Sunday, December 22, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 8)

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 8)

റെക്സ് റോയി

അധ്യായം 8

‘ഞാൻ എങ്ങനെ അത് ചെയ്യും?

നാൻസി തന്ന ലിസ്റ്റിലൂടെ കണ്ണോടിച്ച എനിക്ക് ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. അതിലെ ചില പേരുകൾ . ഒന്ന് , എൻ്റെയൊരു അടുത്ത സുഹൃത്തിൻ്റേതാണ് . അവൻ ഇന്നൊരു എംപി ആണ് . അഴിമതിയുടെ കറ പുരളാത്ത ക്ലീൻ ഇമേജ് ഉള്ളവൻ. അവനെപ്പോലെ തന്നെ ക്ലീൻ ഇമേജുള്ള സമൂഹത്തിലെ പല ഉന്നതന്മാരുടെ പേരുകളും ഗൗതം മുതലാളിയുടെ മാസപ്പടി ലിസ്റ്റിൽ കണ്ടു ഞാൻ ഞെട്ടിത്തരിച്ചു പോയി. ഞാൻ അന്തംവിട്ട് നാൻസിയെ നോക്കി. അവൾ ചോദ്യ ഭാവത്തിൽ എന്നെയും .
” സീ നാൻസി, ഇവരുടെയൊന്നും ഒറിജിനൽ പേരുകൾ എനിക്ക് നോവലിൽ ചേർക്കാൻ ഒക്കില്ല.”
” വേണ്ട തോമസ് . ആ ലിസ്റ്റ് താങ്കളെ ഏൽപ്പിക്കാൻ പറഞ്ഞ് മുതലാളി തന്നതാണ്. മുഴുവൻ അതേപടി ചേർക്കാനല്ല . താങ്കൾക്ക് ഒരു ഏകദേശ ഐഡിയ കിട്ടാൻ വേണ്ടിയിട്ടാണ്.”
ഞാൻ ആ ലിസ്റ്റും പിടിച്ച് അന്തം വിട്ടുനിന്നു . നാൻസി ഒരു ചെറുപുഞ്ചിരിയോടെ മേശയ്ക്ക് നേരെ ആംഗ്യം കാട്ടി. ഞാനും മേശയിലേക്ക് നോക്കി. ഷിവാസ് റീഗലിന്റെ ഒഴിഞ്ഞ കുപ്പി മാറ്റി പുതിയൊരു കുപ്പി രാവിലെ ഭക്ഷണം കൊണ്ടുവന്നവർ വെച്ചിരുന്നു. നാൻസി അതിനടുത്തേക്ക് ചെന്നു. രണ്ടു ഗ്ലാസ്സിലായി വിസ്കി പകർന്നു . എന്നിട്ട് രണ്ടു ഗ്ലാസുമെടുത്ത് എൻ്റെ അടുത്തേക്ക് വന്ന് ഒന്ന് എനിക്ക് നീട്ടി. എൻ്റെ കണ്ണ് വാതിക്കൽ നിൽക്കുന്ന രണ്ടു തടിയന്മാരുടെ മേൽ പതിച്ചു.
” ദെയ് ആർ ഓൺ ഡ്യൂട്ടി” അതു പറഞ്ഞു ചെറുപുഞ്ചിരിയോടെ നാൻസി തൻ്റെ കൈയിലെ ഗ്ലാസ് ഉയർത്തി. ഞാനും എൻ്റെ ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറഞ്ഞു. നാൻസി വളരെ കുലീനതയോടെ ആ വിസ്കി നുണയുന്നത് നോക്കിക്കൊണ്ട് ഞാൻ എന്റെ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു.
” തോമസിന് പേടിയുണ്ടോ ?” ഒട്ടും പ്രതീക്ഷിക്കാതെ പൊടുന്നനെയാണ് അവൾ അതു ചോദിച്ചത്. എൻ്റെ കയ്യിൽനിന്നു ഗ്ലാസ് ഇപ്പോൾ താഴെ വീണേനെ!
” വാട്ട്? ……. എന്താ നാൻസി അങ്ങനെ ചോദിച്ചത് ?
” ഒന്നുമില്ല തോമസ്. ചുമ്മാ ചോദിച്ചതാ. ജസ്റ്റ് റിലാക്സ് . അദ്ദേഹം പറയുന്ന പോലെയൊക്കെ അങ്ങു ചെയ്തു കൊടുത്താൽ മതി. താങ്കൾക്ക് ഒന്നും സംഭവിക്കില്ല.”

ചെയ്തു കൊടുത്തില്ലെങ്കിലോ ? ചെയ്തു കൊടുത്തില്ലെങ്കിൽ എന്ത് സംഭവിക്കും? അങ്ങനെ ഞാൻ ചോദിച്ചില്ല. ചോദിക്കേണ്ട ആവശ്യമില്ലല്ലോ! എനിക്കറിയാവുന്നതല്ലേ !

