നടൻ സൗബിൻ ഷാഹിർ അടക്കം മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിർമാതാക്കൾക്ക് തിരിച്ചടി.സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരുടെ ഹർജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിനിമയുടെ ലാഭ വിഹിതം നൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്. മരട് സ്വദേശി സിറാജ് വലിയതുറയാണ് പരാതി നൽകിയത്. എന്നാൽ സിറാജ് പണം കൃത്യസമയത്തു നൽകിയില്ലെന്നും ഇതുകാരണം സിനിയുടെ ഷൂട്ടിംഗ് മുടങ്ങുകയും നീണ്ടു പോവുകയും ചെയ്തെന്നാണ് നിർമാതാക്കൾ വാദിച്ചത്.
കേസ് റദ്ദാക്കണമെന്ന ഹർജി നിലനിന്നതു കൊണ്ടാണ് നിർമാതാക്കൾക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹൈക്കോടതി ഹർജി തള്ളിയതനെത്തുടർന്ന് ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.