വെള്ളിമൺ കൊട്ടാരം ശ്രീ മഹാഗണപതി ക്ഷേത്രം
ഭക്തരെ…!
കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട അഷ്ടമുടിക്കായലിലെ ഒരു ഉപദ്വീപാണ് വെള്ളിമൺ. വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലം കൂടിയാണ് വെള്ളിമൺ. കൊല്ലം നഗരത്തിൽനിന്നും 15 കിലോമീറ്ററും, കുണ്ടറയിൽ നിന്നും 3.5 കിലോമീറ്ററും, ഇളമ്പല്ലൂരിൽ നിന്നും 2.6 കിലോമീറ്ററും ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. പണ്ട് നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന വെള്ളിമൺ കൊട്ടാരം ഇന്ന് ശ്രീ മഹാഗണപതി ക്ഷേത്രമാണ്.
സമചതുരാകൃതിയായുള്ള കിഴക്കോട്ട് ദർശനമായി സ്ഥിതിചെയ്യുന്ന ശ്രീകോവിലിൽ ശ്രീ മഹാഗണപതിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിവസവും രണ്ട് നേരമാണ് പൂജ.
ശ്രീകോവിലിനു മുന്നിൽ ചതുരാകൃതിയിൽ മുഖമണ്ഡപവും നടപന്തലും ഉണ്ട്. ഇവിടെ നാലമ്പലത്തികത്ത് ഭഗവതിയുടെ കണ്ണാടി ബിംബം പ്രതിഷ്‌ഠിച്ചിരിക്കുന്ന ഒരു ഉപദേവാലയം കൂടി ഉണ്ട്. ഇതുകൂടാതെ നാലമ്പലത്തിന് പുറത്ത് രക്ഷസ്, യോഗീശ്വരൻ, മാടൻ, മറുത, യക്ഷി, കന്യാവ്, നാഗർ എന്നീ ഉപദേവന്മാരും ഉണ്ട്.
കുംഭമാസത്തിലെ മകം നാളിലാണ് ഭഗവാൻറെ തിരുഉത്സവം കൊണ്ടാടുന്നത്. ഇത് കൂടാതെ വിനായക ചതുർത്ഥിയും ഗംഭീരമായി ആഘോഷിക്കുന്നു.
ഉണ്ണുനീലി സന്ദേശത്തിലും മുരിത്തിട്ട ഗണപതി വെള്ളിമൺ കൊട്ടാരംക്ഷേത്രത്തിലെ ഗണപതിയാണെന്നാണ് അന്നത്തെ കൊല്ലം നഗരചരിത്രവും നഗരത്തിൽകൂടിയുളള സന്ദേശവാഹകൻറെ യാത്രയുടെ വിവരണങ്ങളും പഠനവിധേയമായതിൻറെ അടിസ്ഥാനത്തിൽ യശഃശരീരനായ ചരിത്ര ഗവേഷകൻ പേരിനാട് കെ.രാഘവൻപിള്ള അദ്ദേഹത്തിൻറെ കൊല്ലം നഗരം ഉണ്ണുനീലി സന്ദേശകാലത്ത്, ഉണ്ണുനീലി പ്രശ്‌നങ്ങൾ എന്നീ ഗവേഷണ ഗ്രന്ഥങ്ങളിൽ സമർത്ഥിച്ചിട്ടുമുണ്ട്. വേണാട് രാജകുടുംബത്തിൻറെ ആരാധനാമൂർത്തിയായിരുന്ന മൂരിത്തിട്ട ഗണപതിയുടെ ആസ്ഥാനമായ വെളളിമൺ ക്ഷേത്രത്തിൻറെ ചരിത്രപഞ്ചാത്തലം.