” തോമസ് ഒരിക്കൽ ചോദിച്ചില്ലേ ആരാണ് ആ ഫയൽ പ്രിപ്പെയർ ചെയ്തതെന്ന് ? എന്റെ ഹസ്ബൻഡ് ആണ് ആ ഫയൽ ഉണ്ടാക്കിയത്. അദ്ദേഹം ഗൗതം മുതലാളിയുടെ സെക്രട്ടറിയായിരുന്നു. ആത്മകഥ എഴുതണമെന്ന് മുതലാളിയുടെ തലയിൽ കയറിയപ്പോൾത്തന്നെ ഇങ്ങനെയൊരു ഡോക്കുമെൻ്റ് ഉണ്ടാക്കിയെടുക്കാൻ എൻ്റെ ഹസ്ബന്റിനെ അദ്ദേഹം ഏൽപ്പിച്ചു. എഴുത്തുകാരന് കാര്യങ്ങൾഎളുപ്പമായിരിക്കുമല്ലോ. അതിലെ കാര്യങ്ങൾ മിക്കവാറുമെല്ലാം മുതലാളി തന്നെ പറഞ്ഞു തന്നതാണ്.”

ഹസ്ബന്റാേ ? നാൻസിയുടെ കല്യാണം കഴിഞ്ഞതാണെന്നോ ?

” ഹോ …. അല്ല …. ഞാൻ വിചാരിച്ചു ….”
” എന്താ തോമസ് ?”
” ഇല്ല …ഒന്നുമില്ല …. അതല്ല …. അതായത് ഈ ഫയലിലെ ഒരുപാട് കാര്യങ്ങൾ …. ഐ മീൻ, ഒരുപാട് ആരോപണങ്ങൾ, വിവാദമുണ്ടാക്കാൻ സാധ്യതയുണ്ട്. അതുമാത്രമല്ല പലതും മുതലാളിയെ വൻ നിയമക്കുരുക്കിൽ പെടുത്താൻ സാധ്യതയുള്ളതുമാണ്.” ഒന്ന് നിർത്തിയ ശേഷം ഞാൻ തുടർന്നു ” അതാ ഞാൻ അങ്ങനെ ചോദിച്ചത്.”
” അതൊക്കെ ഇലയ്ക്കും മുള്ളിനും കോട്ടം തട്ടാത്ത രീതിയിൽ എഴുതി ഉണ്ടാക്കുകയാണ് താങ്കളുടെ ജോലി.”
” ഓക്കേ , ഓക്കേ, എന്നെക്കൊണ്ട് കഴിയുന്നതുപോലെ ഞാൻ ശ്രമിക്കാം.” ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് നാൻസിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം അല്പം കനത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വിഷയം മാറ്റാം, അതാ നല്ലത്. കൂടുതൽ ചോദിച്ച് പണി വാങ്ങണ്ട.

” അപ്പോൾ നാൻസിയുടെ ഭർത്താവും മുതലാളിയുടെ സെക്രട്ടറി ആണല്ലേ.”
ഒരു സങ്കട ഭാവം അവളുടെ മുഖത്ത് നിഴലിട്ടോ ?
” ആയിരുന്നു. മരിച്ചുപോയി” അത് പറഞ്ഞ് അവൾ കണ്ണു തുടച്ചു .
” ഹോ , സോറി നാൻസി … അയാം വെരി സോറി. എനിക്കറിയില്ലായിരുന്നു.”
” സാരമില്ല തോമസ്.” അവൾ തൻ്റെ ബാഗിൽ നിന്ന് ഒരു കർച്ചീഫ് എടുത്ത് മുഖം തുടച്ചു. അല്പം ദൈന്യത നിറഞ്ഞ പുഞ്ചിരിയോടെ അവൾ എൻ്റെ മുഖത്തേക്ക് നോക്കി.
” ഈ ആത്മകഥയുടെ ഐഡിയ മുതലാളിക്ക് എവിടുന്നാണ് കിട്ടിയതെന്ന് തോമസിന് അറിയാമോ ?”
” യേസ് , അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ എതിരാളി മഹേഷ് തൻ്റെ ആത്മകഥയിൽ മുതലാളിയെ അവഹേളിച്ചുകൊണ്ട് എഴുതിയതിൽ നിന്നല്ലേ ?”
” അതെയതെ. വാളെടുത്തവനെ വാളാൽ വെട്ടണം എന്നാണ് മുതലാളിയുടെ നയം. പിന്നെ എല്ലാം ക്ലിയർ ചെയ്യണം.”
” ക്ലിയർ ചെയ്യുകയോ ? എന്ത് ?”
” ചീത്ത പേരുകൾ, ആരോപണങ്ങൾ, ക്രിമിനൽ കേസുകൾ അങ്ങനെയെല്ലാം . ഹി വാണ്ട്സ് എ കമ്പ്ലീറ്റ് മേക്ക് ഓവർ .”
” ബട്ട് ഹൗ ?”
” ദാറ്റ്സ് യുവർ റെസ്പോൺസിബിലിറ്റി തോമസ്. അതാണ് നിങ്ങളുടെ ദൗത്യം.” അതും പറഞ്ഞ് തന്റെ കയ്യിലെ ഒഴിഞ്ഞ ഗ്ലാസ് നാൻസി മേശപ്പുറത്ത് കൊണ്ടവച്ചു.
” ബൈ, എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ” ഇൻറർകോമിലേക്ക് വിരൽ ചൂണ്ടിയാണ് അവൾ അത് പറഞ്ഞത്.
അതിമനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൾ വാതിലിനു നേർക്കു നടന്നു. പുറകെ അത്രയും നേരം പ്രതിമ പോലെനിന്ന രണ്ടു തടിയന്മാരും .
ഞാൻ എൻ്റെ കയ്യിലിരിക്കുന്ന ലിസ്റ്റിലേക്ക് കുറെ നേരം നിർവികാരതയോടെ നോക്കി നിന്നശേഷം ഗ്ലാസ് വീണ്ടും നിറച്ചു.

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments