Monday, October 14, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (14) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (14) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

“അക്ഷരത്തെറ്റുകൾ പലതുണ്ട്.വാക്യങ്ങളുടെ ഘടന പലപ്പോഴും ശരിയല്ല.ആശയങ്ങൾക്കു കഴമ്പില്ല.”

ചിരപുരാതനനും ശിഷ്യവാത്സല്യം ഉള്ളവനും ആത്മാർത്ഥമായി പണിയെടുത്ത് ക്ഷയരോഗം ക്ഷണിച്ചു വരുത്തുന്നവനുമായ പഴയൊരു ഗുരുനാഥൻ ശിഷ്യന്റെ രചനാ പുസ്തകത്തിൽ നൽകിയ കുറുപ്പടിയാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

കാലം മാറുന്നുവെന്നും പഴയ കാർക്കശ്യം വേണ്ടെന്നും തോന്നിയതു കൊണ്ടാണ് അദ്ദേഹം അവസാന വാക്യം എഴുതിപ്പോയത്.

എങ്കിലും കുഴപ്പമില്ല എന്ന വാക്യത്തിലുണ്ടല്ലൊ എല്ലാ കുഴപ്പങ്ങളും !

ഗുരുനാഥൻമാർ മാറി അദ്ധ്യാപകർ മാത്രമായി അവതരിച്ചവർ സർവ്വതും കുഴപ്പമാണെന്നു മനസ്സിലാക്കാൻ സമയശേഷീശേമുഷികൾ ഇല്ലാത്തവരെ കണ്ടും കേട്ടും വണങ്ങിയും ജീവിതം തള്ളി നീക്കിയപ്പോൾ വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞു ചിതറി.കഠിനാദ്ധ്വാനികളായ കുട്ടികളെ നിരുത്സാഹപ്പടുത്തുന്ന മാർക്കു ദാനം നുറു മേനി കൊയ്തു!!

അക്ഷരത്തെറ്റ് എത്രയായാലെന്താ ? കുട്ടി ആശയം ഗ്രഹിച്ചിട്ടില്ലേ ?? അഥവാ ഗ്രഹിച്ചിട്ടുണ്ടെന്ന് ഊഹിച്ചങ്ങു മാർക്കു കൊടുക്കരുതോ ??? വിചക്ഷണൻമാരുടെ നിർദേശം തള്ളിക്കളയാൻ നമുക്കാവതോ !!!!!

അക്ഷരശ്ശരികൾക്കും ആശയവ്യക്തതയ്ക്കും പഴയ ദിശാസൂചികൾ വീണ്ടും പുതുക്കി നൽകി കുട്ടികളെ യഥാർത്ഥ ലക്ഷ്യത്തിലേയ്ക്ക് നയിക്കേണ്ടതാണ്….

ക്ഷരം = നാശം.
അക്ഷരം നാശമില്ലാത്തത്.

അണ്ഡം = മുട്ട

മുട്ടയാണൊ കോഴിയാണൊ ആദ്യമുണ്ടായത്?

പണ്ട് പ്രസ്തുത വിഷയത്തിൽ ധാരാളം പരിഷത് താർക്കികരും ഗ്രാമീണ യുക്തികുശലരും ഒരു പോലെ തർക്കിച്ചിരുന്നു.എന്നിട്ടോ ?

അധരവ്യായാമം ! അധരവ്യായാമം !! അല്ലാതെന്താ!!!

ഇന്ന് രാഷ്ട്രീയക്കാർ തർക്ക മാർക്കറ്റ് കുത്തകയാക്കുകയും കണ്ഠക്ഷോഭം ജനായത്തത്തിലേക്കുള്ള കുറുക്കു വഴിയാവുകയും കുറുക്കുവഴിയിൽ ജംബൂക ജാഥകൾ വഴികൾക്ക് അട വയ്ക്കുകയും ചെയ്തപ്പോൾ മേല്പടിയാൻമാരുടെ വായ്നാറ്റം സാദാ താർക്കികരുടെ തലയാട്ടമായി മാറി പോൽ !!!!

(ചിലേടങ്ങളിൽ മുടിയാട്ടമെന്നുമാം)

അണ്ഡകടാഹത്തിനുള്ളിലെ ബ്രഹ്മാണ്ഡത്തിൻ മുട്ട !!!

( അണ്ഡവും മുട്ടയും ഒന്നല്ലിയോ ?????)

മുട്ട വിരിഞ്ഞ് ഇക്കാണായ ചരാചര പ്രപഞ്ചം ഉണ്ടായി എന്ന അറിവ് വെള്ളി വെളിച്ചത്തിൽ ഇന്നുള്ളവർ ഉൾക്കൊണ്ടതു കൊണ്ട്
ആദ്യം മുട്ടയാണ് ഉണ്ടായതെന്ന് ഏതു കുട്ടിയും പറയും.

അല്പം ഹിന്ദി….
മുർഗി അണ്ഡാ ദേത്തി ഹെ…..

പൈതൃകം

പ്രപിതാമഹൻ, പിതാമഹൻ, പിതാവ് തുടങ്ങിയവരിലൂടെ കിട്ടിയതൊക്കെ പൈതൃകത്തിൽ പെടും. നമ്മുടെ തനിമകൾ അല്ലെങ്കിൽ നമ്മെ നാമാക്കിയ ഉണ്മകൾ
സ്വകാര്യ അഹങ്കാരമെന്നൊക്കെ വിശേഷിപ്പിച്ച് പരിപാലിച്ചിരുന്നു; ഊറ്റം കൊണ്ടിരുന്നു ! പൈതൃകത്തിന്റെ നല്ല വശങ്ങൾ സംരക്ഷിച്ച് അതിനൊത്ത വർത്തന വ്യതിയാനത്തോടെ സമൂഹത്തിൽ ഇട പെട്ടിരുന്നവരെ തറവാടികൾ എന്നു വിശേഷിപ്പിച്ചിരുന്നു.

ചിലരുടെ ആഭിജാത്യം ദിഗന്ത ഭേദിയായി ജനങ്ങളെ അലോസരപ്പടുത്തിയപ്പോൾ
ഇടശ്ശേരി ഗോവിന്ദൻ നായർ ഇടപെട്ടു.

” ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല
മറ്റൊന്നുമൂഴിയിൽ ”

എന്ന് തുറന്നെഴുതിയത് വിരലിലെണ്ണാവുന്നവരുടെ
കണ്ണു തുറപ്പിച്ചു.

ഒരു ചുടു കാടും പൈതൃകമായി കിട്ടിയിട്ടുണ്ടെന്ന് കുമാരനാശാൻ….

” ഇടമിതിഹ ലോകത്തിൻ
പരമാവധി യാണൊരു
ചുടുകാടാണതു
ചൊല്ലാതറിയാമല്ലോ”

ലോകം ആഗോളഗ്രാമമായി മാറുകയും ഉദാരമായ കച്ചവടസാദ്ധ്യതകളിലൂടെ
മുതലാളിത്തം പുതിയ വെട്ടിപ്പിടിത്തങ്ങൾ നടത്തുകയും ചെയ്തപ്പോൾ ആദ്യം വിറ്റു
തുലച്ചത് പൈതൃകമായി രുന്നു !

ഹേയ്…
ഒരാളുടെ ഈടുവയ്പ്പുകളിൽ
പൈതൃകം മാത്രമേയുള്ളോ?

അമ്മ വഴി ഒന്നുമില്ലേ ??

‘മാതൃകം’

വേണ്ടതല്ലേ??
ഉള്ളതൊക്കെ ഭാഷയിൽ കാണേണ്ടതല്ലെ ??? അമ്മമാരേ , ഭാഷയിലെ വിവേചനം നിങ്ങൾ എത്ര വട്ടം കണ്ടിരിക്കുന്നു ,അല്ലേ ??

ഞങ്ങൾ

മലയാളത്തിൽ ഞങ്ങൾ എന്ന വാക്കിന് ലുപ്തം
സംഭവിച്ചുകൊണ്ടിരിക്കുകയാണ്……

‘ഞങ്ങൾ ‘

എന്നു പ്രയോഗിക്കേണ്ടിടത്ത്
‘നമ്മൾ’ കയറി വരുന്നുണ്ട്.

ഭാഷാചരിത്രത്തിൽ പദങ്ങൾക്ക് രൂപത്തിലും അർത്ഥത്തിലും എന്തെന്തു പരിണാമങ്ങൾ !!! ഭാഷയ്ക്കും ജീവനുണ്ട്….

✍സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments