Sunday, May 5, 2024
HomeUncategorizedയാത്ര - ഭൂമിയിലെ പറുദീസയിലേക്കും മോക്ഷകവാടത്തിലേക്കും (യാത്രാവിവരണം: ഭാഗം ആറ്) തയ്യാറാക്കിയത്:...

യാത്ര – ഭൂമിയിലെ പറുദീസയിലേക്കും മോക്ഷകവാടത്തിലേക്കും (യാത്രാവിവരണം: ഭാഗം ആറ്) തയ്യാറാക്കിയത്: ഗിരിജാവാര്യർ

തയ്യാറാക്കിയത്: ഗിരിജാവാര്യർ

രാത്രി എട്ടേമുക്കാലോടെ ഡൽഹി എയർപോർട്ടിൽ എത്തി. ഡൽഹിയിൽ എത്തിയതോടെ എല്ലാവർക്കും വലിയൊരാശ്വാസം ഫോണുകൾ വീണ്ടും സജീവമായി എന്നതാണ്. കാശ്മീരിൽ കുറേപ്പേരുടെയെങ്കിലും സ്വസ്ഥത കളഞ്ഞത് നിശ്ശബ്ദമായ ഫോണുകൾ ആയിരുന്നു.

ഡൽഹിയിൽ ഞങ്ങൾക്കു സൈറ്റ് സീയിങ് ഇല്ല. ഒരു രാത്രിയിലെ താമസം മാത്രം. പിറ്റേന്ന് വെളുപ്പിനേ റെയിൽവേ സ്റ്റേഷനിൽ എത്തണം. വന്ദേ ഭാരത് ട്രെയിനിലാണ് വാരണാസിക്കുള്ള യാത്ര. ഈ പുതിയ തീവണ്ടിയാത്രയുടെ അനുഭവം അറിയാനാണ് ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത് യാത്ര ട്രെയിനിൽ ആക്കിയത്.
“കാലത്ത് ആറുമണിക്കാണ് ട്രെയിൻ. അഞ്ചുമണിക്കുതന്നെ എല്ലാവരും റെഡിയാവണം ”
മിഥുൻ ഞങ്ങളെ ഓർമ്മിപ്പിച്ചു. കാശ്മീരിൽ നിന്നും ഡൽഹിയിൽ എത്തിയാൽ കേരളീയഭക്ഷണം തരാം എന്ന് അവർ ഏറ്റിരുന്നു. പലരും ആവശ്യപ്പെട്ടത് കഞ്ഞിയും പയറും ചമ്മന്തിയും. സംഘാടകർ വാക്കുപാലിച്ചു. ഡൽഹിയിലെ ഞങ്ങളുടെ അതാഴത്തിനുണ്ടായിരുന്നത് ആവി പറക്കുന്ന കഞ്ഞിയും പയറും ചമ്മന്തിയും. ചപ്പാത്തി വേണ്ടവർക്ക് അതും ഉണ്ടെന്ന് മിഥുൻ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.. എല്ലാവർക്കും കഞ്ഞി മതി.. മൂന്നു ദിവസത്തെ ചപ്പാത്തിയും ദാലും മസാലയും എല്ലാവരെയും മടുപ്പിച്ചിരുന്നു. മലയാളിക്ക് അരിഭക്ഷണത്തോടുള്ള മമത ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു. രാവിലെ നേരത്തെ ഉണരാനുള്ളതുകൊണ്ട് വർത്തമാനത്തിനൊന്നും നിൽക്കാതെ എല്ലാവരും വേഗം സ്വന്തം മുറികളിലേക്ക് നീങ്ങി.

കാലത്ത് അഞ്ചുമണിക്കുതന്നെതന്നെ ടീം റെഡിയായി.എല്ലാവരും പൊതുവേ സമയനിഷ്ഠ പുലർത്തുന്നവരാകയാൽ സംഘാടകർക്കു എവിടെയും കാത്തുനിൽക്കേണ്ടി വന്നിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ എത്തിക്കാനുള്ള വണ്ടി ഹോട്ടലിനു മുന്നിൽ സജ്ജമാണ്. നഗരം ഉണർന്നുവരുന്നതേയുള്ളൂ. ഞങ്ങൾ പൂർവ്വാധികം ഉന്മേഷവാന്മാരായി. ഈ യാത്ര കാശിയിലേക്കാണ്. മോക്ഷകവാടത്തിലേക്ക്.

കൃത്യം ആറുമണിക്കുതന്നെ ട്രെയിൻ എത്തി.ഡൽഹിയിൽ നിന്നും ബനാറസ്സിൽ എത്തുന്നതിനിടക്ക് ആകെ രണ്ടേരണ്ടു സ്റ്റോപ്പേയുള്ളൂ. ഒന്ന് കാൺപുർ, രണ്ട് പ്രയാഗ. ന്യൂ ഡൽഹിയിൽ നിന്നും വാരണാസിയിലേക്കുള്ള 759കി. മീ. ഓടിത്തീർക്കുന്നത് വെറും എട്ടു മണിക്കൂർ കൊണ്ടാണ്. പത്തുമണിയോടെ 440കി. മീ. പിന്നിട്ട് കാൺപൂരിലെത്തും.12മണിക്കു അലഹബാദിലെ പ്രയാഗ് രാജിൽ എത്തുമ്പോഴേക്കും ട്രെയിൻ 635കി. മീ. പിന്നിട്ടിട്ടുണ്ടാകും. അടുത്ത സ്റ്റേഷൻ വാരണാസിയാണ്. അവിടെയെത്തുമ്പോഴേക്ക് 2മണിയാകും.

സാധാരണ ഒരു ട്രെയിൻയാത്രയുടെ സൗകര്യങ്ങളല്ല വന്ദേ ഭാരത് ട്രെയിൻ യാത്രയിൽ നമുക്കു ലഭിക്കുന്നത്. യാത്രചെയ്യാൻ നമുക്കു എക്‌സിക്യൂട്ടീവ് ക്ലാസ്സോ, ചെയർ കാറോ തിരഞ്ഞെടുക്കാം!ബ്രേക്ക്‌ഫാസ്റ്റിനും, ലഞ്ചിനുമുള്ള തുക ടിക്കറ്റ് ചാർജിൽ ഉൾപ്പെട്ടതാണ്.യാത്രക്കാരുടെ സൗകര്യങ്ങൾ വിലയിരുത്താൻ സുസജ്ജമായ ഒരു ടീമും ഉണ്ട്. രാവിലെ കയറിയ ഉടനേ നമുക്ക് മസാല ടീ / നെസ്കഫേ കോഫി,അതിന്റെ കൂടെ യൂനിബിക്സ് ഓട്ട്മീൽ കുക്കീസ് ഇവ കിട്ടും. ബ്രേക്ക്‌ഫാസ്റ്റിനു വെജ് കട്ലറ്റ്, ചോക്ലേറ്റ് ഡോനട്ട്, ടീ അല്ലെങ്കിൽ കോഫി അങ്ങനെ സമൃദ്ധമായി കഴിക്കാം. ലഞ്ചും മോശമല്ല. ദാൽ മഖ്നി, ജീരറൈസ്,കർഡ്‌,പനീർ, റോട്ടി, പുറമേ ഒരു ഡസർട്ടും. കുട്ടികൾക്ക് ഇഷ്ടമുള്ള ഐസ് ക്രീം ഒക്കെ കിട്ടും. എട്ടുമണിക്കൂർ ഇരുന്നു മതിയാവും എന്നതൊഴിച്ചാൽ ഈ യാത്ര രസകരം തന്നെ!ബനാറസ്സിലെത്തിയപ്പോൾ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. യാത്രക്കാർ കഴിക്കാതെ മാറ്റിവച്ച ഭക്ഷണസാധങ്ങൾ ശേഖരിക്കാൻ സഞ്ചിയുമായി കൊച്ചു കുട്ടികൾ നിൽക്കുന്നു. റയിൽവെ ഉദ്യോഗസ്ഥർ അവർക്കത് നൽകുന്ന കാഴ്ച കണ്ണു നനയാതെ കാണാൻ മന:സാക്ഷിയുള്ള ആർക്കും കഴിയില്ല.

ജൻഗംബാരി റോഡിലുള്ള വൈഭവ് ഹർഷ് എന്ന ഹോട്ടലിലാണ് ഞങ്ങൾക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. തിരക്കുപിടിച്ച ആ കൊച്ചുനഗരത്തിലുള്ള ഹോട്ടലിനും അതിന്റേതായ അപാകങ്ങളുണ്ട്. വലിയ വിസ്താരമുള്ള മുറികളൊന്നുമല്ല. ജനൽ തുറന്നിട്ടാൽ കാണുന്നത് കാശിയുടെ ജനസമൃദ്ധമായ തെരുവ്.24മണിക്കൂറും വഴിയോരക്കച്ചവടക്കാർ സജീവമാണെന്നു തോന്നുന്നു. അത്രമാത്രം തിരക്കാണ്. എയർപോർട്ടിൽനിന്നു വരുന്ന വഴിക്കേ ഞങ്ങളുടെ ടീമിലെ ഒരാളുടെ പേഴ്‌സ്, ഐ ഡി കാർഡും, ATM കാർഡുമടക്കം മോഷ്ടിക്കപ്പെട്ടുപോയി. അദ്ദേഹം സംഘാടകരിൽ ഒരാളെക്കൂട്ടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തു.യാത്രാവേളയിൽ ഐഡി കാർഡ് നഷ്ടപ്പെട്ടത് പ്രശ്നമാകുമോ എന്നായിരുന്നു പേടി. രണ്ടു ദിവസം കഴിഞ്ഞാൽ കേരളത്തിലേക്ക് മടങ്ങേണ്ടവരല്ലേ ഞങ്ങൾ. വിശ്വനാഥന്റെ നാട്ടിൽ മോക്ഷംതേടുന്നവരെകാത്ത് കള്ളന്മാരും ഉണ്ടെന്ന് കാശിയിൽ കാലുകുത്തിയപ്പോഴേ ബോദ്ധ്യം വരുത്തിയ സംഭവം.

അന്ന് വൈകീട്ട് ഗംഗാആരതി കാണാൻ പോയി.സാന്ധ്യശോഭയിൽ മുങ്ങിനിവരുന്ന ഭാഗീരഥിയുടെ മാറിലൂടെ ഒരു ബോട്ട് യാത്ര!മണികർണ്ണികയിലും
ഹരിശ്ചന്ദ്രഘട്ടിലും ആളുന്ന ചിതാഗ്നിയിൽ അലിയുന്ന പ്രാർത്ഥനാഗീതങ്ങൾ!കൈയിൽ പുഷ്പങ്ങളും ആരതിദീപവുമായി പൂക്കാരികൾ ബോട്ടുകൾതോറും കയറിഇറങ്ങുന്നു. ആത്മീയത വില്പനചരക്കാക്കി ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കുന്ന അവരിൽ പലരും പതിനഞ്ചു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളാണെന്ന സത്യം എന്നെ ഏറെ അദ്ഭുതപ്പെടുത്തി. ഗംഗാ ആരതി പശ്ചാത്തലമാക്കി നമ്മുടെ ഫോട്ടോ എടുത്തു തരാനും ആളുകളുണ്ട്.ഒരു ഫോട്ടോയ്ക്ക് അമ്പതുരൂപ ചാർജ്ചെയ്യും. അങ്ങനെയും കുറെ ജീവിതങ്ങൾ!

ധൂപങ്ങളുടെ വീചികളിൽ വിലയംകൊള്ളുന്ന ദീപങ്ങൾ നോക്കി ഞാനിരുന്നു. അവയെല്ലാം ഓളപ്പാത്തിയിലൂടെ മോക്ഷംതേടിയലയുകയാണോ?സംഗീതവും, ദൃശ്യസൗകുമാര്യവും, ഭക്തിയും വിശ്വാസവും ഇഴപിരിഞ്ഞുകിടക്കുന്ന ഒരന്തരീക്ഷം.. കുറച്ചുനേരം നമ്മൾ മറ്റേതോ ലോകത്താണെന്ന് തോന്നിപ്പോകും.

ഗംഗാആരതി കഴിഞ്ഞ് ഞങ്ങൾ വിശ്വനാഥദർശനത്തിനായി ക്ഷേത്രത്തിലേക്കുനീങ്ങി. നല്ല തിരക്കുണ്ടായിരുന്നു പുഴയിൽനിന്നും കെട്ടിപ്പൊക്കിയ കല്പടവുകളിൽക്കൂടി കുറേ കയറണം, ക്ഷേത്രത്തിലെത്താൻ. കിതപ്പു വകവെക്കാതെ കയറി. കല്ലുകൾ പാകിയ വഴിക്കിരുവശവും വഴിവാണിഭം പൊടിപൊടിക്കുന്നു. തിരക്കുണ്ടെങ്കിലും ക്യൂവിൽ നിന്ന് ദർശനം സാദ്ധ്യമാക്കിയ പുണ്യത്തിൽ ഞങ്ങൾ റൂമിലേക്ക്‌ മടങ്ങി.

തയ്യാറാക്കിയത്: ഗിരിജാവാര്യർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments