എല്ലാവരും എഴുതാറുണ്ട്. തനിക്ക് പേരും പ്രശസ്തിയും വേണമെന്ന് ആഗ്രഹിക്കാറുണ്ട്. എല്ലാവരാലും അറിയപ്പെടണമെന്നും മോഹിക്കാറുണ്ട്. അത് സ്വാഭാവികമാണ്.
എന്നാൽ തനിക്കുള്ള കഴിവുകൾ തന്നെക്കാൾ കൂടുതലായി തൻറെ പ്രിയപ്പെട്ടവർക്കും ഉണ്ടാവണമെന്ന്കൂടി ആഗ്രഹിച്ചുപോയിട്ടുണ്ടോ?
എങ്കിൽ എൻറെ എഴുത്തിൻറെ വഴികളിൽ വിടർന്ന് പരിമളം ചൊരിഞ്ഞ ചില പുണ്യപുഷ്പങ്ങളുണ്ട്. അത് നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഇപ്പോൾ ഞാൻ ആഗ്രഹിച്ചുപോവുന്നു…
അതിലേക്കായി ..
…ഇനി പറയുന്നത് മേരി ജോസിയാണ്.🌹
♥️”ലോക്ഡൗൺ കാലത്തെ വിരസതയകറ്റാൻ ‘എഴുത്ത്’ പൊടി തട്ടിയെടുത്ത ഒരാൾ മാത്രമാണ് ഞാൻ. അതുവരെ എഫ് ബി യിൽ കിടന്ന് അർമാദിച്ചിരുന്ന ഞാൻ എഴുതിത്തുടങ്ങിയത് ‘സംസ്കൃതി ഫെയ്സ്ബുക്ക് എഴുത്തു കൂട്ടായ്മ’, ‘ആർഷഭാരതി’ എന്നീ ഗ്രൂപ്പുകളുടെ അഡ്മിൻ ആയ നിർമ്മല അമ്പാട്ട് മാഡത്തിന്റെ പ്രേരണമൂലം ആയിരുന്നു. കൃത്യമായി ആ ഗ്രൂപ്പിലെ എല്ലാവർക്കും ലൈക്കും കമന്റും കൊടുക്കുന്നതുകൊണ്ടാകാം മാഡം ഒരു മോഡറേറ്റർ പദവി തന്ന് എന്നെ അവിടെ നിയമിച്ചു. താമസിയാതെ ഒരു അഡ്മിൻ പോസ്റ്റും. ആർഷഭാരതിയിൽ ‘ഗാനം മോഹനം’ എന്ന ഒരു പംക്‌തി ആഴ്ചയിലൊരു ദിവസം അവതരിപ്പിച്ചിരുന്നത് ശ്രീ വാസുദേവൻ ആയിരുന്നു. ഇനി മുതൽ ആ പംക്തി കൈകാര്യം ചെയ്യേണ്ടത് മേരി ആണെന്ന് പറഞ്ഞതോടെ പന്തം കണ്ട പെരുച്ചാഴിയുടെ അവസ്ഥയായി എന്റേത്. ആദ്യമായി ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചപ്പോൾ എങ്ങനെ നിർമല മാഡത്തിനോട് സാധിക്കില്ല എന്ന് പറയും? എന്നെ കുഴയ്ക്കുന്ന പ്രശ്നം തന്നെയായി.
യേശുക്രിസ്തുവിൻറെ സ്മരണകളുണർത്തുന്ന ഭക്തിസാന്ദ്രമായ ഇഷ്ട ഗാനത്തെക്കുറിച്ച് എഴുതാൻ ഒരാളെ കണ്ടുപിടിക്കണം, ആ ആളെ കൊണ്ട് അത് എഴുതിപ്പിച്ച് നിശ്ചിത ദിവസത്തിൽ അത് ‘ആർഷഭാരതി’യിൽ പോസ്റ്റ് ചെയ്യണം. ദൈവമേ! എൻറെ എഫ് ബി ഫ്രണ്ട്സിനെ മുഴുവൻ ഞാൻ ഓടിച്ചു നോക്കി.
നറുക്ക് വീണത് ലൗലിയ്ക്കായിരുന്നു. ഉടനെ മെസ്സഞ്ചറിൽ കോൺടാക്ട് ചെയ്തു. ഞങ്ങളുടെ കുടുംബത്തിലേക്ക് വിവാഹം ചെയ്തു കൊണ്ടുവന്ന ഈ പെൺകുട്ടിയുടെ ചില കുസൃതി എഴുത്തുകൾ ഞാൻ മുമ്പേ ശ്രദ്ധിച്ചിരുന്നു. സന്തോഷത്തോടെ എൻറെ ആവശ്യം അംഗീകരിച്ചു, സഹകരിച്ചു… അങ്ങനെ ലൗലിയുടെ സഹായത്തോടെ ഞാൻ ഭംഗിയായി ആ പംക്‌തി ആദ്യമായി കൈകാര്യം ചെയ്തു. അതൊരു തുടക്കമായിരുന്നു. പിന്നെ മറ്റനേകം പേരെ ഇതുപോലെ കണ്ടെത്തി ഞാനാ പംക്‌തി വളരെക്കാലം തുടർന്നു.
വളർന്നു പന്തലിക്കാൻ സഹായകമായ ഒരു പുതു മഴയായിരുന്നു “♥️
മേരി ജോസി ഇങ്ങിനെ പറയുന്നു…..
ആരാണ് മേരിജോസി?
ഞാൻ ഒരു റൈറ്റേഴ്‌സ് ഫോറത്തിന്റെ അഡ്മിനായി സേവനമനുഷ്ഠിക്കുന്ന കാലം. മേരിജോസി ഗ്രൂപ്പിൽ ഒരു എഴുത്തുകാരിയായി വന്നു. നർമ്മരസമുള്ള അനുഭവകഥകൾ എഴുതി ഗ്രൂപ്പിനെ പുഷ്‌കലമാക്കി . അന്ന് ഞാൻ എല്ലാവരെയും ശ്രദ്ധിക്കുന്നപോലെമാത്രമേ മേരിയെയും കരുതിയുള്ളൂ. കാരണം എനിക്ക് ഹെവി വർക്കായിരുന്നു ഗ്രൂപ്പിൽ. ഗ്രൂപ്പിന്റെ എല്ലാ ചുമതലയും എനിക്ക്. എല്ലാം ഞാൻ നോക്കിക്കോളാം ഒപ്പം നിന്നാൽ മതിയെന്ന് ഉടമ്പടിയോടെയാണ് അന്നാ ഗ്രൂപ്പ് തുടങ്ങിയത്.
അങ്ങിനെ ഗ്രൂപ്പ് പച്ചപിടിച്ച് താരും തളിരും വിടർത്തി പൂവിട്ട സമയത്തായിരുന്നു, ഗ്രൂപ്പിൽ ചില വ്യക്തികൾ വന്നുകയറിയത്. അതോടെ ഗ്രൂപ്പിനുള്ളിൽമറ്റൊരുഗ്രൂപ്പ് വളർന്നു.. അതെനിക്കെതിരായി ആയിരുന്നു. എനിക്കെതിരെ ദുരരോപണങ്ങളുണ്ടാക്കി എന്നെ എടുത്തു പുറത്തിട്ടു. ഞാൻ മാത്രമല്ല ഗ്രൂപ്പിൻറെ ടെക്നിക്കൽ ശിൽപ്പിയെയും സഹ അഡ്മിനെയും എടുത്ത് പുറത്തിട്ടു.
ഗ്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന എന്നോട് ചെയ്ത ഈ കൊടുപാതകം ഞാൻപറയാതെ മനസിലാക്കി എന്നോടൊപ്പം അന്ന് പടിയിറങ്ങിയ മേരിജോസി എന്ന പെൺകുട്ടി….!
അവൾ എത്രമാത്രം വലിയവളായിരുന്നു എന്നുപോലും വിഡ്ഢിയായ ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
നേരും നെറിയും തിരിച്ചറിയാൻ എല്ലാവർ ക്കും പെട്ടെന്ന് കഴിയില്ല. നന്മയുള്ളവർക്കേ അതിന് കഴിയൂ. ഇന്ന് എഴുത്തിൻറെ വഴിയിൽ അവൾ ഒരുപാട് ഉയരത്തിലാണ്. എഴുത്തിലേക്ക് ശക്തമായി പിടിച്ചുകൊണ്ടുവരാൻ എൻറെ കൈകൾക്കായെന്ന് അവൾ പറഞ്ഞ നിമിഷം., അല്ലെങ്കിൽ ഞാനതിന് നിമിത്തമായെന്ന് ഞാനറിഞ്ഞ നിമിഷം… അതായിരുയിരുന്നു എന്റെ അവാർഡ്..!മേരിയെപ്പറ്റി പറയാൻ ഇനിയുമുണ്ട് ഒരുപാട് .
പ്രിയമുള്ളവരേ .. എന്റെ എഴുത്തിൻറെ വഴികളിലെ പുണ്യപുഷ്പങ്ങളെക്കൊണ്ട് ഞാൻഒരുപൂമാല കോർത്തെടുക്കട്ടെ.
നന്മ പൂത്ത പൂമരങ്ങൾ ഇനിയുമുണ്ട്.
നമ്മൾ എല്ലാവരും ഇതുപോലെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ?