ബെംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് സംഭവം.
മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ ഉൾപ്പെടെ കുമാരിസ്വാമിക്ക് ഒപ്പമുണ്ടായിരുന്നു.കുമാരസ്വാമിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക എന്നിവരുടെയും നേതൃത്വത്തിൽ നടന്ന ബിജെപി – ജെഡിഎസ് നേതാക്കളുടെ യോഗ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കവെ കുമാരസ്വാമിയുടെ മൂക്കിൽനിന്ന് രക്തം ഒഴുകുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഉടൻതന്നെ ടൗവ്വൽകൊണ്ട് മൂക്കുപൊത്തി കുമാരസ്വാമി പിന്നിലേക്ക് മാറുന്നതും യെദിയൂരപ്പ മുന്നിലേക്ക് വരുന്നതും ദൃശ്യത്തിലുണ്ട്. കുമാരസ്വാമിയുടെ വസ്ത്രത്തിൽ രക്തം പറ്റിയിട്ടുണ്ട്. അതേസമയം കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ നിഖിൽ കുമാരസ്വാമി അറിയിച്ചു.
കർണാടകത്തിലെ സിദ്ധരാമയ്യ സർക്കാർ അഴിമതി സർക്കാരാണെന്ന് ആരോപിച്ചായിരുന്നു ബിജെപി – ജെഡിഎസ് യോഗം. മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റിയിൽ ഉൾപ്പെടെ അഴിമതി നടക്കുന്നുണ്ടെന്ന് നേതൃത്വം ആരോപിച്ചു. ഇതിനെതിരെ ബിജെപിയും ജെഡിഎസും സംയുക്തമായി ഓഗസ്റ്റ് മൂന്നിന് പദയാത്ര സംഘടിപ്പിക്കുമെന്ന് ബിവൈ വിജയേന്ദ്ര പറഞ്ഞു.സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകത്തിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് ബിജെപിയിലെയും ജെഡിഎസിലെയും മുതിർന്ന നേതാക്കളെല്ലാം യോഗം ചേർന്ന് വിശദമായി ചർച്ച ചെയ്തു.
പട്ടികജാതി വികസന കോർപറേഷൻ അഴിമതിയിൽ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം കോൺഗ്രസ് സർക്കാർ തട്ടിയെടുത്തു. നിരവധി കുംഭകോണങ്ങൾ നടക്കുന്നതായും ബിവൈ വിജയേന്ദ്ര ആരോപിച്ചു.ഓഗസ്റ്റ് മൂന്നുമുതൽ പദയാത്ര നടത്താൻ ബിജെപിയും ജെഡിഎസും തീരുമാനിച്ചു. ബിഎസ് യെദിയൂരപ്പയും എച്ച്ഡി കുമാരസ്വാമിയും യാത്രയിൽ പങ്കെടുക്കും. ഏഴ് ദിവസം നീളുന്ന യാത്ര 10ന് സമാപിക്കും. ബിജെപിയുടെ ദേശീയ നേതാക്കളും സമാനസമ്മേളനത്തിൽ പങ്കെടുക്കും.
പദയാത്ര തടയാൻ സർക്കാർ ശ്രമിച്ചാലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയാണ് പദയാത്ര ആരംഭിക്കുമെന്നതെന്ന് ആർ അശോക പറഞ്ഞു. പട്ടികവർഗ വിഭാഗത്തിൻ്റെ ക്ഷേമത്തിനുള്ള പണം കോൺഗ്രസ് സർക്കാർ കൊള്ളയടിച്ചു. ബിജെപിയുടെയും ജെഡിഎസിൻ്റെയും ദേശീയ നേതാക്കളെല്ലാം പദയാത്രയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.