വെളളിമൺ ക്ഷേത്രം കൊട്ടാരം ഗണപതി ക്ഷേത്രം – എന്നാണ് അറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ രാജകൊട്ടാരവുമായി ഇതിന് ബന്ധമുണ്ട്. വേണാടിൻറെ പൂർവകാല രാജധാനി കൊല്ലത്തിനടത്ത് കല്ലടയിലായിരുന്നുവെന്ന് ചരിത്രകാരന്മാർക്ക് അഭിപ്രായമുണ്ട് കൊല്ലം തുറമുഖ പട്ടണമായി വികസിച്ചപ്പോൾ രാജധാനി അങ്ങോട്ട് മാറ്റിയതായിരിക്കാം. ഇതിനെതുടർന്ന് കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലം പെരുവേണാട് – പെരിയനാട് ആയും പിൽക്കാലത്ത് പെരിനാട് ആയി മാറിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
വെളളിമൺ ഉപദ്വിപിൽ വേണാട് രാജകുടുബത്തിനുവേണ്ടി കൊട്ടാരവും ക്ഷേത്രവും പണികഴിപ്പിച്ചു. രാജ കുടുംബാംഗങ്ങൾക്ക് ആരാധിക്കാനായി ആരാധനാമൂർത്തിയായി ഗണപതിയെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. അതാണ് വെളളിമൺ കൊട്ടാരവും കൊട്ടാരം ക്ഷേത്രവും. കൊല്ലം കേന്ദ്രമാക്കി വേണാട് വാണിരുന്ന ജയസിംഹനും സംഗ്രാമധീര രവിവർമ്മയും എല്ലാം വെള്ളിമൺ കൊട്ടാരത്തിൽ താമസിച്ചിരുന്നുഎന്നും ഐതിഹ്യമുണ്ട്.
മാർത്താണ്ഡവർമ്മ മഹാരാജാവിൻറെ പടയോട്ടക്കാലം നാട്ടു രാജ്യങ്ങൾ കിഴടക്കി തൻറെ സാമ്രാജ്യമായ തിരുവിതാംകൂറിനെ കൊച്ചി അരൂരിനു സമീപമുള്ള ഇല്ലിക്കോട് വരെ വികസിപ്പിച്ചു. നാട്ടുരാജ്യങ്ങളിൽനിന്നും പിടിച്ചെടുത്ത സ്വർണ്ണവും രത്നങ്ങളും മറ്റുവിലപിടിപ്പുള്ള ദ്രവ്യങ്ങളും അദ്ദേഹം ശ്രീപത്മനാഭനു സമർപ്പിക്കുകയും ശ്രീപത്മനാഭദാസൻ എന്ന പേര് സമ്പാദിക്കുകയും ചെയ്തു.
അദേഹത്തിൻറെ മേൽകോയ്‌മ അംഗീകരിക്കാൻ കൊട്ടാരക്കര ഇളയിടത്ത് രാജകുടുബം തയ്യാറായിരുന്നില്ല. എന്നാൽ മഹാരാജാവ് ഈ നാട്ടുരാജ്യവും കീഴടക്കി. രാജാവായ കോയിതമ്പുരാനേയും രാജ്‌ഞിയേയും മകളായ കന്നിതമ്പുരാ ട്ടിയേയും ബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്നും ഒരു സൈനികൻറെ സഹായത്തോടെ രക്ഷപ്പെട്ട രാജ്ഞിയും പിതാവും മുരിത്തിട്ടയിലുള്ള (വെള്ളിമൺ) കൊട്ടാരത്തിലെത്തിച്ചേർന്നു.
വേണാട് രാജാവിൻറെ അനുവാദത്തോടെ ഈ കൊട്ടാരത്തിൽ താമസിച്ച് കന്നിതമ്പുരാട്ടി മാർത്താണ്ഡവർമ്മ മാഹരാജാവിനെതിരായി പടയൊരുക്കം നടത്തി. നാടിൻറെ നാനാഭാഗത്തുനിന്നും യുവാക്കളെ തേടിപിടിച്ച് ആയുധപരിശീലനം നൽകി ഒരു ചെറുസൈന്യം രൂപീകരിച്ചു. ചാരന്മാരുടെ സഹായത്തോടെ റാണിയുടെ നീക്കങ്ങൾ മനസ്സിലായ ദളവരാമയ്യൻ തമ്പുരാട്ടി കുണ്ടറ ഇളമ്പല്ലൂർ കാവിൽ വെള്ളിയാഴ്‌ച ദർശനത്തിന് പോകുന്ന വഴിയിൽ സൈന്യത്തിൻറെ സഹായത്തോടെ പതിയിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തി ചൂരാട് കൊട്ടാരത്തിലെത്തിച്ചു. ഇളയിടത്ത് രാജകുടുംബത്തോട് കൂറായിരുന്ന കൊട്ടാരക്കര വെട്ടിക്കവലസ്വദേശി ആയ ഒരു സൈനികൻറെ സഹായത്തോടെ വീണ്ടും രക്ഷപ്പെട്ട രാജ്ഞി മുരിത്തിട്ടയിൽ തിരിച്ചെത്തി. പക്ഷേ രാജസൈന്യം അവരെ പിൻതുടർന്നെത്തി. പിന്നീട് നടന്നയുദ്ധത്തിൽ റാണിയുടെ സൈന്യം ദയനീയമായി പരാജയപ്പെട്ടു. കൊട്ടാരവും ചേർന്നുള്ള ക്ഷേത്രവും അഗ്നിക്കിരയാക്കപ്പെട്ടു.
പരാജയം മനസ്സിലാക്കിയ റാണി പിതാവിനൊടപ്പം സൈന്യത്തിൻറെ പിടിയിൽനിന്നും രക്ഷനേടുന്നതിനായി കൊട്ടാരത്തിന് വടക്ക് ഭാഗത്തുള്ള കുന്നിൽനിന്നും കുതിരയുമായി കായലിലേക്ക് ചാടി ആത്മഹത്യ ചെയ്‌തു. വർഷങ്ങക്കു ശഷം ഈ പ്രദേശത്ത് ജനവാസം ആരംഭിച്ചപ്പോൾ പൂർവ്വികർ ക്ഷേത്രം നിന്ന സ്ഥലത്ത് ശ്രീകൃഷ്‌ണ ഭഗവാനെ സങ്കല്‌പിച്ച “ആരാധന നടത്തി. എന്നാൽ ഉണ്ണുനീലി സന്ദേശത്തിലെ മൂരിത്തിട്ട ഗണപതിയെ കുറിച്ചുള്ള പരാമർശത്തെ കുറിച്ച് ഗവേഷണം നടത്തിയ ചരിത്രഗവേഷകൻ സന്ദേശവാഹകൻറെ (ആദിത്യവർമ്മ) സഞ്ചാരമാർഗ്ഗത്തിലുള്ള വെള്ളിമൺ ക്ഷേത്രമാണ് പരാമർശിക്കപ്പെട്ടത് എന്ന് തിരിച്ചറിയുകയും ചെയ്തു.
അന്ന് ക്ഷേത്രം വിഗ്രഹപ്രതിഷ്‌ഠ ഇല്ലാതിരുന്ന അവസ്ഥയിലായിരുന്നു ഗവേഷകൻ യശഃശരീരനായ പെരിനാട് ശ്രീ. രാഘവൻപിള്ള, ക്ഷേത്ര ഉടമയായിരുന്ന ചെറുകുളത്ത് ശ്രി. ശങ്കരനാരായണപിള്ള തുടങ്ങി ക്ഷേത്രപുനരുദ്ധാരാണത്തിൽ തല്‌പരരായ നിരവധി മഹത്‌വ്യക്തികളുടെ ശ്രമഫലമായും വിശ്വാസികളായ പ്രദേശവാസികളുടെ മഹനീയ സഹകരണത്തോടെയും പ്രസ്‌തുത ക്ഷേത്രം മുഖത്തല നിലമന ഇലത്ത് ബ്രഹ്മശ്രീ. വൈകുണ്ഠം നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്‌ഠാകർമ്മം നടത്തുകയുമാണുണ്ടായത്.