Friday, October 18, 2024
Homeയാത്രമൈസൂർ - കൂർഗ് - കേരള യാത്രാ വിശേഷങ്ങൾ - (14) 'മലയാറ്റൂർ മല'

മൈസൂർ – കൂർഗ് – കേരള യാത്രാ വിശേഷങ്ങൾ – (14) ‘മലയാറ്റൂർ മല’

റിറ്റ ഡൽഹി

മലയാറ്റൂർ മല

മലയും  പുഴയും  കരയും സംഗമിക്കുന്ന സ്ഥലം എന്ന രീതിയിലാണ് ‘മലയാറ്റൂർ ‘ പേര് കിട്ടിയത് എന്നാണ് അഭിപ്രായം.  എന്നാൽ ഇതിലെ മല , ക്രൈസ്തവ വിശ്വാസികളുടെ ദുഃഖവെള്ളിയാഴ്ചക്ക് മുമ്പുള്ള നോയ്മ്പു കാലത്ത് ലക്ഷക്കണക്കിന് തീർത്ഥാർടകർ വന്നു പോകുന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു തീർത്ഥാടന കേന്ദ്രമാണിത്.  ഇതിലെ ദേവാലയം ഏകദേശം 600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മല കയറ്റമാണ് തീർത്ഥാടനത്തിലെ പ്രധാന ഘടകം.

കൊച്ചിയിലെ ആലുവ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് മലയാറ്റൂർ . അവിടെ എത്തിയപ്പോൾ വണ്ടി പാർക്കിംഗ് ചെയ്യുന്ന സ്ഥലത്തെ ആൾ,  മുറ്റമടിക്കുന്ന ആൾ, ചവറ് വാരിയെടുക്കുന്ന അമ്മച്ചിമാർ എല്ലാവരും ജോലിയെല്ലാം ഉപേക്ഷിച്ച് ഓടി പോയി മെഴുകുതിരി കൊണ്ടു വരുന്നുണ്ട്. ജോലിയോടൊപ്പം തന്നെ മെഴുകുതിരി കച്ചവടവും അവർക്കുണ്ട്. വേണ്ട എന്ന് പറയുമ്പോൾ അവർക്ക് ആദ്യം  ദേഷ്യവും പിന്നീട് ഞങ്ങൾ എങ്ങനെ ജീവിക്കും എന്ന ചോദ്യവുമാണുള്ളത്. ഭക്തിയുടെ കച്ചവടം എന്നാണ് തോന്നിയതെങ്കിലും പാവങ്ങൾ!

ഈശോയുടെ കുരിശിൻ്റെ വഴിയെ ഓർമിപ്പിച്ചു കൊണ്ടുള്ള പതിനാലു കുരിശുകളും മലയിലേക്കുള്ള കയറ്റത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 14 സ്‌റ്റേഷനുകളിലും  മെഴുകുതിരി കത്തിച്ചു വെക്കാനുള്ള സ്ഥലവും ഉണ്ട്.  വിശ്വാസികൾ സാധാരണയായി കുരിശിൻ്റെ വഴിക്കായുള്ള പ്രാർത്ഥനകൾ ചൊല്ലിയും മരക്കുരിശ് ഏന്തിയുമാണ് മല കയറുക .

എ.ഡി. 52-ൽ ഭാരതത്തിൽ എത്തിയ തോമാശ്ലീഹ മലയാറ്റൂർ മലയിൽ വരികയും ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീടുള്ള കാലങ്ങളിൽ പ്രദേശവാസികൾ അവരുടെ  വേട്ടയാടുന്നതിനിടയിൽ   കഠിനമായ പാറയിൽ   നിന്ന് ഒരു ദിവ്യപ്രകാശം പുറപ്പെടുന്നത് കണ്ടെത്തി. ഉറവിടം പരിശോധിച്ചപ്പോൾ അവർ ഒരു സ്വർണ്ണക്കുരിശ് കണ്ടെത്തുകയും അതുപോലെ  മഹാനായ വിശുദ്ധൻ്റെ കാൽപ്പാടും കണ്ടെത്തി എന്നാണ് ഐതിഹ്യം.

