സ്നേഹ സന്ദേശം
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
” Always look on the bright side of life..”
– Eric Idle
“എപ്പോഴും ജീവിതത്തിന്റെ നല്ല വശങ്ങളെ നോക്കിക്കാണുക”
1943 ൽ ഇംഗ്ലണ്ടിൽ ജനിച്ച Eric Idle പിൽക്കാലത്ത് ഗായകൻ, എഴുത്തുകാരൻ, അഭിനേതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായി.
Monty Python എന്ന ബ്രിട്ടനിലെ കോമഡി ട്രൂപ്പ് 1979 ൽ പുറത്തിറക്കിയ Life of Brian എന്ന സിനിമയിലെ വരികളാണ്
“Always look on the bright side of life.”
ഇന്നും ബ്രിട്ടനിലെ ഫുട്ബോൾ മത്സരങ്ങൾക്കു മുമ്പും മരണാനന്തര ചടങ്ങുകളിലും ആലപിക്കുന്നു എന്നത് അത്രയേറെ അർത്ഥപൂർണ്ണമാണ് ഈ ഗാനം എന്നതിനാലാണ്.
ഇരുളും വെളിച്ചവും ജീവിതത്തിൻ്റെ ഇരുവശങ്ങളിലുമായി നിലകൊള്ളുമ്പോൾ ഏത് ദിശയിലേക്ക് നോക്കണം എന്നറിയാതെ നിൽക്കുന്നവർക്ക് ദിശാബോധം നൽകുന്നതാണ് ദീർഘമായ ഗാനത്തിൻ്റെ തുടർന്നുള്ള വരികളും.
ജീവിതം സന്തോഷവും സന്താപവും ഇടകലർന്നതെന്നും വിഷമതകളും പ്രതിസന്ധികളും ജീവിതത്തിൽ ഉണ്ടാവുമ്പോൾ ആ വശത്തേക്ക് മാത്രം നോക്കാതെ, അതു മാത്രം ഓർത്ത് നിരാശയിലും ദു:ഖത്തിലും കഴിയാതെ “എപ്പോഴും ജീവിതത്തിന്റെ നല്ല വശങ്ങളെ നോക്കിക്കാണുക” എന്ന് പാടിക്കൊണ്ട് സരസമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ രംഗങ്ങൾ ഇന്നും പുതുമയോടെ നിലനിൽക്കുന്നു..
ഏത് വശത്തേക്ക് നാം നോക്കുന്നു എന്നതാണ് പ്രധാനം..
ലഭിച്ചിരിക്കുന്ന ജീവിതത്തിൻ്റെ ഇരു വശങ്ങളിലേക്കും നോക്കിയാൽ ഒരു ഭാഗം നഷ്ടങ്ങളുടേയും വേദനിപ്പിക്കുന്ന അനുഭവങ്ങളുടേതും മാത്രമാവാം…
ഇരുൾ മൂടിക്കിടക്കുന്ന വശത്തു നിന്ന് മറുവശത്തേക്ക് നോക്കിയാൽ പ്രതീക്ഷയുടേയും സന്തോഷത്തിൻ്റേയും പ്രകാശം കാണാം…
ഇരുളിലേക്ക് മാത്രം നോക്കിയിരിക്കുമ്പോൾ നോക്കുന്നവരുടെ മുഖവും ഇരുണ്ടു പോകുന്നു.
പ്രകാശത്തിലേക്ക് തല തിരിച്ച് നോക്കുമ്പോൾ നോക്കുന്നവരുടെ മുഖവും പ്രകാശിക്കുന്നു..
എതിർ വശത്ത് വെളിച്ചമുണ്ട് എന്ന് അറിയാതെ ഇരുൾ മൂടിയതാണ് ജീവിതം എന്ന് ചിന്തിച്ച് ശിഷ്ട ജീവിതം ജീവിച്ചു തീർക്കുകയാണ് പലരും.
, ജീവിതത്തിൻ്റെ നല്ല വശങ്ങൾ മാത്രം നോക്കിക്കാണുക.. മറുവശത്തേക്ക് നോക്കാതെ മുഖം തിരിക്കുക..
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നോക്കുമ്പോൾ ഒരു ചെറുപുഞ്ചിരി മുഖത്ത് വിരിയാതിരിക്കില്ല..
എല്ലാ സൗഹൃദങ്ങൾക്കും സ്നേഹപൂർവ്വം ശുഭദിനാശംസകൾ ..