തിയ രൂപത്തിലും, കോമ്പല്ലുള്ളതും, ഇങ്ങനെ ഭയപ്പെടുത്തുന്ന രൂപമാണ് ഓരോ പാവയ്ക്കും. ഇവയെ മരങ്ങളിൽ കെട്ടിത്തൂക്കിയും, പുല്ലിൽ നിർത്തിയിട്ടിരിക്കുന്ന രീതിയിലുമാണ് കാണുന്നത്. വർഷങ്ങളായി മഴയും, വെയിലുമേറ്റ് നിറം മങ്ങിയും, ചുവന്ന ചായങ്ങൾ ഒലിച്ചിറങ്ങിയും വികൃതമാണ് ഓരോന്നും. അങ്ങനെ ഒരു പ്രേതസിനിമയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ദ്വീപിലെ കാഴ്ച്ച.
ഏകാന്തവാസത്തിനായി ദ്വീപിൽ എത്തിയ ജൂലിയസ് അവിടെ താമസിച്ചു വരവേ ഒരു ദിവസം അവിചാരിതമായ ഒരു കാഴ്ച കണ്ടു, ഒരു കൊച്ചു പെൺകുട്ടി വെള്ളത്തിൽ മുങ്ങി പൊങ്ങുന്നു. പെട്ടെന്ന് ഓടി വന്ന ജൂലിയസ് അവളെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും അയാൾക്കതിന് കഴിഞ്ഞില്ല. ആ പെൺകുട്ടി ആരാണെന്നോ അവൾ എങ്ങനെ അവിടെയെത്തിയെന്നോ ആർക്കും അറിവുണ്ടായിരുന്നില്ല. സമീപത്തായി ഒരു പാവക്കുട്ടിയെ ജൂലിയസിന് കിട്ടി. ആ കുട്ടിയുടെ ആത്മാവ് പാവയിലുണ്ടെന്നും ആ “ആത്മാവ്” തന്നെ പിന്തുടരുന്നതായും ജൂലിയസിന് തോന്നി. ജൂലിയസ് പെൺകുട്ടിയുടെ ആത്മാവിന്റെ സന്തോഷത്തിനായി പാവകളെ വാങ്ങിക്കൊണ്ടു വന്നു. ഈ കഥകേട്ട് അനുകമ്പ തോന്നിയ സമീപദ്വീപ് വാസികളും ആ പെൺകുട്ടിക്ക് വേണ്ടി പാവകളെ കൊണ്ടുവരാൻ തുടങ്ങി. താമസിയാതെ നൂറുകണക്കിന് പാവകളെ കൊണ്ട് ദ്വീപ് നിറഞ്ഞു. ഈ പാവകൾ രാത്രിയിൽ സംസാരിക്കുന്നവയാണെന്നും, കനാലിൽ കൂടെ യാത്രചെയ്യുന്നവരെ അങ്ങോട്ടേക്ക് മാടി വിളിക്കാറുണ്ടെന്നും, എന്തിനേറെ അവ സഞ്ചരിക്കാറുണ്ടെന്നുമുള്ള അനേകം കഥകൾ ഈ ദ്വീപിനെ ചുറ്റിപറ്റി പരന്നു.
ഈ കഥകൾ കേട്ട് സമീപ സ്ഥലങ്ങളിൽ നിന്നും ആളുകൾ പാവകളുമായി ഇങ്ങോട്ട് വരാൻ തുടങ്ങി. അവർക്കെല്ലാം ദ്വീപ് ചുറ്റികാണാനുള്ള അവസരം ജൂലിയസ് നൽകി. പിന്നീട് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും അനേകർ ഇങ്ങോട്ട് വരാൻ തുടങ്ങി. ക്രമേണ ഈ ദ്വീപ് ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറി. 2001-ൽ ജൂലിയസ് ഒരു അപകടത്തിൽപെട്ട് മരണമടഞ്ഞു. വർഷങ്ങൾക്കു മുൻപ് ആ പെൺകുട്ടിയുടെ മൃതദേഹം കിടന്ന അതേ സ്ഥലത്താണ് ജൂലിയസിന്റെ നിർജ്ജീവശരീരവും കാണപ്പെട്ടത്!!!!!!! എന്നാൽ ഈ കഥകളെല്ലാം ജൂലിയസിന്റെ വെറും ഭാവനാ സൃഷ്ടിയാണെന്ന് പറയുന്നവരും ഉണ്ട്. കിംവദന്തികൾ ആണെങ്കിൽ പോലും ഇത്തരം സംഭവങ്ങൾക്ക് മനുഷ്യർ എത്രത്തോളം പ്രാധാന്യം കൊടുക്കുന്നു എന്നത് ചിന്തനീയം തന്നെ !!