 ”പൊന്നിൻ കുരിശു മുത്തപ്പാ പൊൻ മല കേറ്റം” എന്നു വിളിച്ചു മലമുകളിലേക്ക് കയറിപ്പോകുന്ന വിശ്വാസികളുടെ കാഴ്ചയാണ് ഈ സ്ഥലത്തിൻ്റെ ഊർജ്ജം എന്നു പറയാം.  നാലോ – അഞ്ചോ വയസ്സുള്ളപ്പോൾ ഈ പാട്ടെല്ലാം പാടി  മുത്തച്ഛനും മറ്റു കുടുംബാഗങ്ങളോടൊപ്പം  ഞാനും ഇവിടെ വന്നിട്ടുള്ളതായി  ചെറിയ ഒരു ഓർമ്മ.  അതു കൊണ്ടു തന്നെ ഇത്രയും കാലം ആളുകൾ മല കയറിയിറങ്ങി ഒരു പാത ഉണ്ടായിക്കാണും എന്ന വിശ്വാസത്തിലാണ് ഞാൻ  യാത്ര തുടങ്ങിയത്. എന്നാൽ മല കയറ്റം വിചാരിച്ചത്ര നിസ്സാരമായിരുന്നില്ല. പല പ്രാവശ്യം റെസ്റ്റ് എടുത്താണ് എൻ്റെ മലകയറ്റം . പക്ഷെ പ്രണയജോഡികൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. അവർ കൂടുതൽ ദുർഘടം പിടിച്ച സ്ഥലത്തു കൂടെ യാത്ര ചെയ്ത് എവിടെയെങ്കിലും ഒളിച്ചിരിക്കാനുള്ള വെപ്രാളത്തിലാണ്.  പലപ്പോഴും ഇവർ ശല്യമാകാറുണ്ടെന്നാണ് അവിടെയുണ്ടായിരുന്ന പോലീസ്. ചിലർ പോലീസുമായി വാക്കു തർക്കത്തിനും ഏർപ്പെടാറുണ്ട്!

മലയുടെ മുകളിലായി  ഏകദേശം 500 വർഷം പഴക്കമുള്ള ചാപ്പൽ, 1595-ൽ സ്ഥാപിച്ചതാണെന്ന് കരുതുന്ന ഇത്  ആന കുത്തിയ പള്ളി  എന്നറിയപ്പെടുന്നു. വനപ്രദേശമായ മലയാറ്റൂരിലുണ്ടായിരുന്ന ആനകൾ കുത്തി  ഈ പള്ളിയുടെ പിൻഭാഗത്ത് സാരമായ നാശ നഷ്ങ്ങൾ വരുത്തിയിരുന്നു. ആ ഭാഗങ്ങൾ ഇന്നും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.

 അതിനോട് ചേർന്ന് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നു.അതു പോലെ പൊൻകുരിശും മാർ തോമാശ്ലീഹായുടെ പാദമുദ്രയും സൂക്ഷിച്ചിരിക്കുന്നു. ഭക്തിയിൽ മാത്രമല്ല പ്രകൃതിഭംഗിയിലും മോശമല്ല എന്ന മട്ടിലാണ്. മലയുടെ മുകളിൽ നിന്നുള്ള പ്രകൃതിക്കാഴ്ചകൾ!

ഏതോ പിക്നിക് വന്ന പോലെ ആൺ- പെൺ കുട്ടികളെ കണ്ടപ്പോൾ, വിനോദയാത്രയുടെ ശൈലി മാറിയോ എന്നാണ് ആദ്യം ആലോചിച്ചത്. അവരുടെ പഠിക്കുന്ന കോഴ്സിൻ്റെ ഭാഗമായിട്ട് ഇടയ്ക്കിടെ വരാറുണ്ടെന്നാണ് പറഞ്ഞത്. Physical training/ trainer – അങ്ങനെ എന്തോ ആണ് കോഴ്സിൻ്റെ പേര് പറഞ്ഞത്.  ‘tomboy ആയിട്ടുള്ള ചില  പെൺകുട്ടികളും എന്നാൽ തടി കാരണം നടക്കാൻ പോലും പറ്റാത്ത മറ്റു ചിലരെയും കണ്ടപ്പോൾ ഭക്തിയെല്ലാം മടക്കി ബാഗിലിട്ട്‌ അവരോടൊപ്പം ചേർന്നപ്പോൾ ആ പഴയ കോളേജ് കാലത്തിലേക്ക് പോയോ എന്നു സംശയം.

പ്രകൃതിയോടൊപ്പമുള്ള ഒരു തീർത്ഥാടന കേന്ദ്രം!

Thanks

റിറ്റ ഡൽഹി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments